Enter your Email Address to subscribe to our newsletters

Ernakulam , 06 ഓഗസ്റ്റ് (H.S.)
മുത്തങ്ങയിൽ പൊലീസ് ഉദ്യോഗസ്ഥനായ അബ്ദുൽ സലാമിനെ വധിക്കാൻ ശ്രമിച്ച കേസിൽ വിചാരണക്കോടതിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ശിക്ഷാവിധി സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ടെന്നും വിധിന്യായത്തിൽ വലിയ പിഴവുകളുണ്ടെന്നും കോടതി വ്യക്തമാക്കി. കേസിൽ ശിക്ഷിക്കപ്പെട്ട ആദിവാസി ഗോത്രമഹാസഭ നേതാവ് എം ഗീതാനന്ദൻ ഉൾപ്പെടെയുള്ള പ്രതികൾ നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി. അപ്പീലിൽ സിബിഐക്കും സംസ്ഥാന സർക്കാരിനും ഹൈക്കോടതി നോട്ടിസ് അയച്ചു.
വിചാരണക്കോടതി വിധിയിൽ പിഴവുകൾ
ഓരോ ഭാഗവും പ്രത്യേകമായി പരിശോധിക്കേണ്ടതുണ്ടെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനിൽക്കുമെന്ന് അന്തിമവിധിയിൽ എങ്ങനെ പറയാനാകുമെന്നും കോടതി ചോദിച്ചു. ഹർജികൾ പിന്നീട് വീണ്ടും പരിഗണിക്കുന്നതിനായി മാറ്റി. വധശ്രമക്കേസിൽ അഞ്ച് വർഷം തടവും പതിനായിരം രൂപ പിഴയും വിധിച്ച കൽപറ്റ സെഷൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് പ്രതികൾ അപ്പീലിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനുപുറമെ വിചാരണക്കോടതി നൽകിയ അഞ്ച് വർഷത്തെ തടവുശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ഉപഹർജിയും നൽകിയിട്ടുണ്ട്. എം ഗീതാനന്ദനൊപ്പം ഗൂഢാലോചന കേസിൽ ശിക്ഷിക്കപ്പെട്ട ബിനു, രമേശൻ, അനിൽ കുമാർ എന്നിവരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
കൽപറ്റ കോടതിയുടെ ശിക്ഷാവിധി
മുത്തങ്ങ കേസിൽ എം ഗീതാനന്ദൻ ഉൾപ്പെടെ നാല് പ്രതികളാണ് കുറ്റക്കാരെന്ന് കൽപറ്റ സെഷൻസ് കോടതി കണ്ടെത്തിയത്. മൂന്ന് വകുപ്പുകളിലായി നാല് പ്രതികൾക്കും അഞ്ച് വർഷം കഠിനതടവാണ് കോടതി വിധിച്ചത്. കൂടാതെ പതിനായിരം രൂപ പിഴയും ഒടുക്കണം. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം അധികതടവ് അനുഭവിക്കണമെന്നും കോടതി വിധിയിലുണ്ട്. അതേസമയം മുത്തങ്ങ സമരത്തിനിടെ കോൺസ്റ്റബിൾ വിനോദ് കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടിരുന്നു. തെളിവുകളുടെ അഭാവത്തിലായിരുന്നു വിനോദ് വധക്കേസിൽ പ്രതികളെ കുറ്റമുക്തരാക്കിയത്.
മുത്തങ്ങ സമരവും സംഘർഷവും
കേരളത്തിൻ്റെ ചരിത്രത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സംഭവമാണ് മുത്തങ്ങ സമരം. 2003 ഫെബ്രുവരി 19നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ മുത്തങ്ങയിൽ ഭൂസമരം നടത്തിയവർക്കുനേരെ പൊലീസ് വെടിയുതിർത്തതിനെ തുടർന്നുള്ള സംഘർഷത്തിലാണ് കോൺസ്റ്റബിൾ വിനോദ് കൊല്ലപ്പെട്ടത്. പൊലീസ് നടത്തിയ വെടിവയ്പിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട ജോഗിയും കൊല്ലപ്പെട്ടിരുന്നു.
അന്ന് നടന്ന പൊലീസ് ലാത്തിച്ചാർജിലും സംഘർഷത്തിലും സ്ത്രീകളും കുട്ടികളുമടക്കമുള്ള നൂറുകണക്കിന് ആളുകൾക്കാണ് പരിക്കേറ്റത്. സമരക്കാരുടെ നിരവധി കുടിലുകൾക്ക് പൊലീസ് തീയിടുകയും ചെയ്തു. സമരക്കാർ അമ്പും വില്ലും വടികളും ഉപയോഗിച്ച് പൊലീസിനെ പ്രതിരോധിക്കുന്നതിനിടെയാണ് കോൺസ്റ്റബിൾ വിനോദ് കൊല്ലപ്പെട്ടത്. പിന്നീട് സിബിഐ ഏറ്റെടുത്ത കേസിലാണ് വർഷങ്ങൾക്ക് ശേഷം കോടതി വിധി പറഞ്ഞത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR