Enter your Email Address to subscribe to our newsletters

Thiruvananthapuram , 06 ഓഗസ്റ്റ് (H.S.)
സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾ ശക്തമാക്കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് കേരളത്തിൽ പരക്കെ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. സാഹചര്യത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഏഴ് ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ടും, ബാക്കി ഏഴ് ജില്ലകളിൽ യെലോ അലർട്ടുമാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിലാണ് ശക്തമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് നൽകിയിട്ടുള്ളത്. ഈ ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങളിലും മലയോര മേഖലകളിലും പ്രത്യേക ജാഗ്രത ആവശ്യമാണ്. തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
എട്ടാം തീയതി വരെ ശക്തമായ മഴ തുടരും
നിലവിലെ കാലാവസ്ഥാ നിരീക്ഷണങ്ങൾ അനുസരിച്ച് എട്ടാം തീയതി വരെ സംസ്ഥാനത്ത് മഴ ശക്തമായി തുടരും. എട്ടാം തീയതിക്ക് ശേഷവും മഴയുടെ പ്രഭാവം പൂർണ്ണമായി കുറയില്ലെന്നും വരുന്ന ആഴ്ചയിലും സംസ്ഥാനത്ത് നല്ല രീതിയിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. തുടർച്ചയായ ദിവസങ്ങളിൽ മഴ പെയ്യുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാനും മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയേറെയാണ്.
മൽസ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
കേരള തീരത്ത് ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാൽ കേരളതീരത്തു നിന്ന് കടലിൽ പോകുന്നതിന് അധികൃതർ സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. തീരദേശ മേഖലകളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിൽ താമസിക്കുന്നവരും ഉയർന്ന തിരമാല ഭീഷണിയുള്ള പ്രദേശങ്ങളിലുള്ളവരും ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
ചൈന കടലിലെ ചുഴലിക്കാറ്റ് നിരീക്ഷണത്തിൽ
അതേസമയം, ചൈന കടലിൽ രൂപപ്പെട്ട് ശക്തിപ്രാപിക്കുന്ന ചുഴലിക്കാറ്റ് കാലാവസ്ഥാ ശാസ്ത്രജ്ഞർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഈ ചുഴലിക്കാറ്റിന്റെ ചലനങ്ങളും അന്തരീക്ഷ വ്യതിയാനങ്ങളും വരും ദിവസങ്ങളിലെ മൺസൂൺ കാറ്റിന്റെ ഗതിയെയും ദക്ഷിണേന്ത്യയിലെ മഴ ലഭ്യതയെയും സ്വാധീനിക്കാൻ സാധ്യതയുണ്ടോ എന്ന കാര്യത്തിലാണ് പഠനങ്ങൾ നടക്കുന്നത്.
മഴ കനക്കുന്ന സാഹചര്യത്തിൽ നദികളിലും അരുവികളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ജലാശയങ്ങളിൽ ഇറങ്ങുന്നതും മലയോര മേഖലകളിലേക്കുള്ള രാത്രിയാത്രകളും പരമാവധി ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി ജനങ്ങളോട് അഭ്യർത്ഥിച്ചു.
---------------
Hindusthan Samachar / Roshith K