Enter your Email Address to subscribe to our newsletters

Bengaluru, 05 ഓഗസ്റ്റ് (H.S.)
ഗളൂരുവിൽ സുഹൃത്തിനെ സന്ദർശിക്കാനെത്തിയ കോഴിക്കോട് സ്വദേശിയായ ഇരുപത്തൊന്നുകാരനെ ആറംഗസംഘം തട്ടിക്കൊണ്ടുപോയി തടങ്കലിൽ വയ്ക്കുകയും നഗ്നചിത്രങ്ങൾ പകർത്തി കുടുംബത്തിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തതായി പരാതി. കോഴിക്കോട് സിവിൽ സ്റ്റേഷൻ ഫ്ലോറിക്കൻ റോഡ് സ്വദേശിയായ യുവാവാണ് തടങ്കലിൽനിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തി ചേവായൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. യുവതി ഉൾപ്പെടുന്ന സംഘമാണ് കുറ്റകൃത്യത്തിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചു.
കഴിഞ്ഞ മാസം 24-നാണ് പരാതിക്കാരനായ യുവാവ് സുഹൃത്തിനെ കാണാനായി ബെംഗളൂരുവിലേക്ക് തിരിഞ്ഞത്. ബെംഗളൂരുവിലെ ഫ്ലാറ്റിൽ സുഹൃത്തിനൊപ്പം താമസിച്ചുവരികയായിരുന്ന യുവാവിനെ മറ്റൊരു സുഹൃത്ത് വിളിക്കുന്നുണ്ടെന്ന് വിശ്വസിപ്പിച്ച് തന്ത്രപരമായി പുറത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് നഗര പ്രാന്തപ്രദേശത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തെ രഹസ്യ കേന്ദ്രത്തിലെത്തിച്ച സംഘം യുവാവിനെ ബലമായി തടഞ്ഞുവെച്ചു.
ഇവിടെവെച്ച് യുവാവിനെ ക്രൂരമായി മർദിക്കുകയും നിർബന്ധപൂർവം നഗ്നചിത്രങ്ങളും ദൃശ്യങ്ങളും പകര്ത്തുകയുമായിരുന്നു. അതിനുശേഷം യുവാവിനെ മോചിപ്പിക്കണമെങ്കിൽ എട്ടു ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഭീഷണിപ്പെടുത്തി. യുവാവിന്റെ ഫോൺ ഉപയോഗിച്ച് തന്നെ പകർത്തിയ നഗ്നചിത്രങ്ങൾ നാട്ടിലുള്ള അമ്മയുടെ വാട്സ്ആപ്പിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ചോദിച്ച തുക ഉടനടി നൽകിയില്ലെങ്കിൽ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.
അതിനിടെ, പ്രതികളുടെ കണ്ണുവെട്ടിച്ച് തടങ്കൽ കേന്ദ്രത്തിൽനിന്ന് അതിസാഹസികമായി രക്ഷപ്പെട്ട യുവാവ് നാട്ടിൽ തിരിച്ചെത്തി ചേവായൂർ പൊലീസിൽ നേരിട്ടെത്തി വിവരങ്ങൾ അറിയിക്കുകയായിരുന്നു. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികളിൽ ഒരു യുവതിയും ഉൾപ്പെട്ടിട്ടുണ്ടെന്നും സംഘത്തിലുള്ളവർ കോഴിക്കോട് സ്വദേശികൾ തന്നെയാണെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് അറിയിച്ചു. മുൻകൂട്ടി ആസൂത്രണം ചെയ്ത ചതിക്കുഴിയാണോ ഇതെന്നും, ഇതിനുപിന്നിൽ വൻ ഹണിട്രാപ്പ്-ബ്ലാക്ക്മെയിലിംഗ് സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടോ എന്നും സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് പരിശോധിച്ച് വരികയാണ്. പ്രതികളുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷനുകളും ഡിജിറ്റൽ തെളിവുകളും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. അന്വേഷണ സംഘം ഉടൻ തന്നെ ബെംഗളൂരുവിലേക്ക് തിരിക്കുമെന്നും കുറ്റവാളികളെ ഉടൻ വലയിലാക്കാൻ സാധിക്കുമെന്നും ചേവായൂർ പൊലീസ് വ്യക്തമാക്കി.
---------------
Hindusthan Samachar / Roshith K