Enter your Email Address to subscribe to our newsletters

Thrissur, 06 ഓഗസ്റ്റ് (H.S.)
പുതുക്കാട് സിഗ്നലിന് സമീപം ബൈക്ക് യാത്രികനായ യുവാവ് വാഹനമിടിച്ച് മരിച്ച സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. പട്ടാമ്പി സ്വദേശിയായ റിജാസ് ആണ് മരിച്ചത്. വാഹനം ഓടിക്കുന്നതിനിടെയുണ്ടായ നിസാര തർക്കത്തെത്തുടർന്ന് തമിഴ്നാട് സ്വദേശികൾ ബോധപൂർവം വാഹനം ഇടിപ്പിക്കുകയായിരുന്നുവെന്ന് റിജാസിൻ്റെ പിതാവ് ആരോപിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുതുക്കാട് സിഗ്നലിൽ വാഹനം നിർത്തുന്നതിനായി റിജാസും സുഹൃത്തായ പെൺകുട്ടിയും ബൈക്കിൻ്റെ വേഗത കുറച്ച സമയത്ത് പിന്നിൽനിന്നെത്തിയ വാഹനം ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റിജാസ് തൽക്ഷണം മരിച്ചു. ഒപ്പമുണ്ടായിരുന്ന പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം വന്നിടിച്ചതാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പരിക്കേറ്റ് ചികിത്സയിലുള്ള പെൺകുട്ടിക്ക് ബോധം തെളിഞ്ഞതിന് ശേഷം വീട്ടുകാരോട് കാര്യങ്ങൾ വിശദീകരിച്ചതോടെയാണ് സംഭവത്തിൻ്റെ സത്യാവസ്ഥ പുറത്തുവരുന്നത്.
വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചുഅപകടം നടക്കുന്നതിന് പത്തോ പതിനഞ്ചോ മിനിറ്റ് മുൻപ് റിജാസും ഇടിച്ച വാഹനത്തിലുണ്ടായിരുന്നവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. തങ്ങളുടെ ലൈനിലേക്ക് പെട്ടെന്ന് വാഹനം വെട്ടിച്ചുകയറ്റിയത് റിജാസ് ചോദ്യം ചെയ്തതാണ് തർക്കത്തിന് കാരണമായത്. വാഹനം ഓടിക്കുമ്പോൾ എവിടെയാണ് നോക്കുന്നത് എന്ന് മാത്രമാണ് റിജാസ് ചോദിച്ചതെന്നും മറ്റ് അസഭ്യവർഷങ്ങളോ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്നും പെൺകുട്ടി വ്യക്തമാക്കി. എന്നാൽ ഇതിൻ്റെ വൈരാഗ്യത്തിൽ പ്രതികൾ ഇവരെ പിന്തുടർന്നെത്തി കരുതിക്കൂട്ടി വാഹനം ഇടിപ്പിക്കുകയായിരുന്നുവെന്നാണ് കുടുംബത്തിൻ്റെ പരാതി. സിസിടിവി ദൃശ്യങ്ങൾ കണ്ട പെൺകുട്ടി തങ്ങളുമായി തർക്കത്തിലേർപ്പെട്ട അതേ വാഹനവും ആളുകളും തന്നെയാണ് അപകടം ഉണ്ടാക്കിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പെൺകുട്ടിക്ക് സംസാരിക്കാനും കാര്യങ്ങൾ ഓർത്തെടുക്കാനും കഴിയുന്ന ആരോഗ്യസ്ഥിതിയുണ്ടെന്ന് റിജാസിൻ്റെ പിതാവ് വ്യക്തമാക്കി.
മൊഴി വിശ്വാസയോഗ്യമല്ലെന്ന് കുടുംബം
തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാഹനമാണ് അപകടമുണ്ടാക്കിയത്. വാഹനത്തിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളെ അപകടത്തിന് പിന്നാലെ പുതുക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ ഇവർ മദ്യപിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം വാഹനത്തിലുണ്ടായിരുന്ന വെള്ളക്കുപ്പി ബ്രേക്കിനടിയിലേക്ക് ഉരുണ്ടുവീണതിനാൽ ബ്രേക്ക് ചവിട്ടാൻ കഴിഞ്ഞില്ലെന്നാണ് കസ്റ്റഡിയിലുള്ള ഡ്രൈവർമാർ പൊലീസിന് നൽകിയ മൊഴി. എന്നാൽ ഈ മൊഴി വിശ്വാസയോഗ്യമല്ലെന്നും സിസിടിവി ദൃശ്യങ്ങളിൽ വാഹനം ബ്രേക്ക് ചെയ്യാതെ വന്നിടിക്കുന്നത് വ്യക്തമാണെന്നും കുടുംബം ചൂണ്ടിക്കാട്ടുന്നു.
റോഡിലുണ്ടായ ഒരു ചെറിയ തർക്കത്തിൻ്റെ പേരിൽ ഇത്രയും വലിയൊരു ക്രൂരത ചെയ്തത് അംഗീകരിക്കാനാകില്ലെന്നും മകനെ നഷ്ടപ്പെട്ടതിൻ്റെയും ഒപ്പമുണ്ടായിരുന്ന കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റതിൻ്റെയും കടുത്ത വേദനയിലാണ് താനെന്നും പിതാവ് പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുടുംബം പുതുക്കാട് പൊലീസ് സ്റ്റേഷനിലും തൃശൂർ റൂറൽ എസ്പിക്കും പരാതി നൽകിയിട്ടുണ്ട്. റിജാസിന് നീതി കിട്ടുകയെന്നതാണ് തങ്ങളുടെ ആവശ്യമെന്ന് പിതാവ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് വിശദമായ അന്വേഷണം നടത്താൻ റൂറൽ എസ്പി നിർദേശം നൽകി. നിയന്ത്രണം വിട്ട് വാഹനം ഇടിച്ചതാണോ അതോ ബോധപൂർവം കൊലപ്പെടുത്തിയതാണോ എന്ന കാര്യത്തിൽ പൊലീസ് അന്വേഷണത്തിലൂടെയാണ് ഇനി വ്യക്തത വരേണ്ടത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR