Enter your Email Address to subscribe to our newsletters

Thiruvananthapuram, 06 ഓഗസ്റ്റ് (H.S.)
സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസങ്ങളിൽ കൂടി അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. മലയോര മേഖലകളിലും തീരദേശത്തും കർശന ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശിച്ചു.
തെക്കൻ കർണാടകയ്ക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് കേരളത്തിൽ മഴ ശക്തമാകാൻ കാരണം. ഇന്ന് ഏഴ് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കിയുള്ള മറ്റ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടായിരിക്കും. ശക്തമായ മഴയോടൊപ്പം തന്നെ കാറ്റിനും സാധ്യതയുണ്ട്.
നാളെ വടക്കൻ കേരളത്തിൽ മഴ കൂടുതൽ ശക്തമാകുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇതിൻ്റെ അടിസ്ഥാനത്തിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ മറ്റന്നാൾ മുതൽ സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുമെന്നാണ് നിലവിലെ വിലയിരുത്തൽ. മറ്റന്നാൾ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. എട്ടാം തീയതിയോടെ മഴയുടെ തോത് ഗണ്യമായി കുറയുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.
ജാഗ്രത നിർദേശം
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പുലർത്തണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ ഉള്ളവർ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറി താമസിക്കാൻ തയാറാകണം. രാത്രി സമയങ്ങളിൽ മലയോര മേഖലകളിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കേണ്ടതാണ്. സംസ്ഥാനത്തെ നദികളിൽ ജലനിരപ്പ് ഉയർന്നുനിൽക്കുന്നതിനാൽ നദീതീരങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ ഇറങ്ങുന്നതും നദികളിൽ കുളിക്കുന്നതും തുണി അലക്കുന്നതും ഒഴിവാക്കണം. വിനോദസഞ്ചാരികൾക്കും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളച്ചാട്ടങ്ങൾ, വനപ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം താത്കാലികമായി നിർത്തിവച്ചു.
മത്സ്യത്തൊഴിലാളികൾക്ക് വിലക്ക്
മോശം കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകരുതെന്നും കർശന നിർദേശമുണ്ട്. കടലാക്രമണ സാധ്യതയുള്ളതിനാൽ തീരദേശ വാസികളും ശ്രദ്ധിക്കണം. അത്യാവശ്യ ഘട്ടങ്ങളിൽ അധികൃതർ ആവശ്യപ്പെടുന്ന പക്ഷം സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറാൻ എല്ലാവരും തയാറാകണം.
കാറ്റ് ശക്തമാകാൻ സാധ്യതയുള്ളതിനാൽ മരങ്ങൾക്ക് താഴെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും, വൈദ്യുതി കമ്പികൾ പൊട്ടിവീഴാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. പൊതുജനങ്ങൾ അടിയന്തര ആവശ്യങ്ങൾക്ക് ടോൾ ഫ്രീ നമ്പറുകളായ 1077, 1070 എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR