സംസ്ഥാനത്ത് കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളുടെ സമഗ്ര വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ബാലാവകാശ കമ്മിഷൻ്റെ വാർഷിക റിപ്പോർട്ട് (2025-26) പുറത്ത് വന്നു.
Thiruvananthapuram, 06 ഓഗസ്റ്റ് (H.S.) സംസ്ഥാനത്ത് കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളുടെ സമഗ്ര വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ബാലാവകാശ കമ്മിഷൻ്റെ വാർഷിക റിപ്പോർട്ട് (2025-26) പുറത്ത് വന്നു. റിപ്പോർട്ട് പ്രകാരം 2025 ഏപ്രിൽ മുതൽ 2026 മാർച്ച് വരെ കമ്മി
POCSO CASE SURGE


Thiruvananthapuram, 06 ഓഗസ്റ്റ് (H.S.)

സംസ്ഥാനത്ത് കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളുടെ സമഗ്ര വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ബാലാവകാശ കമ്മിഷൻ്റെ വാർഷിക റിപ്പോർട്ട് (2025-26) പുറത്ത് വന്നു. റിപ്പോർട്ട് പ്രകാരം 2025 ഏപ്രിൽ മുതൽ 2026 മാർച്ച് വരെ കമ്മിഷന് മുമ്പാകെ 2745 പരാതികളാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എത്തിയിട്ടുള്ളത്. ഇതിൽ 1507 പരാതികളാണ് ഇതുവരെ തീർപ്പാക്കിയിട്ടുള്ളത്. കമ്മിഷനിൽ ലഭിക്കുന്ന പരാതികളിൽ 2 ശതമാനത്തോളം ആർ റ്റി ഇ നിയമവുമായി ബന്ധപ്പെട്ടവയാണ്.

അവയിൽ ഏറെയും അടിസ്ഥാന സൗകര്യങ്ങൾ, ജനനസർട്ടിഫിക്കറ്റ്, അധ്യാപകരുടെ അഭാവം, ഗതാഗതത്തിൻ്റെ പ്രശ്നം, കളിസ്ഥലത്തിൻ്റെ അപര്യാപ്തത, അധ്യാപകരിൽ നിന്ന് കുട്ടികൾ നേരിടുന്ന വിവേചനം, സാനിറ്റേഷൻ പ്രശ്നങ്ങൾ എന്നിവയാണ്. കൂടാതെ പോക്സോ, ബാലനീതി, ബാലാവകാശ ലംഘനം കുട്ടികളുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ എന്നിവയിലും പരാതികൾ ലഭ്യമായിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയപ്പെടുന്നു.

റിപ്പോർട്ട് ചെയ്യപ്പെടുന്ന പോക്സോ കേസുകളിൽ വർധന

2025 ഏപ്രിൽ മുതൽ 2026 മാർച്ച് വരെ കമ്മിഷന് മുമ്പാകെ 68 പോക്സോ കേസുകളാണ് ലഭിച്ചിരിക്കുന്നത്. ഇത് ആകെ ലഭിച്ചിരിക്കുന്ന പരാതികളുടെ മൂന്ന് ശതമാനമായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 93ശതമാനം പരാതികളും ബാലാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടുന്നവയാണ്. പോക്സോ കേസുകൾ സംബന്ധിച്ച 12 വർഷത്തെ കണക്കുകളാണ് റിപ്പാർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാന ക്രൈം റെക്കോർഡ് ബ്യൂറോയിൽ നിന്നും ലഭ്യമായ കണക്കുകളാണ് റിപ്പോർട്ടിൽ വിശകലനം ചെയ്തിട്ടുള്ളത്.

2013 ൽ 1002 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിൽ 2025ൽ അത് 4765 ആയി ഉയർന്നു. 2013 മുതൽ ക്രമാനുഗതമായ വർധനയാണ് കേസുകളിൽ ഉണ്ടായിട്ടുള്ളത്. എന്നാൽ 2020 ൽ ഇതിന് മുൻ വർഷങ്ങളെക്കാൾ നേരിയ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2019ൽ 3616 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ തൊട്ടടുത്ത വർഷം അത് 3030 ആയിചുരുങ്ങുകയാണ് ചെയ്തത്. എന്നാൽ പിന്നീടുള്ള വർഷങ്ങളിൽ അത് ഉയർന്ന് തന്നെ നിൽക്കുകയാണ്. കണക്കുകൾ പരിശോധിച്ചാൽ 12 വർഷത്തിനിടെ 3763 കേസുകളുടെ വർധനയാണ് ഉണ്ടായിട്ടുള്ളത്.

വർധനയുടെ കാരണങ്ങൾ

കേസുകളുടെ വർധനവ് നേരിട്ട് കുറ്റകൃത്യങ്ങളുടെ വർധനവായി മാത്രം വിലയിരുത്താൻ സാധ്യമല്ലെന്നും, മറിച്ച് സമൂഹത്തിൽ നിയമ സാക്ഷരത വർധിച്ചതും ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെട്ടതും, ലൈംഗികാതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ ജനങ്ങളിൽ ഉണ്ടായിരിക്കുന്ന സങ്കോചം കുറയുന്നതിന് കാരണമായെന്നും ഇതിലൂടെ കുട്ടികളുടെ സുരക്ഷയെ സംബന്ധിച്ച വിഷയങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യം രൂപപ്പെട്ടതായി വിലയിരുത്താമെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

കേസുകളുടെ വർധന ജില്ലാടിസ്ഥാനത്തിൽ

സംസ്ഥാന ക്രൈം റെക്കോർഡ് ബ്യൂറോയിൽ നിന്നും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന കണക്കുകൾ പ്രകാരം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള പോക്സോ കേസുകളിൽ തലസ്ഥാന ജില്ലയാണ് മുമ്പിൽ. തിരുവനന്തപുരത്ത് 2025ൽ 689 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തൊട്ടുപിന്നിലെത്തിയ കൊല്ലത്ത് 502 കേസുകളാണുള്ളത്. ഏറ്റവും കുറവ് ഇടുക്കിയിലാണ്. ആകെ 182 കേസുകളാണ് അവിടെ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വയനാട്ടിലും കേസുകൾ കുറഞ്ഞ നിലയിലാണുള്ളത്. 186 കേസുകളാണ് അവിടെ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

പൊലീസ് ജില്ലകളുടെ അടിസ്ഥാനത്തിൽ കണക്ക് പരിശോധിച്ചാൽ തിരുവനന്തപുരത്ത് നഗര പരിധിയേക്കാൾ കൂടുതൽ കേസുകൾ ഗ്രാമപ്രദേശങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. തിരുവനന്തപുരം റൂറലിൽ 458 കേസുകൾ രജിസ്റ്റർ ചെയ്യുമ്പോൾ സിറ്റി പരിധിയിൽ 231 എണ്ണം മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതേ അവസ്ഥ തന്നെയാണ് കൊല്ലം, ഏറണാകുളം, കോഴിക്കോട് ജില്ലകളിലുള്ളത്. എന്നാൽ തൃശൂർ, കണ്ണൂർ എന്നീ ജില്ലകളിൽ നഗരപരിധിയിലാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. റെയിൽ പൊലീസിൽ കഴിഞ്ഞ വർഷം 5 പരാതികളാണ് പോക്സോ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.

ജനസാന്ദ്രത, നഗരവത്കരണം, റിപ്പോർട്ടിങ് സംവിധാനങ്ങളുടെ പ്രാപ്യത, ബോധവത്കരണത്തിൻ്റെ ഉയർന്ന നില എന്നിവ കൊണ്ടാണ് ചില ജില്ലകളിൽ കേസുകളുടെ എണ്ണം കൂടുതലായി കാണപ്പെടുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുകൊണ്ട് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ജില്ലകൾ കുറ്റകൃത്യങ്ങൾ കൂടുതലുള്ള ജില്ലകളാണെന്ന നിഗമനത്തിലേക്ക് എത്തുന്നതിനു മുമ്പ് റിപ്പോർട്ടിങ് കാര്യക്ഷമതയും പരിഗണിക്കേണ്ടതുണ്ടെന്നും വാർഷിക റിപ്പോർട്ടിൽ പരാമർശമുണ്ട്.

അതിജീവിതർ: 4818, ഇതിൽ 4167 പേർ പെൺകുട്ടികൾ

2025ൽ റിപ്പോർട്ട് ചെയ്ത 4765 കേസുകളിൽ 4818 കുട്ടികളാണ് അതിജീവിതരായി രേഖപ്പെടുത്തിയിരിക്കുന്നത്. കേസുകളുടെ എണ്ണത്തേക്കാൾ അതിജീവിതരുടെ എണ്ണം കൂടുതലായിരിക്കുന്നത് ചില കേസുകളിൽ ഒന്നിലധികം കുട്ടികൾ അതിജീവിതരായിട്ടുണ്ടെന്ന സൂചനയാണ് നൽകുന്നത്. ഇതിലൂടെ കുടുംബപരമായോ സാമൂഹികമായോ ഘടകങ്ങൾ ഉൾപ്പെട്ട കേസുകൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. കുടുംബം, സ്കൂൾ, സമൂഹം എന്നിവയെ കേന്ദ്രീകരിച്ചുള്ള പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഈ കണക്കുകൾ സൂചിപ്പിക്കുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അതിജീവിതരായ 4818 കുട്ടികളിൽ പെൺകുട്ടികൾ - 4167 (86%), ആൺകുട്ടികൾ - 618 (13%), ലിംഗവിവരം ലഭ്യമല്ലാത്തവർ - 33 (1%) എന്നിങ്ങനെയാണ് കണക്കുകളിൽ നിന്ന് അറിയാൻ കഴിയുന്നത്. ഇത് പ്രകാരം ലൈംഗികാതിക്രമങ്ങൾ കൂടുതൽ നേരിടുന്നത് പെൺകുട്ടികളാണെന്ന് വ്യക്തമാകുന്നു. എന്നിരുന്നാലും ആൺകുട്ടികളും ഇത്തരം അതിക്രമങ്ങൾ നേരിടുന്ന സാഹചര്യം നിലനിൽക്കുന്നതായി കാണുന്നു. അതുകൊണ്ട് ലിംഗഭേദമന്യേ കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന നിർദ്ദേശവും ഇതിൽ ഉൾപ്പെടുന്നു.

അതിജീവതർ ഏറ്റവും കൂടുതൽ 15 മുതൽ 18 വയസുവരെയുള്ളവർ

പോക്സോ അതീജീവതരിൽ ഏറ്റവും കൂടുതൽ 15 മുതൽ 18 വയസുവരെയുള്ളവരാണ്. 2666 പേരാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ആകെയുള്ളതിന്റെ 55% പേരും ഈ പ്രായപരിധിയിൽ പെടുന്നവരാണ്. 0 - 4 വയസ് വരെയുള്ള 94പേരും (2%), 5 മുതൽ 9 വയസ് വരെയുള്ള 421 പേരും ( 9%), 10 മുതൽ 14 വയസ് വരെയുള്ള 1566 പേരും (33%) പട്ടികയിൽ ഉൾപ്പെടുന്നു. ഇതിൽ പ്രായം വ്യക്തമല്ലാത്ത 71 പേരും(1ശതമാനം) ഉൾപ്പെടുന്നുണ്ട്.

15മുതൽ18 പ്രായപരിധിയിലുള്ള കുട്ടികളിലാണ് ഏറ്റവും കൂടുതൽ പോക്സോ കേസുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. കൗമാരപ്രായത്തിൽ കുട്ടികൾ കൂടുതൽ സാമൂഹിക ഇടപെടലുകളിൽ പങ്കെടുക്കുന്നതും, ഡിജിറ്റൽ ഇടപെടലുകൾ വർധിക്കുന്നതും ഇത്തരം സംഭവങ്ങൾക്ക് സാധ്യത വർധിപ്പിക്കാം. അതുകൊണ്ട് സ്കൂൾ തലത്തിൽ കൗമാര പരിശീലനവും സുരക്ഷാ ബോധവത്കരണവും ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന നിർദ്ദേശവും റിപ്പോർട്ടിൽ പങ്കുവെയ്ക്കുന്നു.

കുറ്റകൃത്യങ്ങൾ നടന്ന സ്ഥലങ്ങൾ

കേസുകളിൽ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ അരങ്ങേറിയിട്ടുള്ളത് അതിജീവിതരുടെ വീടുകളിലാണെന്ന് കണക്കുകളിൽ നിന്നും വ്യക്തമാകുന്നുണ്ട്. 22% കുറ്റകൃത്യങ്ജളാണ് ഇവിടെ അരങ്ങേറിയിട്ടുള്ളതെന്നാണ് മനസിലാവുന്നത്. പ്രതികളുടെ വീടുകൾ കേന്ദ്രീകരിച്ച് - 13%, പൊതുസ്ഥലങ്ങളിൽ - 10%, ഒന്നിലധികം സ്ഥലങ്ങളിൽ - 4%, വാഹനങ്ങളിൽ - 3%, സ്കൂളുകളിൽ - 2%, ഒറ്റപ്പെട്ട സ്ഥലങ്ങളിൽ - 2%, മതസ്ഥാപനങ്ങളിൽ - 1%, ആശുപത്രികളിൽ - 1%, ഹോട്ടൽ/ലോഡ്ജ് കേന്ദ്രീകരിച്ച്- 1%, മറ്റു സ്ഥലങ്ങളിൽ (ഹോസ്റ്റൽ, സൈബർ ഇടങ്ങൾ, അതിജീവിതരുടെയോ പ്രതിയുടെയോ ബന്ധുക്കളുടെ വീടുകൾ, കടകൾ, ട്യൂഷൻ സെന്ററുകൾ, ആഡിറ്റോറിയം, സ്റ്റേഡിയം തുടങ്ങിയവ) - 14% എന്നിങ്ങനെയാണ് കുറ്റകൃത്യം നടന്ന സ്ഥലങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്. അതിക്രമം നടന്ന സ്ഥലം വ്യക്തമല്ലാത്തത് - 27 ശതമാനം കേസുകളിലാണ്.

കണക്കുകൾ പ്രകാരം ലൈംഗികാതിക്രമങ്ങൾ കൂടുതലായും സ്വകാര്യവും പരിചിതവുമായ ഇടങ്ങളിൽ സംഭവിക്കുന്നതായി കാണുന്നു. ഭൂരിഭാഗം കേസുകളും കുടുംബാംഗങ്ങളിൽ നിന്നും കുട്ടികളുടെ പരിചിതരിൽ നിന്നും ഉണ്ടാകുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ആയതിനാൽ കുടുംബങ്ങളിലും കുട്ടികൾ സുരക്ഷിതത്വക്കുറവ് നേരിടുന്നു. കുട്ടികൾക്ക് ലൈംഗിക അതിക്രമങ്ങൾ തിരിച്ചറിയുന്നതിനുള്ള ജീവിത നൈപുണ്യ പരിശീലനങ്ങൾ മെച്ചപ്പെടുത്തണം. കൂടാതെ ചില കേസുകളിൽ സ്ഥലവിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ലാത്തതും ശ്രദ്ധേയമാണ്. ഇത് ഡാറ്റ രേഖപ്പെടുത്തൽ സംവിധാനങ്ങൾ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നുവെന്നും അഭിപ്രായമുണ്ട്.

അതിജീവിതരിലെ ഭിന്നശേഷിക്കാർ

4818 അതിജീവിതരിൽ 154 (3%) ഭിന്നശേഷിയുള്ള കുട്ടികളാണ്. സ്ഥിതി വ്യക്തമല്ലാത്ത 673 പേരും (14%) അതിജീവിതരുടെ പട്ടികയിൽ ഉൾപ്പെടുന്നു. ഭിന്നശേഷിയുള്ള കുട്ടികൾ കൂടുതൽ അപകടസാധ്യത നേരിടുന്ന വിഭാഗമാണ്. ആശയവിനിമയപരിമിതികളും ആശ്രിതാവസ്ഥയും കാരണം ഇത്തരം കുട്ടികൾക്ക് സംരക്ഷണ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.

കേസുകൾ റിപ്പോർട്ട് ചെയ്യേണ്ടത് 24 മണിക്കൂറിനുള്ളിൽ

പോക്സോ കേസുകൾ 24 മണിക്കൂറിനുള്ളിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് റിപ്പോർട്ട് ചെയ്യേണ്ടതും ശ്രദ്ധയും സംരക്ഷണവും ആവശ്യമായ അതിജീവിതരായി കുട്ടികളെ കമ്മിറ്റി മുമ്പാകെ ഹാജരാക്കേണ്ടതുമാണെന്ന് പോക്സോ നിയമം അനുശാസിക്കുന്നു. എന്നാൽ 2025-ലെ കണക്കുകൾ പ്രകാരം 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യാത്ത കേസുകളുടെ എണ്ണം 87 ആണ് (2%). റിപ്പോർട്ട് ചെയ്തതോ ഇല്ലയോ എന്നത് വ്യക്തമല്ലാത്തത് 693 എണ്ണമാണെന്നും (14%) റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മിക്ക കേസുകളിലും നടപടിക്രമങ്ങൾ പാലിക്കപ്പെട്ടിട്ടുണ്ടെങ്കിലും ചില കേസുകളിൽ രേഖപ്പെടുത്തൽ സംബന്ധിച്ച വ്യക്തത ഇല്ലാത്തത് നിരീക്ഷണ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതിൻ്റെ ആവശ്യകത വ്യക്തമാക്കുന്നുവെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

ആകെ പ്രതികൾ : 5234, പുരുഷന്മാർ - 4771, സ്ത്രീകൾ - 168

2025ൽ പോക്സോ കേസുകളിൽ ആകെ 5234 പ്രതികളാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 4771 (91%) പുരുഷൻമാരും 168 (3%) സ്ത്രീകളും ഉൾപ്പെടുന്നു. 295 (6%) പേരുടെ വിവരം ലിംഗാടിസ്ഥാനത്തിൽ ലഭ്യമായിട്ടില്ല. ലൈംഗികാതിക്രമ കേസുകളിൽ പ്രതികളിൽ ഭൂരിപക്ഷവും പുരുഷന്മാരാണെന്നും ഇത് ഒരു സാമൂഹിക-സാംസ്കാരിക പ്രശ്നമാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. മീഡിയയിലും സമൂഹത്തിലും പലപ്പോഴും സ്ത്രീകളെ വസ്തുവത്കരിക്കുന്ന രീതികളും ഇതിനെ ശക്തിപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ പൊതുസമൂഹത്തിൽ ലിംഗസമത്വം, പരസ്പര ബഹുമാനം, നിയമം എന്നിവയെക്കുറിച്ചു ള്ള ബോധവൽക്കരണ പരിപാടികൾ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും റിപ്പോർട്ടിലെ വിശകലനത്തിൽ പറയുന്നു.

ജീവിതനൈപുണ്യ വിദ്യാഭ്യാസം (Life skill education), സ്കൂൾ തലത്തിൽ തന്നെ ലിംഗബോധവൽക്കരണ പരിപാടികൾ, പുരുഷന്മാരെ ലക്ഷ്യമിട്ട് പെരുമാറ്റപരിഷ്കരണ പരിശീലനങ്ങൾ എന്നിവ നടപ്പിലാക്കുന്നത് ഫലപ്രദമാകും. ഇതോടൊപ്പം, നിയമപ്രവർത്തന സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും, അതിജീവിതർക്ക് പിന്തുണ നൽകുന്ന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യണം. പ്രാദേശിക തലത്തിൽ വകുപ്പുകളുടെ സംയുക്തമായ ഇടപെടലുകൾ വഴി ഇത്തരം കുറ്റകൃത്യങ്ങൾ കുറയ്ക്കാനാകുമെന്നും വ്യക്തമാക്കുന്നു.

കുറ്റാരോപിതർ കൂടുതലും ചെറുപ്പക്കാർ

5234 പോക്സോ കുറ്റാരോപിതരുടെ പ്രായം വിശകലനം ചെയ്യുമ്പോൾ 19 മുതൽ 30 വയസുവരെ പ്രായമുള്ള 32% പേരാണ് കുടുതലും ഇത്തരം കുറ്റകൃത്യജ്ജളിൽ ഏർപ്പെട്ടിട്ടുള്ളത്. 41 മുതൽ 60 വരെയുള്ളവർ 21%ഉം 31-40 വയസ്സ് വരെ പ്ര യപരിധിയിലുള്ള 11 ശതമാനവും പട്ടികയിലുണ്ട്. 15മുതൽ 18 വരെയുള്ള കൗമാരക്കാരിൽ 10% പേരും കുറ്റാരോപിതരായി കാണപ്പെടുന്നു. 7മുതൽ 14 വയസുവരെയുള്ളവരിൽ 1% പേർ ഇത്തരം കുറ്റകൃത്യത്തിൽ ഏർപ്പെടുന്നുണ്ടെങ്കിൽ 61 വയസ്സിനു മുകളിൽ 6% പേരും ഇതിന്റെ ഭാഗമാണ്. ഇവരിൽ പ്രായം വ്യക്തമല്ലാത്തവർ 19% ആണ്.

കണക്കുകൾ പ്രകാരം പോക്സോ കേസുകളിൽ കുറ്റാരോപിതരായവരുടെ ഭൂരിഭാഗവും 19 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവരാണ്. അതിനാൽ യുവജനങ്ങളും മധ്യവയസിൽപ്പെട്ടവരെയും ലക്ഷ്യമാക്കി ബോധവത്കരണ പ്രവർത്തനങ്ങൾ, ലിംഗസമത്വ ബോധവത്കരണം, കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള സാമൂഹിക വിദ്യാഭ്യാസം എന്നിവ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. കൂടാതെ നിയമവുമായി പൊരുത്തപെടാത്ത വിഭാഗത്തിൽ 7 മുതൽ 14 വയസ് വരെ 1% പേരും 15 മുതൽ 18 വയസ്സ് വരെ 10% പേരും കുറ്റാരോപിതരാണെന്നത് വളരെ ശ്രദ്ധ ചെലുത്തേണ്ട വിഷയമാണ്. സ്കൂൾ തലത്തിൽ നിയമാവബോധം ശക്തിപ്പെടുത്തുന്നതിനോടൊപ്പം ഒറ്റപ്പെട്ടയിടങ്ങളിലും കുട്ടികളുടെ സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗം എന്നിവയിലുള്ള നിരീക്ഷണം വർദ്ധിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.

അതിജീവിതരും പ്രതികളും തമ്മിലുള്ള ബന്ധം

മിക്ക കേസുകളിലും കുറ്റകൃത്യം ചെയ്യുന്നവർ കുട്ടികൾക്ക് പരിചിതരായ വ്യക്തികളാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അതായത് ലൈംഗികാതിക്രമ ങ്ങൾ കൂടുതലായും സംഭവിക്കുന്നത് കുട്ടികൾക്ക് വിശ്വാസമുള്ള സാമൂഹിക ബന്ധങ്ങളുടെ പരിധിക്കുള്ളിലാണ്. പ്രതികളിൽ അധ്യാപകർ -2%, കമിതാ ക്കൾ - 16%, കുടുംബാംഗങ്ങൾ - 9%, അയൽക്കാർ - 11%, ബന്ധുക്കൾ - 8%, ഡ്രൈവർമാർ - 1%, സുഹൃത്തുക്കൾ - 9%, പരിചിതർ - 16%, അപരിചിതർ - 7%, ബന്ധം വ്യക്തമല്ലാത്തവർ - 21% എന്നിങ്ങനെയാണ് കണക്കുകളിൽ നിന്നും അറിയാൻ കഴിഞ്ഞിട്ടുള്ളത്. ഇത് കുടുംബങ്ങളിലും സമൂഹത്തിലും സുരക്ഷയും ബന്ധപരിധികളെക്കുറിച്ചുള്ള ബോധവൽക്കരണവും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ സൂചിപ്പിക്കുന്നു.

2025ലെ കണക്കുകൾ പരിശോധിക്കുമ്പോൾ പോക്സോ കേസുകളുടെ റിപ്പോർട്ടിങിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും ഇത് നിയമ സാക്ഷരതയും റിപ്പോർട്ടിംഗ് സംവിധാനങ്ങളുടെ കാര്യക്ഷമതയും വർധിച്ചതിൻ്റെ സൂചനയാണെന്ന് വിലയിരുത്തലുണ്ട്. കുറ്റകൃത്യങ്ങളിൽ പ്രതികളിൽ ഭൂരിഭാഗവും കുട്ടികൾക്ക് പരിചിതരായവരാണ്. കൗമാരപ്രായക്കാർ കൂടുതലായി ബാധിക്കപ്പെടുന്നുവെന്നും പല സംഭവങ്ങളും സ്വകാര്യ ഇടങ്ങളിൽ നടക്കുന്നുവെന്നും ഇതിൽ നിന്ന് വ്യക്തമാവുന്നു. ഇത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കുടുംബം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സമൂഹം, പോലീസ്, സർക്കാർ എന്നീ ഘടകങ്ങൾ സംയുക്തമായി പ്രവർത്തിക്കേണ്ടതിൻ്റെ അനിവാര്യത വ്യക്തമാക്കുന്നു.

പോക്സോ കേസുകൾ : ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ

2025ൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിലെത്തിയത് 2901 കേസുകളാണ്. ഇതിലും തിരുവനന്തപുരം ജില്ലയാണ് മുന്നിലുള്ളത്. 399 കേസുകളാണ് ഇക്കാലയളവിൽ തലസ്ഥാന ജില്ലയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. തൊട്ട് പിന്നിൽ നിൽക്കുന്ന മലപ്പുറത്ത് നിന്നും 388 കേസുകൾ കമ്മിറ്റിക്ക് മുമ്പാകെയെത്തി. കണ്ണൂരിൽ നിന്നാണ് ഏറ്റവും കുറവ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 123 കേസുകൾ അവിടെ നിന്ന് കമ്മിറ്റിക്ക് മുമ്പിലെത്തിയപ്പോൾ 126 കേസുകളാണ് ആലപ്പുഴയിൽ നിന്നുമെത്തിയത്. കേസുകളിൽ 328 ആൺകുട്ടികളും 2573 പെൺകുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News