ആറന്മുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; മൂന്നുപേർക്ക് പരുക്ക്, ആരോഗ്യാവസ്ഥ തൃപ്തികരം
pathanamthitta , 05 ഓഗസ്റ്റ് (H.S.) ത്തനംതിട്ട: ആറന്മുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. പത്തനംതിട്ട ഓമല്ലൂർ പുത്തൻപീടിക ഷട്ടർ മുക്കിന് സമീപം ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു അപകടം നടന്നത്. എംഎൽഎ ഉൾപ്പെടെ വാഹനത്തിലുണ്ടായിരു
ആറന്മുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; മൂന്നുപേർക്ക് പരുക്ക്, ആരോഗ്യാവസ്ഥ തൃപ്തികരം


pathanamthitta , 05 ഓഗസ്റ്റ് (H.S.)

ത്തനംതിട്ട: ആറന്മുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. പത്തനംതിട്ട ഓമല്ലൂർ പുത്തൻപീടിക ഷട്ടർ മുക്കിന് സമീപം ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു അപകടം നടന്നത്. എംഎൽഎ ഉൾപ്പെടെ വാഹനത്തിലുണ്ടായിരുന്ന മൂന്നുപേർക്ക് അപകടത്തിൽ പരുക്കേറ്റു. എന്നാൽ ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതരും പൊലീസും അറിയിച്ചു.

മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പെയ്തിറങ്ങിയ കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയസമാനമായ സാഹചര്യങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും നേരിട്ട് വിലയിരുത്തി ഏകോപിപ്പിച്ച ശേഷം മടങ്ങുകയായിരുന്നു എംഎൽഎ. എഎൽഎ ഓഫീസിലെ ക്രമീകരണങ്ങൾ പൂർത്തിയാക്കി സ്വന്തം വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഓമല്ലൂർ ഭാഗത്തുനിന്നും എതിരെ വന്ന മറ്റൊരു കാർ അപ്രതീക്ഷിതമായി എംഎൽഎ സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും സമീപത്തുണ്ടായിരുന്നവരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. എംഎൽഎയെയും ഒപ്പമുണ്ടായിരുന്നവരെയും ഉടനടി പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനയിൽ കൈയ്ക്കും കാലിനും ചെറിയ രീതിയിലുള്ള ചതവുകൾ മാത്രമാണ് ഉള്ളതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. മറ്റ് ആന്തരിക പരുക്കുകളോ മറ്റ് സങ്കീർണ്ണതകളോ ഇല്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.

ആശുപത്രിയിൽ ആവശ്യമായ നിരീക്ഷണവും പ്രാഥമിക ചികിത്സയും നൽകിയ ശേഷം എംഎൽഎയുടെ ആരോഗ്യാവസ്ഥ തൃപ്തികരമാണെന്ന് മെഡിക്കൽ സംഘം വ്യക്തമാക്കി. ഇന്ന് രാവിലെ തന്നെ എംഎൽഎ ഉൾപ്പെടെയുള്ളവർക്ക് ആശുപത്രി വിട്ട് വീട്ടിലേക്ക് മടങ്ങാൻ സാധിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

മണ്ഡലത്തിൽ തുടർച്ചയായി പെയ്യുന്ന മഴ മൂലം താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാവുകയും നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി മണിക്കൂറുകളോളം പ്രദേശത്ത് ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരികയായിരുന്നു ജനപ്രതിനിധി.

അപകടവിവരമറിഞ്ഞ് നിരവധി ആളുകളും ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും എംഎൽഎയുടെ സൗഖ്യാന്വേഷണത്തിനായി ആശുപത്രിയിലെത്തിയിരുന്നു. അപകടവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എതിരെ വന്ന വാഹനത്തിന്റെ ഡ്രൈവറുടെ ഡ്രൈവിംഗ് വീഴ്ചയാണോ അതോ പ്രദേശത്തെ വെളിച്ചക്കുറവാണോ അപകടത്തിന് കാരണമായതെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.

---------------

Hindusthan Samachar / Roshith K


Latest News