പതിനഞ്ചുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ് :പ്രതിയുടെ ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി
New delhi, 05 ഓഗസ്റ്റ് (H.S.) തിരുവനന്തപുരം കാട്ടാക്കടയില്‍ പതിനഞ്ചുകാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയുടെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി. പത്താം ക്ലാസ് വിദ്യാര്‍ഥി ആദിശേഖറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസി
Supreme Court


New delhi, 05 ഓഗസ്റ്റ് (H.S.)

തിരുവനന്തപുരം കാട്ടാക്കടയില്‍ പതിനഞ്ചുകാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയുടെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി. പത്താം ക്ലാസ് വിദ്യാര്‍ഥി ആദിശേഖറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി പ്രിയരഞ്ജനാണ് ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ശിക്ഷ താല്‍ക്കാലികമായാണ് മരവിപ്പിച്ചിരിക്കുന്നത്.

ജസ്റ്റിസ് എം.എം. സുന്ദരേഷ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് കേസ് പരിഗണിച്ചത്. തിരുവനന്തപുരം അഡിഷണല്‍ സെഷന്‍സ് കോടതി പ്രിയരഞ്ജന് ജീവപര്യന്തം കഠിനതടവും 10 ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരുന്നത്. എന്നാല്‍ പ്രതി മനപ്പൂര്‍വ്വം കൊലപാതകം നടത്തുക ആയിരുന്നു എന്നതില്‍ സംശയത്തിന്റെ ആനുകൂല്യമാണ് നല്‍കിയിരിക്കുന്നത്.

ആദിശേഖറിനെ കൊലപ്പെടുത്തണമെന്ന ലക്ഷ്യം പ്രതിക്ക് ഇല്ലായിരുന്നുവെന്ന് പ്രിയരഞ്ജനു വേണ്ടി ഹാജരായ അഭിഭാഷക സ്വീന മാധവന്‍ നായര്‍ വാദിച്ചു. കാറിന്റെ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിലാണ് മരണമുണ്ടായതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ശിക്ഷ വിധിച്ച വിചാരണക്കോടതി ഉത്തരവില്‍ തന്നെ പ്രോസിക്യൂഷന്‍ കണ്ടെത്തലുകളില്‍ സംശയം രേഖപ്പെടുത്തുന്നുണ്ടെന്നും പ്രതിഭാഗം വാദിച്ചു. വിചാരണക്കോടതിയുടെ ശിക്ഷയ്‌ക്കെതിരെ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ ആണെന്നും അതില്‍ തീര്‍പ്പ് ഉണ്ടാകുന്നതുവരെ ജാമ്യം അനുവദിക്കണമെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.

പൂവച്ചല്‍ സ്വദേശികളായ അരുണ്‍കുമാറിന്റെയും ദീപയുടെയും മകനായ ആദിശേഖര്‍ (15)നെ പ്രിയരഞ്ജന്‍ മനപൂര്‍വം കാറിടിച്ച് കൊലപ്പെടുത്തി എന്നാണു കേസ്. പൂവച്ചല്‍ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന്റെ മതിലില്‍ പ്രിയരഞ്ജന്‍ മൂത്രമൊഴിച്ചതിനെ ആദിശേഖര്‍ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യത്തില്‍ 2023 ഓഗസ്റ്റ് 30ന് ആദിശേഖറിനെ സുഹൃത്തുക്കള്‍ക്കു മുന്നില്‍ വച്ചാണ് പ്രിയരഞ്ജന്‍ കാറിടിപ്പിച്ചത്. ക്ഷേത്രത്തിനു സമീപത്തെ റോഡില്‍ സൈക്കിളില്‍ കയറാന്‍ ആദിശേഖര്‍ ശ്രമിക്കുന്നതിനിടെ പിന്നിലൂടെ കാറിലെത്തിയ പ്രതി ഇടിച്ചു തെറിപ്പിച്ചശേഷം നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് ആദ്യം കേസെടുത്തത്. കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ മൊഴിയും സിസിടിവി ദൃശ്യങ്ങളുമാണു ആസൂത്രിത കൊലപാതകമാണെന്നു തിരിച്ചറിയാന്‍ കാരണമായത്.

സംഭവത്തിനു ശേഷം കാര്‍ ഉപേക്ഷിച്ച് കുടുംബവുമായി തമിഴ്‌നാട്ടിലേക്ക് കടന്ന പ്രിയരഞ്ജനെ 12 ദിവസത്തിനു ശേഷമാണ് കാട്ടാക്കട പൊലീസ് കന്യാകുമാരി കുഴിത്തുറയില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്നു കണ്ടെത്തിയതായി പൊലീസ് കോടതിയില്‍ അറിയിച്ചിരുന്നു. ആദിശേഖറിനോടു മുന്‍വൈരാഗ്യമുള്ള പ്രിയരഞ്ജന്‍ കൊല്ലണമെന്നു കരുതി കാത്തുനിന്നു കുട്ടിയെ ലക്ഷ്യം വച്ച് വണ്ടി ഇടിപ്പിക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിചാരണക്കോടതി ജീവപര്യന്തം കഠിനതടവിനു ശിക്ഷ വിധിച്ചത്.

---------------

Hindusthan Samachar / Sreejith S


Latest News