മംഗളൂരുവിൽ ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്തു, 5 മലയാളികൾ അറസ്റ്റിൽ
Mangalore, 06 ഓഗസ്റ്റ് (H.S.) മംഗളൂരുവിലെ സ്വകാര്യ കോളജിൽ ജൂനിയർ വിദ്യാർഥികളെ റാഗിങ്ങിന് ഇരയാക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്ത സംഭവത്തിൽ അഞ്ച് മലയാളി വിദ്യാർഥികൾ അറസ്റ്റിൽ. ഒന്നാം വർഷ വിദ്യാർഥികൾ ഷൂസ് ധരിക്കാൻ പാടില്ലെന്ന വിചിത്രമായ ഡ്രസ് കോഡ്
MANGALURU PRIVATE COLLEGE RAGGING


Mangalore, 06 ഓഗസ്റ്റ് (H.S.)

മംഗളൂരുവിലെ സ്വകാര്യ കോളജിൽ ജൂനിയർ വിദ്യാർഥികളെ റാഗിങ്ങിന് ഇരയാക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്ത സംഭവത്തിൽ അഞ്ച് മലയാളി വിദ്യാർഥികൾ അറസ്റ്റിൽ. ഒന്നാം വർഷ വിദ്യാർഥികൾ ഷൂസ് ധരിക്കാൻ പാടില്ലെന്ന വിചിത്രമായ ഡ്രസ് കോഡ് അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതാണ് മർദനത്തിൽ കലാശിച്ചത്. അറസ്റ്റിലായവരും മർദനത്തിന് ഇരയായവരും കേരളത്തിൽ നിന്നുള്ളവരാണെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ സുധീർ കുമാർ റെഡ്ഡി അറിയിച്ചു.

ഷൂസ് ധരിക്കരുതെന്ന് ഭീഷണിനഗരത്തിലെ ഗുജ്ജറക്കെരെയിലുള്ള ഒരു ചായക്കടയ്ക്ക് സമീപം ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വകാര്യ കോളജിലെ രണ്ടാം വർഷ ലോജിസ്റ്റിക്സ് ഡിപ്ലോമ വിദ്യാർഥികളായ സീനിയർ സംഘം, ഒന്നാം വർഷ ബിബിഎ, ഹോസ്പിറ്റൽ മാനേജ്മെൻ്റ് വിദ്യാർഥികളെ തടഞ്ഞുനിർത്തി റാഗ് ചെയ്യുകയായിരുന്നു. ജൂനിയർ വിദ്യാർഥികൾ ഷൂസ് ധരിച്ച് കോളജിൽ വരാൻ പാടില്ലെന്നും ഇത് തങ്ങളുടെ നിർദേശമാണെന്നും സീനിയർ വിദ്യാർഥികൾ ഭീഷണിപ്പെടുത്തി. യാതൊരു കാരണവുമില്ലാതെയുള്ള ഈ ഡ്രസ് കോഡ് ഒന്നാം വർഷ വിദ്യാർഥികൾ ചോദ്യം ചെയ്തതോടെയാണ് സീനിയർ സംഘം പ്രകോപിതരായത്. തുടർന്ന് ഇവർ ജൂനിയർ വിദ്യാർഥികളെ ക്രൂരമായി മർദിക്കുകയായിരുന്നു.

റാഗിങ് നിരോധന നിയമം ചുമത്തിപരിക്കേറ്റ വിദ്യാർഥികൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മംഗളൂരു സൗത്ത് (പാണ്ഡേശ്വർ) പൊലീസാണ് പ്രതികളെ പിടികൂടിയത്. മർദനമേറ്റ വിദ്യാർഥികളുടെ ശരീരത്തിൽ സാരമായ പരിക്കുകളുണ്ട്. തുടക്കത്തിൽ പരിക്കുകളുടെ അടിസ്ഥാനത്തിൽ കേവലം മർദനത്തിന് മാത്രമായിരുന്നു പൊലീസ് കേസെടുത്തിരുന്നത്. എന്നാൽ വിശദമായ അന്വേഷണത്തിൽ സീനിയർ വിദ്യാർഥികൾ ജൂനിയർ വിദ്യാർഥികളുടെ മേൽ നിർബന്ധപൂർവം ഡ്രസ് കോഡ് അടിച്ചേൽപ്പിക്കുകയും റാഗിങ് നടത്തുകയും ചെയ്തതായി വ്യക്തമായി. ഇതോടെ കേസിൽ റാഗിങ് നിരോധന നിയമത്തിലെ വകുപ്പുകൾ കൂടി ഉൾപ്പെടുത്താൻ അന്വേഷണ ഉദ്യോഗസ്ഥന് നിർദേശം നൽകിയതായി കമ്മിഷണർ വ്യക്തമാക്കി.

അറസ്റ്റിലായ അഞ്ച് പ്രതികളെയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. അതേസമയം ആക്രമണം നടത്തിയ സംഘത്തിൽ എത്ര പേരുണ്ടായിരുന്നു എന്നതിനെച്ചൊല്ലി അവ്യക്തത തുടരുകയാണ്. തങ്ങൾ അഞ്ച് പേർ മാത്രമാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞപ്പോൾ, ആറ് പേർ ചേർന്ന് മർദിച്ചുവെന്നാണ് ഇരകളായ വിദ്യാർഥികൾ നൽകിയ മൊഴി. ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർഥികൾ സുഖം പ്രാപിച്ച് ഡിസ്ചാർജ് ആയ ശേഷം തിരിച്ചറിയൽ പരേഡ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കും. ഇതിലൂടെ ആറാമത്തെ പ്രതിയെക്കുറിച്ച് കൃത്യമായ സ്ഥിരീകരണം ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തിൽ നിന്നും ആയിരക്കണക്കിന് വിദ്യാർഥികളാണ് പ്രതിവർഷം മംഗളൂരുവിലെ വിവിധ കോളജുകളിൽ എത്തുന്നത്. അതിനാൽ തന്നെ ഇത്തരം റാഗിങ് സംഭവങ്ങൾ രക്ഷിതാക്കൾക്കിടയിലും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ക്യാമ്പസുകൾക്ക് അകത്തും പുറത്തും വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികളാണ് പൊലീസ് സ്വീകരിച്ചു വരുന്നത്. റാഗിങ് പോലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുമെന്നും, ഇത്തരം പ്രവണതകൾ വച്ചുപൊറുപ്പിക്കില്ലെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കോളജ് അധികൃതരുമായി ചേർന്ന് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാനും പൊലീസ് ലക്ഷ്യമിടുന്നുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News