Enter your Email Address to subscribe to our newsletters

Kozhikode , 06 ഓഗസ്റ്റ് (H.S.)
ട്രോളിങ് നിരോധനവും കാറും കോളും നിറഞ്ഞ അന്തരീക്ഷവും മാറിയതോടെ സംസ്ഥാനത്തെ ഹാർബറുകൾ വീണ്ടും സജീവമാകുന്നു. വിഴിഞ്ഞം മുതൽ മഞ്ചേശ്വരം വരെയുള്ള കേരളത്തിലെ 20ലേറെ പ്രധാനപ്പെട്ട ഹാർബറുകൾ പ്രതീക്ഷയിലാണ്. കോഴിക്കോട് ജില്ലയിൽ ട്രോളിങ് നിരോധനത്തിനുശേഷം
മീൻ പിടിത്തത്തിനിറങ്ങിയ ബോട്ടുകൾ തിരിച്ചെത്തിത്തുടങ്ങിയതോടെ ആദ്യം സജീവമായത് ബേപ്പൂരാണ്. ഈ കാലയളവിൽ പ്രധാനമായി ലഭിക്കുന്ന ചെമ്പാൻ മഞ്ഞക്കോര, കലുവാക്കോര, വെമ്പിളി, കൂന്തൾ എന്നിവ വന്നു തുടങ്ങിയത് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
ട്രോളിങ് നിരോധം നീങ്ങിയ ശേഷം ബേപ്പൂർ ഹാർബറിൽ നിന്ന് ആദ്യം കടലിലിറങ്ങിയ ബോട്ടുകളിൽ 40 എണ്ണം കടൽ പ്രക്ഷുബ്ധമായതിനാൽ ഉടൻ തിരിച്ചു കയറിയിരുന്നു. ശേഷിക്കുന്ന ബോട്ടുകളാണ് മത്സ്യവുമായി തിരികെയെത്തുന്നത്.
മൺസൂൺകാല ട്രോളിങ് നിരോധനം നീങ്ങിയ ശേഷം പണിക്കിറങ്ങിയ മത്സ്യബന്ധന ബോട്ടുകൾ തിരിച്ചെത്തി തുടങ്ങിയതോടെ ഹാർബർ വീണ്ടും സജീവമായി. 31നു രാത്രി മീൻപിടിക്കാൻ പോയ ബോട്ടുകളിൽ ആറ് എണ്ണമാണു ഇന്നലെ രാവിലെ മടങ്ങിയെത്തിയത്. കിളിമീൻ 60 കിലോഗ്രാം വരുന്ന ഒരു പെട്ടിക്ക് 5,000 മുതൽ
8,000 രൂപ വരെ വില ലഭിച്ചപ്പോൾ ചെമ്പാനും വെമ്പിളിക്കും കാര്യമായ വില കിട്ടിയില്ല എന്ന് മത്സ്യത്തൊഴിലാളിയായ മൊയ്ദീൻ കോയ പറഞ്ഞു.
ചിലർക്കു കുറച്ചു കൂന്തൽമീൻ ലഭിച്ചു. തുടക്കത്തിൽ കിളിമീൻ പെട്ടിക്ക് 5500 രൂപ വരെ ലഭിച്ചു. ബോട്ടുകൾ കൂടുതൽ എത്തുന്നതോടെ മീൻ വില കുറയും. പ്രതീക്ഷയ്ക്കൊത്തു മീൻ കിട്ടിയിട്ടില്ലെങ്കിലും 52 ദിവസത്തെ നിരോധനത്തിനു ശേഷം പണിക്കു പോയപ്പോൾ കിട്ടിയ മീനിനു മോശമല്ലാത്ത വില ലഭിച്ചതു മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി. വലിയ ബോട്ടുകളാണു കര കയറിയതിൽ ഏറെയും. മറ്റു ബോട്ടുകൾ രണ്ട് ദിവസത്തിനകം തിരിച്ചെത്തും.ഏതാനും ബോട്ടുകൾക്ക് കുറഞ്ഞ തോതിൽ ചെമ്മീനും ലഭിച്ചു. പ്രതികൂല കാലാവസ്ഥയിലും എല്ലാ ബോട്ടുകൾക്കും 50 മുതൽ 150 പെട്ടി മത്സ്യം ലഭിച്ചതിനാൽ വരുംദിവസങ്ങളിൽ മികച്ച മത്സ്യക്കൊയ്ത് പ്രതീക്ഷിക്കുന്നുണ്ട്. കയറ്റുമതി സാധ്യതയുള്ള വലിയ കണവ, ചൂര, ചെമ്മീൻ ഉൾപ്പെടെയുളള മത്സ്യങ്ങൾ ലഭിച്ചു തുടങ്ങിയാൽ വരുമാനം ഗണ്യമായി ഉയരും. രണ്ടും മൂന്നും ആഴ്ചകൾ പുറം കടലിൽ തമ്പടിച്ചുവരുന്ന ബോട്ടുകളും ചൂണ്ടപ്പണിക്കായി പോയ ബോട്ടുകളും വിലയേറിയ മത്സ്യങ്ങളുമായി തീരമടുക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യമേഖല.
അതേസമയം വരും ദിവസങ്ങളിൽ കൂന്തൽ അടക്കമുള്ള കയറ്റുമതി മത്സ്യങ്ങൾ ധാരാളം ലഭിക്കുമെന്ന പ്രതീക്ഷയിലാണു മത്സ്യമേഖല. ബോട്ടുകൾ എത്തിത്തുടങ്ങിയതോടെ തിരക്കേറിയ ഹാർബറിൽ കച്ചവടങ്ങളും തകൃതിയായി. ഇന്ധന പമ്പുകൾ, ഭക്ഷണ ശാലകൾ, സ്പെയർ പാർട്സ് കടകൾ, വലക്കട, ഐസ് വിതരണക്കാർ, ജല വിതരണക്കാർ തുടങ്ങിയ എല്ലാവരും സജ്ജമായതോടെ ഹാർബറിൽ പുത്തനുണർവായി. കയറ്റിറക്ക് തൊഴിലാളികൾ, ഓട്ടോ തൊഴിലാളികൾ എന്നിവരുടെ സജീവ സാന്നിധ്യവും ഹാർബറിലുണ്ട്.
വിവിധ ജില്ലകളിലെ പ്രതീക്ഷ
കേരളത്തിൽ 52 ദിവസത്തെ ട്രോളിങ് നിരോധനം കഴിഞ്ഞ് വലിയ യന്ത്രവൽകൃത ബോട്ടുകൾ കടലിൽ പോയി തിരികെ ഹാർബറുകളിൽ എത്തുമ്പോൾ കിളിമീൻ, ചെമ്മീൻ, കൂന്തൽ, ചെമ്പാൻ അയല എന്നിവയാണ് സാധാരണയായി വൻതോതിൽ ലഭിക്കുന്നത്. മൺസൂൺ കാലത്തെ പ്രജനനത്തിന് ശേഷം കടൽ സമ്പന്നമാകുന്നതിനാൽ ആഴക്കടൽ ബോട്ടുകൾക്ക് മികച്ച രീതിയിൽ ഈ മത്സ്യങ്ങൾ ലഭിക്കാറുണ്ട്.
വിവിധ ഹാർബറുകളിൽ കൂടുതലായി ലഭിക്കുന്ന പ്രധാന മത്സ്യവിഭവങ്ങൾ
ട്രോളിങ് കഴിഞ്ഞ് തിരിച്ചെത്തുന്ന ബോട്ടുകളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഇനങ്ങളിൽ ഒന്നാണ് കിളിമീൻ. കരിക്കാടി, നാരൻ കൊഞ്ച് തുടങ്ങിയ ചെമ്മീൻ ഇനങ്ങൾ ട്രോൾ നെറ്റുകൾ ഉപയോഗിച്ച് വലിയ ബോട്ടുകൾ വൻതോതിൽ ശേഖരിക്കുന്നു.
വിദേശ വിപണിയിൽ വലിയ പ്രിയമുള്ള കൂന്തളും കണവയും ഈ സമയത്ത് ധാരാളമായി ലഭിക്കാറുണ്ട്. ആഴക്കടലിൽ നിന്നും മധ്യവർത്തി കടലിൽ നിന്നും വലിയ ബോട്ടുകൾക്ക് അയലക്കൂട്ടങ്ങൾ കാര്യമായി ലഭിക്കുന്നു. മൾട്ടിഡേ ബോട്ടുകൾ ആഴക്കടലിൽ നിന്ന് ദിവസങ്ങൾ താണ്ടി വരുമ്പോൾ വലിയ ചൂര മീനുകളും കൊണ്ടുവരാറുണ്ട്. കറുത്ത ആവോലിയും വെളുത്ത ആവോലിയും ഇതിനൊപ്പം ചെറിയ അളവിൽ മത്തിയും ബോട്ടുകളിൽ എത്താറുണ്ട്.
ട്രോളിങ് നിരോധനം മാറി ബോട്ടുകൾ എത്തുമ്പോൾ കേരളത്തിൽ ഏറ്റവും കൂടുതൽ ബിസിനസ്സ് നടക്കുന്ന ഹാർബറുകളാണ് കൊല്ലം നീണ്ടകരയും ശക്തികുളങ്ങരയും. ഇവിടെ കിളിമീൻ, കരിക്കാടി ചെമ്മീൻ, പരവ എന്നിവ വലിയ തോതിൽ ലേലം ചെയ്യപ്പെടുന്നു. മുനമ്പം ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന, 'മൾട്ടിഡേ' ബോട്ടുകൾ കൂടുതലുള്ള എറണാകുളം ജില്ലയിലെ തോപ്പുംപടിയില് വലിയ ചൂര, കണവ, ആവോലി എന്നിവ ധാരാളമായി എത്താറുണ്ട്.
കോഴിക്കോട് പുതിയാപ്പ, ബേപ്പൂർ തുടങ്ങി മലബാർ തീരത്തെ ഈ പ്രധാന ഹാർബറുകളിൽ ചെമ്പാൻ, അയല, മത്തി, കിളിമീൻ എന്നിവയാണ് പ്രധാന ആകർഷണം. നിരോധനത്തിന് ശേഷം ആദ്യത്തെ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ആഴക്കടലിലേക്ക് പോയ ബോട്ടുകൾ പൂർണമായി തിരിച്ചെത്തുന്നതോടെ വിപണിയിൽ മീൻവില കുറയുകയും ഹാർബറുകൾ സജീവമാകുകയും ചെയ്യാറുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR