Enter your Email Address to subscribe to our newsletters

Ernakulam , 06 ഓഗസ്റ്റ് (H.S.)
സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിലും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ (സിയാൽ) വിമാന സർവീസുകളെ ബാധിക്കില്ലെന്ന് അധികൃതർ അറിയിച്ചു. വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കി വിമാനത്താവളത്തിൻ്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിനായി നടപ്പാക്കുന്ന ‘ഓപ്പറേഷൻ പ്രവാഹ്’ പദ്ധതിയുടെ പ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുകയാണ്.
മഴ കനക്കുന്ന പശ്ചാത്തലത്തിൽ വിമാനത്താവളത്തിലും സമീപ പ്രദേശങ്ങളിലും വെള്ളക്കെട്ട് ഒഴിവാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമായി വിപുലമായ മുൻകരുതലുകളും അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളുമാണ് സജ്ജമാക്കി വരുന്നത്.
മഴവെള്ളം തടസ്സമില്ലാതെ പെരിയാറിലേക്ക് ഒഴുകിപ്പോകാൻ വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രധാന ജലപാതകളിലെല്ലാം സമഗ്രമായ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയായിവരികയാണ്. പ്രധാനമായും ചെങ്ങൽത്തോട്, കൈതകാട്ടുചിറത്തോട്, ഡൈവേർഷൻ കനാൽ എന്നിവ കേന്ദ്രീകരിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.
ആകെ 23.85 കിലോമീറ്റർ ദൈർഘ്യമുള്ള തോടുകളിലും കനാലുകളിലുമായി ഏകദേശം 41 ലക്ഷം രൂപ ചെലവിട്ടാണ് ഇത്തവണ പദ്ധതി നടപ്പാക്കുന്നത്. ഇതിൽ 17.90 കിലോമീറ്റർ ചെങ്ങൽത്തോടും, 3.15 കിലോമീറ്റർ ഡൈവേർഷൻ കനാലും, 2.80 കിലോമീറ്റർ കൈതകാട്ടുചിറത്തോടും ഉൾപ്പെടുന്നു. തോടുകളിൽ അടിഞ്ഞുകൂടിയ എക്കൽ, ചെളി, മാലിന്യങ്ങൾ എന്നിവ നീക്കം ചെയ്ത് സ്വാഭാവിക ജലത്തിൻ്റെ ഒഴുക്ക് പുനസ്ഥാപിക്കാൻ പദ്ധതിയിലൂടെ സാധിച്ചിട്ടുണ്ടെന്ന് സിയാൽ അറിയിച്ചു.
നാല് പാക്കേജുകളിലായി ശുചീകരണ പ്രവർത്തനങ്ങൾ
പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായി പദ്ധതിയെ നാല് വ്യത്യസ്ത പാക്കേജുകളായാണ് തിരിച്ചിരിക്കുന്നത്. കോസ്റ്റ് ഗാർഡ് എൻക്ലേവിൽ നിന്ന് പെരിയാർ വരെയുള്ള 5.50 കിലോമീറ്റർ ചെങ്ങൽത്തോടും 3.15 കിലോമീറ്റർ ഡൈവേർഷൻ കനാലും ഉൾപ്പെടുന്ന ഒന്നാം പാക്കേജിനായി 14.86 ലക്ഷം രൂപയാണ് വകയിരുത്തിയത്.
കൈതകാട്ടുചിറത്തോടിൻ്റെ 2.80 കിലോമീറ്ററും കല്ലയം മുതൽ ചൊവ്വര വരെയുള്ള 3.20 കിലോമീറ്റർ ചെങ്ങൽത്തോടും ഉൾപ്പെടുന്ന രണ്ടാം പാക്കേജ് 11 ലക്ഷം രൂപ ചെലവിൽ ശുചീകരിച്ചു. മൂന്നാം പാക്കേജിൻ്റെ ഭാഗമായി ചൊവ്വര മുതൽ മഠത്തിമൂല വരെ 4.70 കിലോമീറ്റർ ഭാഗത്ത് 7.88 ലക്ഷം രൂപയുടെ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. മഠത്തിമൂല മുതൽ പനയക്കടവ് പാലം വരെയുള്ള 4.50 കിലോമീറ്റർ വരുന്ന നാലാം പാക്കേജിനായി 7.09 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്.
24 മണിക്കൂർ നിരീക്ഷണ സംവിധാനം
വെള്ളപ്പൊക്ക നിവാരണത്തിനൊപ്പം പ്രദേശത്തെ ഗതാഗത-അടിസ്ഥാനസൗകര്യ വികസനത്തിനും സിയാൽ പ്രാധാന്യം നൽകുന്നുണ്ട്. ആദ്യഘട്ടങ്ങളിൽ എ.പി. വർക്കി, ചെത്തിക്കോട്, കുഴിപ്പള്ളം എന്നിവിടങ്ങളിൽ പുതിയ പാലങ്ങൾ നിർമിക്കുകയും റോഡുകൾ പുനരുദ്ധരിക്കുകയും ചെയ്തിരുന്നു.
നിലവിൽ ചൊവ്വര, മഠത്തിൽമൂല, പുളിയാമ്പിള്ളി എന്നിവിടങ്ങളിലായി 40 കോടി രൂപ ചെലവിൽ മൂന്ന് വലിയ പാലങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്. കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള റൈറ്റ്സ് ലിമിറ്റഡ് കമ്പനിക്കാണ് നിർമാണച്ചുമതല. ജലവിഭവ വകുപ്പ്, കെ.എസ്.ഇ.ബി എന്നിവയുടെ ഏകോപനത്തോടെയാണ് പദ്ധതി മുന്നോട്ട് പോകുന്നത്.
ഡൈവേർഷൻ കനാലുകളുടെ വീതി വർധിപ്പിച്ചതും വിമാനത്താവളത്തിന് ചുറ്റുമുള്ള വിപുലമായ ഡ്രെയിനേജ് ശൃംഖലയും വെള്ളക്കെട്ട് നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഓഗസ്റ്റ് ഒന്നു മുതൽ പ്രാബല്യത്തിൽ വന്ന പുതിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ (SOP) പ്രകാരം പെരിയാറിൻ്റെ പ്രവേശന കേന്ദ്രമായ നീലീശ്വരം മുതൽ വിമാനത്താവളത്തിലെ കനാലുകൾ വരെയുള്ള ജലനിരപ്പും ജലപ്രവാഹവും കൃത്യമായി നിരീക്ഷിച്ചുവരികയാണ്.
എല്ലാ എൻജിനീയറിങ് വിഭാഗങ്ങളെയും ഏകോപിപ്പിച്ചുള്ള കേന്ദ്രീകൃത ഡാറ്റാ നിരീക്ഷണ സംവിധാനം 24 മണിക്കൂറും പ്രവർത്തനസജ്ജമായതിനാൽ, കനത്ത മഴ പെയ്താലും വിമാന സർവീസുകളെ ബാധിക്കാത്ത രീതിയിൽ സാഹചര്യം പൂർണ നിയന്ത്രണത്തിലാക്കാൻ സിയാലിന് സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR