Enter your Email Address to subscribe to our newsletters

Thrissur , 06 ഓഗസ്റ്റ് (H.S.)
ദുരന്തമുഖത്ത് സ്വന്തം ജീവൻ പണയം വച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങിയ ആർ രാജേഷിനെ പെട്ടെന്നാർക്കും മറക്കാനാകില്ല. എന്നാൽ മരണ ശേഷം അദ്ദേഹത്തിൻ്റെ ഭൗതിക ശരീരത്തോട് അധികൃതർ കാണിച്ചത് കടുത്ത അനാസ്ഥ. കണ്ണൂർ ചെറുപുഴയിൽ പ്രളയ മുഖത്തെ രക്ഷാപ്രവർത്തനത്തിനിടെ സ്വന്തം ജീവൻ ബലി നൽകിയ ആർ രാജേഷിൻ്റെ മൃതദേഹത്തിനോടാണ് അധികൃതരുടെ അനാദരവ്.
പോസ്റ്റ്മോർട്ടത്തിനു ശേഷം എംബാം ചെയ്യാത്ത രാജേഷിൻ്റെ മൃതദേഹം പരിയാരം കണ്ണൂർ ഗവ മെഡിക്കൽ കോളജിൽ നിന്നും തിരുവനന്തപുരത്തേക്ക് എത്തിക്കാൻ വിട്ട് നൽകിയത് ഫ്രീസർ സൗകര്യം ഇല്ലാത്ത ആംബുലൻസ്. ഗുരുതര അനാസ്ഥയെ കുറിച്ച് ആംബുലൻസ് ഡ്രൈവർമാരായ മുഹമ്മദ് നിയാസും മുഹമ്മദ് തൻവീറും വെളിപ്പെടുത്തി.
കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്മോർട്ടം നടത്തി ചൊവ്വാഴ്ച രാത്രി 8.30നാണ് മൃതദേഹം വിട്ട് നൽകിയത്. എംബാം ചെയ്യാത്ത മൃതദേഹം തൃശ്ശൂർ ചാവക്കാട് വരെ എത്തിച്ചത് ഫ്രീസർ സംവിധാനം ഇല്ലാത്ത ആംബുലൻസിലാണ്. പിന്നീട് ചാവക്കാട് വഴിയരികിൽ വച്ച് ഫ്രീസർ സൗകര്യമുള്ള ആംബുലൻസിലേക്ക് മാറ്റി തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടപ്പെട്ട അദ്ദേഹത്തോട് കുറച്ചെങ്കിലും ആദരവ് കാണിക്കാമായിരുന്നു, ആംബുലൻസ് ഡ്രൈവർ പറഞ്ഞു.
കണ്ണൂരിൽ രക്ഷാപ്രവർത്തനത്തിനിടയിൽ ജീവൻ വെടിഞ്ഞ നീന്തൽ പരിശീലകൻ ആർ. രാജേഷിൻ്റെ മൃതദേഹം എംബാം ചെയ്യാതെയും ഫ്രീസർ സൗകര്യമില്ലാതെയും ദീർഘദൂരം യാത്രയാക്കിയത് ആ വ്യക്തിയോട് ചെയ്ത അനാദരവാണെന്ന് വ്യാപക വിമർശനം ഉയരുന്നു. തുടർന്ന് സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
മികച്ച നീന്തൽ വിദഗ്ധനായ 34 വയസുകാരൻ രാജേഷ്, ചെറുപുഴയിൽ ഉരുൾപൊട്ടലിൽ വെള്ളത്തിൽ അകപ്പെട്ട ബെന്നി എന്നയാളെ രക്ഷിക്കുന്നതിനിടയാണ് പുഴയിൽ വീണത്. കർണാടക വനത്തിൽ ഉരുൾപൊട്ടിയെന്ന് അറിഞ്ഞപ്പോള് മീന്തുള്ളി നോര്ത്തിലെ കൃഷിയിടത്തില് വെള്ളം കയറുമെന്ന് കരുതി അവിടെയുള്ള മെഷിനറികള് എടുക്കാന് പോയതായിരുന്നു ബെന്നി. കൃഷിയിടത്തിലേക്ക് പോകുമ്പോള് കാല് പാദത്തിനൊപ്പം മാത്രമെ വെള്ളമുണ്ടായിരുന്നുള്ളൂ. തിരികെ മടങ്ങാനിരിക്കെ നിമിഷങ്ങള് കൊണ്ടാണ് മലവെള്ളം കുത്തിയൊലിച്ചെത്തിയത്. കൃഷിയിടത്തിന് ഇരുവശത്ത് കൂടിയും വെള്ളം ശക്തമായി ഒലിച്ചെത്തിയതോടെ മറുകര പറ്റുക പ്രയാസകരമായി.
മരണത്തെ മുഖാമുഖം കണ്ടുനില്ക്കവേയാണ് രാജേഷും സുഹൃത്തുക്കളും ബെന്നിയുടെ രക്ഷയ്ക്കെത്തിയത്. കരയില് നിന്നും ഏകദേശം 50 മീറ്റര് ദൂരത്താണ് വെള്ളക്കെട്ടില് ബെന്നി നിന്നത്. അത്രയും നീളമുള്ള വടം രാജേഷും സുഹൃത്തുക്കളും വെള്ളത്തിലേക്ക് എറിഞ്ഞ് കൊടുത്തു. എറിഞ്ഞ് കൊടുത്ത കയര് കെട്ടുന്നതിനിടെ ബെന്നിയുടെ വിരല് അതിനകത്ത് കുരുങ്ങി മുറിഞ്ഞു. വെള്ളത്തെ അതിജീവിച്ച് കയറില് നിന്നും വിരലെടുക്കുമ്പോഴേക്കും രാജേഷ് നീന്തി അടുത്തെത്തിയിരുന്നു. പിന്നാലെ അദ്ദേഹം ധരിച്ച ജാക്കറ്റ് ഊരി ബെന്നിയെ ധരിപ്പിച്ചു.
തുടര്ന്ന് കരയെ ലക്ഷ്യമിട്ട് ഇരുവരും നീങ്ങി. ഏകദേശം കരയോട് അടുത്തെത്താനായപ്പോള് തിരിഞ്ഞ് നോക്കിയപ്പോഴാണ് രാജേഷ് ഒഴുക്കില്പ്പെട്ടത് ബെന്നി കണ്ടത്. ശക്തമായ കുത്തൊഴുക്കില് കരയിലേക്ക് നീന്താനാകാതെ വെള്ളത്തില് മുങ്ങിയ രാജേഷിനെ പിന്നെ കാണാതാകുകയായിരുന്നു. പിന്നീട് തേജസ്വിനി പുഴയ്ക്ക് നടുവിലെ തുരുത്തില് നിന്ന് രാജേഷിൻ്റെ മൃതദേഹം കണ്ടെത്തി. കേരള, കര്ണടാക വനംവകുപ്പ് സംയുക്ത സംഘത്തിൻ്റെ നേതൃത്വത്തില് കര്ണാടക വനത്തിലാണ് രാജേഷിനായി തെരച്ചില് നടത്തിയത്. തളിപ്പറമ്പ് റേഞ്ച്, വീരാജ്പേട്ട മുണ്ട്രോത്ത് റേഞ്ചുകളില് നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥര് ഉള്പ്പെടെ നാല്പതോളം പേരായിരുന്നു തെരച്ചില് സംഘത്തിലുണ്ടായിരുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR