Enter your Email Address to subscribe to our newsletters

Thiruvananthapuram, 06 ഓഗസ്റ്റ് (H.S.)
സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ ഓഗസ്റ്റ് 15 മുതൽ സബ് ഇൻസ്പെക്ടർമാരെ സ്റ്റേഷൻ ഹൗസ് ഓഫിസർമാരായി (എസ്എച്ച്ഒ) നിയമിക്കാൻ സർക്കാർ തീരുമാനം. മുൻ സർക്കാരിൻ്റെ കാലത്ത് സർക്കിൾ ഇൻസ്പെക്ടർമാർക്ക് നൽകിയിരുന്ന ചുമതലയിലാണ് ആഭ്യന്തര വകുപ്പ് സമൂലമായ മാറ്റം വരുത്തുന്നത്. രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് പുതിയ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചത്.
നേരിട്ട് ജോലിയിൽ പ്രവേശിക്കുന്ന യുവതീയുവാക്കൾക്ക് പുതിയ ചുമതലകളും ഉത്തരവാദിത്തങ്ങളും നൽകുന്നത് അവരുടെ കാര്യക്ഷമതയും തീരുമാനങ്ങൾ എടുക്കാനുള്ള കഴിവും വർധിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ 484 ലോ ആൻഡ് ഓർഡർ പൊലീസ് സ്റ്റേഷനുകളുടെയും പ്രവർത്തനം കൂടുതൽ ജനകീയമാക്കാൻ പുതിയ മാറ്റം ഉപകരിക്കും. ഇതിൽ 419 പൊലീസ് സ്റ്റേഷനുകളിലാണ് ഓഗസ്റ്റ് 15 മുതൽ സബ് ഇൻസ്പെക്ടർമാർ എസ്എച്ച്ഒമാരായി ചുമതലയേൽക്കുക. അതേസമയം, കൂടുതൽ പ്രാധാന്യമുള്ള 64 പൊലീസ് സ്റ്റേഷനുകളിൽ സർക്കിൾ ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥർ തന്നെ എസ്എച്ച്ഒമാരായി തുടരും.
തന്ത്രപ്രധാനമായ മുല്ലപ്പെരിയാർ പൊലീസ് സ്റ്റേഷൻ്റെ നിർണായക പ്രാധാന്യം കണക്കിലെടുത്ത് അവിടെ എസ്എച്ച്ഒയുടെ ചുമതല ഡിവൈഎസ്പിക്ക് നൽകും. പുതിയ പരിഷ്കാരത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം സംസ്ഥാനത്തെ 63 പൊലീസ് സ്റ്റേഷനുകളിൽ വനിതാ സബ് ഇൻസ്പെക്ടർമാർ എസ്എച്ച്ഒമാരായി ചുമതലയേൽക്കുന്നു എന്നതാണ്. സബ് ഇൻസ്പെക്ടർമാർക്ക് മാർഗനിർദേശം നൽകാനും പ്രവർത്തനങ്ങൾ നിരീക്ഷിക്കാനുമായി സർക്കിൾ ഇൻസ്പെക്ടർമാരുടെ കീഴിൽ 200 പൊലീസ് സർക്കിളുകൾ പുതിയതായി രൂപീകരിക്കും.
മൈ പൊലീസ് സ്റ്റേഷൻ പദ്ധതി
പൊലീസ് സ്റ്റേഷനിലെത്തുന്ന ഓരോ വ്യക്തിയുടെയും അന്തസ്സ് മാനിച്ചുകൊണ്ട് സമയബന്ധിതമായി മികച്ച സേവനം നൽകുക എന്നതാണ് മൈ പൊലീസ് സ്റ്റേഷൻ പദ്ധതിയുടെ പ്രധാന ലക്ഷ്യം. കസ്റ്റഡി മരണങ്ങളും മർദനങ്ങളും പൂർണമായി ഇല്ലാതാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ലോകത്തിലെ ഏറ്റവും അപരിഷ്കൃതമായ നടപടികളിലൊന്നായ മൂന്നാംമുറ ആരുടെ നേരെയും പ്രയോഗിക്കാൻ പാടില്ലെന്നും അത് നിയമവിരുദ്ധവും മാനവിക വിരുദ്ധവുമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. കുറ്റകൃത്യം തെളിയിക്കുന്നതുപോലെ തന്നെ പ്രധാനമാണ് അതിനായി പൊലീസ് സ്വീകരിക്കുന്ന വഴികളും.
പുതിയ കർമപദ്ധതിയും പരിശീലനവും
പുതിയതായി ചുമതലയേൽക്കുന്ന എല്ലാ എസ്എച്ച്ഒമാർക്കും പ്രത്യേക പരിശീലനം നൽകും. തുടർന്ന് പൊലീസ് സ്റ്റേഷനുകളിലെ എല്ലാ ഉദ്യോഗസ്ഥർക്കും ഘട്ടംഘട്ടമായി പരിശീലനം ലഭ്യമാക്കും. സർക്കിൾ ഇൻസ്പെക്ടർ മുതൽ മുകളിലേക്കുള്ള മേൽനോട്ട ഉദ്യോഗസ്ഥരുടെ സജീവമായ ഇടപെടൽ ഉണ്ടെങ്കിൽ മാത്രമേ പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം കാര്യക്ഷമമാകൂ. പൗരന്മാരോടും കീഴുദ്യോഗസ്ഥരോടും നല്ല ബന്ധം പുലർത്താൻ ഇവർക്ക് കഴിയണം. അനാവശ്യ സമ്മർദം മൂലം ഉദ്യോഗസ്ഥർ ആത്മഹത്യയിലേക്ക് നീങ്ങുന്ന അവസ്ഥ ഒഴിവാക്കാൻ ഇത് സഹായിക്കും. കൂടാതെ, സാങ്കേതിക രംഗത്തെ മാറ്റങ്ങൾ മേൽനോട്ട ഉദ്യോഗസ്ഥർ പഠിക്കുകയും ഉൾക്കൊള്ളുകയും വേണം. ലോൺ ആപ്പുകൾ ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇവ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ പൊലീസിനെ പ്രാപ്തമാക്കും. ഇതിനായി ഐജി സൈബർ സെക്യൂരിറ്റിയുടെ നേതൃത്വത്തിൽ നിലവിൽ ഒരു സംവിധാനം പ്രവർത്തിക്കുന്നുണ്ട്.
ജനമൈത്രി പൊലീസിങ്ങും വിലയിരുത്തലും
സംസ്ഥാനത്ത് ഇരുപത് വർഷമായി നിലനിൽക്കുന്ന ജനമൈത്രി സുരക്ഷാ പദ്ധതി കൂടുതൽ കാര്യക്ഷമമാക്കും. നിലവിൽ യാന്ത്രികമായി മാറിയ ഈ പദ്ധതിയെ കൂടുതൽ ജനകീയമാക്കാനാണ് തീരുമാനം. മൈ പൊലീസ് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി സ്വതന്ത്രമായ വിലയിരുത്തലിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തും. റേഞ്ച് ഡിഐജിമാർ തങ്ങളുടെ ചുമതലയിലുള്ള ഓരോ സ്റ്റേഷനിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയും മാസം തോറും ഇത് വിലയിരുത്തി ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യും.
സംസ്ഥാന പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ എഡിജിപി (ലോ ആൻഡ് ഓർഡർ) ആയിരിക്കും മൈ പൊലീസ് സ്റ്റേഷൻ പദ്ധതിയുടെ കോഓർഡിനേറ്റർ. പദ്ധതിയുടെ പ്രതിമാസ പുരോഗതി റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി സർക്കാരിന് സമർപ്പിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR