Enter your Email Address to subscribe to our newsletters

Thiruvananthapuram, 06 ഓഗസ്റ്റ് (H.S.)
സിറാജ് പത്രം തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ നിർണായക സാക്ഷിമൊഴി. അപകടത്തിന് തൊട്ടുപിന്നാലെ ശ്രീറാമിനെ കണ്ടപ്പോൾ അദ്ദേഹത്തിൻ്റെ കൈകളിൽ രക്തം പുരണ്ടിരുന്നതായി സാക്ഷി കോടതിയിൽ മൊഴി നൽകി. പിഡബ്ല്യുഡി ഓഫീസ് വാച്ച്മാനും കേസിൽ അഞ്ചാം സാക്ഷിയുമായ മിഥുൻ തോമസാണ് തിരുവനന്തപുരം നാലാം അഡിഷണൽ സെഷൻസ് കോടതിയിൽ മൊഴി നൽകിയത്.
അപകടദിവസം താനും സുഹൃത്ത് അനിൽകുമാറുമാണ് പിഡബ്ല്യുഡി ഓഫീസിൽ ഡ്യൂട്ടിയിലുണ്ടായിരുന്നത്. കാർ ഇടിക്കുന്നത് നേരിട്ട് കണ്ടില്ലെങ്കിലും വാഹനം അപകടത്തിൽപ്പെട്ട് കിടക്കുന്നത് കണ്ടിരുന്നു. ആ സമയത്ത് ശ്രീറാമിനൊപ്പം ഒരു സ്ത്രീയുമുണ്ടായിരുന്നു. പിറ്റേന്ന് മാധ്യമങ്ങളിലൂടെയാണ് അപകടത്തിൽ കൊല്ലപ്പെട്ടത് മാധ്യമപ്രവർത്തകൻ കെ എം ബഷീറാണെന്ന് അറിഞ്ഞതെന്ന് മിഥുൻ തോമസ് സാക്ഷി മൊഴി നല്കി. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ബി എസ് രാജേഷ് കോടതിയിൽ ഹാജരായി.
കേസിൽ നാലാം സാക്ഷിയായ അനിൽകുമാർ നേരത്തെ തന്നെ കോടതിയിൽ മൊഴി നൽകിയിരുന്നു. അപകടസമയത്ത് വലിയ ശബ്ദം കേട്ട് പുറത്തുവന്നപ്പോൾ കാർ ബൈക്കിൽ ഇടിച്ചു കിടക്കുന്നത് കണ്ടതായാണ് അനിൽകുമാർ മൊഴി നൽകിയത്. അപകടം നടന്നയുടൻ സ്ഥലത്തെത്തിയ നാട്ടുകാരും പൊലീസും ചേർന്ന് വാഹനം ഓടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണെന്ന് പറയുന്നത് കേട്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. അന്ന് അപകടസ്ഥലത്ത് കണ്ട അതേ ശ്രീറാം വെങ്കിട്ടരാമൻ തന്നെയാണ് കോടതിയിൽ ഹാജരായിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി സാക്ഷി പ്രതിയെ കൃത്യമായി തിരിച്ചറിയുകയും ചെയ്തിരുന്നു.
അതേസമയം കേസിൽ ഏറ്റവും നിർണായകമായ ദൃക്സാക്ഷി മൊഴി നൽകിയ മൂന്നാം സാക്ഷിയും ഓട്ടോ ഡ്രൈവറുമായ ഷഫീഖ് തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് കോടതിയിൽ നടന്ന വിചാരണവേളയിൽ പ്രതിക്ക് അനുകൂലമായി കൂറുമാറിയിരുന്നു. അപകടം നടക്കുമ്പോൾ കാർ അമിതവേഗതയിൽ വന്ന് കെ എം ബഷീറിൻ്റെ ബൈക്കിൽ ഇടിക്കുന്നത് താൻ നേരിട്ട് കണ്ടെന്നായിരുന്നു ഷഫീഖ് നേരത്തെ പൊലീസിനും മജിസ്ട്രേറ്റിനും നൽകിയ രഹസ്യമൊഴിയിൽ വ്യക്തമാക്കിയിരുന്നത്. വാഹനം ഓടിച്ചിരുന്നത് താടിവെച്ച ശ്രീറാം വെങ്കിട്ടരാമൻ ഐ എ എസ് ആണെന്ന് കൃത്യമായി തിരിച്ചറിഞ്ഞെന്നും അദ്ദേഹം അന്ന് മൊഴി നൽകിയിരുന്നു. എന്നാൽ, കോടതിയിൽ വിചാരണ ആരംഭിച്ചതോടെ ഈ നിലപാട് തിരുത്തിയ സാക്ഷി, പ്രതിഭാഗത്തിന് അനുകൂലമായ നിലപാടിലേക്ക് മാറുകയായിരുന്നു.
2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ചിരുന്ന അമിതവേഗതയിലുള്ള കാറിടിച്ച് കെ എം ബഷീർ കൊല്ലപ്പെടുന്നത്. കേസിലെ ഏക പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, അപകടകരമായും മദ്യപിച്ചും വാഹനമോടിക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR