ശബരിമല നെയ്യ് ക്രമക്കേട് അന്വേഷിക്കാന് പ്രത്യേക സംഘം; എം.ജെ. സോജന് അന്വേഷണ ഉദ്യോഗസ്ഥന്
Kochi, 05 ഓഗസ്റ്റ് (H.S.) ശബരിമല ക്ഷേത്രത്തിലേക്ക് മില്‍മയില്‍നിന്നു നെയ്യ് വാങ്ങിയതില്‍ ക്രമക്കേട് നടന്നെന്ന ആരോപണം അന്വേഷിക്കാന്‍ വിജിലന്‍സ് പ്രത്യേകാന്വേഷണ സംഘം. വിജിലന്‍സ് ഡയറക്ടര്‍ മനോജ് ഏബ്രഹ സമര്‍പ്പിച്ച പട്ടികയില്‍നിന്ന് വിജിലന്‍സ് എസ്പി
kerala high court


Kochi, 05 ഓഗസ്റ്റ് (H.S.)

ശബരിമല ക്ഷേത്രത്തിലേക്ക് മില്‍മയില്‍നിന്നു നെയ്യ് വാങ്ങിയതില്‍ ക്രമക്കേട് നടന്നെന്ന ആരോപണം അന്വേഷിക്കാന്‍ വിജിലന്‍സ് പ്രത്യേകാന്വേഷണ സംഘം. വിജിലന്‍സ് ഡയറക്ടര്‍ മനോജ് ഏബ്രഹ സമര്‍പ്പിച്ച പട്ടികയില്‍നിന്ന് വിജിലന്‍സ് എസ്പി എം.ജെ.സോജനെ അന്വേഷണ സംഘത്തലവനായി ഹൈക്കോടതി തീരുമാനിച്ചു. നെയ്യ് ക്രമക്കേടില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്താന്‍ നേരത്തെ ജസ്റ്റിസുമാരായ വി.രാജ വിജയരാഘവന്‍, കെ.വി.ജയകുമാര്‍ എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചിരുന്നു.

അഞ്ച് അംഗങ്ങളാണ് വിജിലന്‍സ് എസ്പിക്കു പുറമെ ടീമിലുള്ളത്. വിജിലന്‍സ് ഡിവൈഎസ്പി സി.എസ്.ഹരിയാണ് അന്വേഷണോദ്യോഗസ്ഥന്‍. വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍മാരായ സജി ശങ്കര്‍ എ.എസ്., ശ്രീജിത് എസ്., കിരണ്‍ ടി.ആര്‍, രതീന്ദ്രകുമാര്‍ പി.എസ്. എന്നിവരാണ് അന്വേഷണ സംഘത്തിലുള്ള മറ്റുള്ളവര്‍. വിജിലന്‍സ് ഡയറക്ടറുടെ മുന്‍കൂര്‍ അനുമതിയില്ലാതെ മറ്റ് ഉദ്യോഗസ്ഥരെയാരും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തരുതെന്നും മനോജ് ഏബ്രഹാം നിര്‍ദേശിച്ചിട്ടുണ്ട്. വിജിലന്‍സ് എറണാകുളം സ്‌പെഷല്‍ സെല്‍ എസ്പിയാണ് എം.ജെ.സോജന്‍. അദ്ദേഹത്തിനു പുറമെ വിജിലന്‍സ് സതേണ്‍ റേഞ്ച് എസ്പി ജുവ്വനപ്പുടി മഹേഷ്, ഈസ്റ്റേണ്‍ റേഞ്ച് എസ്പി ആര്‍.ബിനു എന്നിവരുടെ പേരുകളാണ് വിജിലന്‍സ് ഡയറക്ടര്‍ കോടതിക്കു സമര്‍പ്പിച്ചിരുന്നത്.

ലീറ്ററിന് 369 രൂപയ്ക്ക് നെയ്യ് നല്‍കാനാവുമെന്ന് ടെന്‍ഡറില്‍ പങ്കെടുത്ത തമിഴ്‌നാട്ടിലെ സ്ഥാപനം അറിയിച്ചിരുന്നു. ഗുണനിലവാര പരിശോധനയും നടത്തി. എന്നാല്‍ മികച്ചത് മില്‍മയുടെ നെയ്യാണെന്ന എക്‌സിക്യൂട്ടീവ് ഓഫിസറുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ലീറ്ററിന് 510 രൂപയ്ക്ക് മില്‍മയുടെ നെയ്യ് വാങ്ങാന്‍ ബോര്‍ഡ് തീരുമാനിച്ചു. ഒരു യൂണിറ്റ് അരവണയ്ക്ക് 10 ലീറ്റര്‍ നെയ്യുടെ സ്ഥാനത്ത്, മില്‍മ നെയ്യ് 7 ലീറ്റര്‍ മതിയാകുമെന്നാണ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ബോര്‍ഡിനെ അറിയിച്ചത്. കൂടിയ തുകയടക്കം ചൂണ്ടിക്കാട്ടി ദേവസ്വം കമ്മിഷണര്‍ എതിര്‍ത്തെങ്കിലും ബോര്‍ഡ് പ്രസിഡന്റായിരുന്ന പി.എസ്.പ്രശാന്തും അംഗം അജികുമാറും മില്‍മയെ അനുകൂലിക്കുകയും മറ്റ് ടെന്‍ഡറുകള്‍ റദ്ദാക്കുകയും ചെയ്തു.

മില്‍മയില്‍നിന്ന് നെയ്യ് വാങ്ങിയതിലൂടെ ദേവസ്വം ബോര്‍ഡിന് 2.27 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് ദേവസ്വം വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. സന്നിധാനത്ത് നെയ്യ് ലഭ്യമായപ്പോള്‍ ഗുണമേന്‍മ പരിശോധനകള്‍ നടത്തിയതു സംബന്ധിച്ചു രേഖകളില്‍നിന്നു വ്യക്തമാകുന്നില്ലെന്ന് വിജിലന്‍സ് ഓഫിസര്‍ അറിയിച്ചിരുന്നു. നെയ്യ് പൂര്‍ണമായും ശബരിമലയില്‍ എത്തിച്ചോ എന്നതിനെ സംബന്ധിച്ചും സംശയമുണ്ട്. പുണെയിലെ ഡയറിയില്‍നിന്നു മില്‍മ നെയ്യ് വാങ്ങിയതിനെക്കുറിച്ചും വിജിലന്‍സ് ഓഫിസര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതി ഇക്കാര്യത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്താന്‍ വിജിലന്‍സിനു നിര്‍ദേശം നല്‍കിയത്.

നെയ്യ് പരിശോധിക്കാതെ വാങ്ങിയതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വിഷയത്തില്‍ ദേവസ്വം കമ്മിഷണറുടെ എതിര്‍പ്പ് മറികടന്നത് എങ്ങനെയെന്നും ചോദിച്ചു.1.65 ലക്ഷം ലിറ്റര്‍ നെയ്യ് യാതൊരുവിധ ശാസ്ത്രീയ പരിശോധനയും ഇല്ലാതെയാണ് മില്‍മയില്‍നിന്ന് വാങ്ങിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഗുണനിലവാരം ഉറപ്പാക്കാതെ ഇത്രയും വലിയ അളവില്‍ നെയ്യ് എങ്ങനെ സന്നിധാനത്ത് എത്തിച്ചുവെന്നതില്‍ ഹൈക്കോടതി വ്യക്തത തേടിയിട്ടുണ്ട്. നെയ്യ് ഇടപാടിലെ ക്രമക്കേട് സംബന്ധിച്ച് ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി നടപടികള്‍.

---------------

Hindusthan Samachar / Sreejith S


Latest News