Enter your Email Address to subscribe to our newsletters

Alappuzha , 06 ഓഗസ്റ്റ് (H.S.)
പ്രളയദുരിതം വൻതോതിൽ രൂക്ഷമായ ആലപ്പുഴ ജില്ലയിലെ തലവടി ഗ്രാമപഞ്ചായത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കനത്ത തിരിച്ചടി. കുട്ടനാടൻ മേഖലയിലെ മിന്നൽ പ്രളയത്തെ തുടർന്ന് ദുരിതത്തിലായ ജനങ്ങൾക്കായി പ്രവർത്തിക്കുന്ന ക്യാമ്പുകളിലേക്കും കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങളിലേക്കും ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ നൽകേണ്ട പ്രാദേശിക മാവേലി സ്റ്റോറിൽ അരിയുടെ ശേഖരം പൂർണമായി തീർന്നു. ഇതോടെ നൂറുകണക്കിന് പ്രളയബാധിതരുടെ താൽക്കാലിക ആഹാര വിതരണം വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.
12 ദുരിതാശ്വാസ ക്യാമ്പുകൾ; നൂറുകണക്കിന് ഗുണഭോക്താക്കൾ
തലവടി പഞ്ചായത്തിൻ്റെ വിവിധ വാർഡുകളിലായി നിലവിൽ 12 ദുരിതാശ്വാസ ക്യാമ്പുകളും നിരവധി കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങളുമാണ് തുറന്നിട്ടുള്ളത്. കനത്ത വെള്ളപ്പൊക്കത്തിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് അഭയം തേടിയ കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ള നൂറുകണക്കിന് ആളുകൾക്ക് ദിവസേന മൂന്ന് നേരത്തെ ഭക്ഷണം ഒരുക്കുന്നത് ഈ കേന്ദ്രങ്ങൾ വഴിയാണ്. എന്നാൽ മാവേലി സ്റ്റോറിൽ നിന്ന് സപ്ലൈകോ വഴി ലഭിക്കേണ്ട സൗജന്യ/സബ്സിഡി ഭക്ഷ്യധാന്യങ്ങൾ മുടങ്ങിയത് ക്യാമ്പ് അധികൃതരെ വലയ്ക്കുകയാണ്.
രാവിലെ മുതല് മാവേലി സ്റ്റോറില് അരിക്ക് വേണ്ടി കാത്തിരിക്കുകയാണ്. ഇതുവരെ അരി ലഭിച്ചിട്ടില്ല. ഇവിടെ നിന്നും അരി കിട്ടിയിട്ട് വേണം ഭക്ഷണം പാചകം ചെയ്യാൻ. നീന്തിക്കയറിയാണ് ഇങ്ങോട്ട് വരുന്നത്. ഇനി അരി ലഭിച്ചാലേ തിരികെ പോകുകയുള്ളൂ -മാവേലി സ്റ്റോറില് എത്തിയ പ്രദേശവാസി ലൗലി പറഞ്ഞു.
സന്നദ്ധ സംഘടനകളുടെ കരുണയിൽ തുടരുന്ന കഞ്ഞിവീഴ്ത്തൽ
സർക്കാർ സംവിധാനങ്ങളിൽ നിന്നുള്ള അരി വിതരണം സ്തംഭിച്ചതോടെ പല ക്യാമ്പുകളിലും നിലവിൽ കഞ്ഞി വയ്ക്കുന്നത് സന്നദ്ധ സംഘടനകളുടെയും നാട്ടുകാരായ വ്യക്തികളുടെയും കാരുണ്യം കൊണ്ടാണ്. അവർ നൽകുന്ന ചെറിയ സംഭാവനകളും അരിയും ഉപയോഗിച്ചാണ് കഴിഞ്ഞ 24 മണിക്കൂറായി കേന്ദ്രങ്ങൾ മുന്നോട്ട് പോകുന്നത്. എന്നാൽ വരും ദിവസങ്ങളിലും പ്രളയ സാഹചര്യം തുടരുകയാണെങ്കിൽ ഈ താൽക്കാലിക സംവിധാനവും അപര്യാപ്തമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സപ്ലൈകോ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യം
ക്യാമ്പുകളുടെയും കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങളുടെയും പ്രവർത്തനം പൂർണ്ണമായി തടസ്സപ്പെടാതിരിക്കാൻ ഉയർന്ന ഉദ്യോഗസ്ഥർ ഇടപെട്ട് അടിയന്തരമായി തലവടിയിലേക്ക് അരി എത്തിക്കണമെന്ന് പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. സാധാരണ റേഷൻ വിതരണത്തിന് പുറമെ ദുരന്തബാധിത മേഖലകൾക്കായി സപ്ലൈകോ പ്രത്യേക ബഫർ സ്റ്റോക്ക് അനുവദിക്കണം.
വെള്ളപ്പൊക്കം കാരണം റോഡ് മാർഗ്ഗം മാവേലി സ്റ്റോറുകളിലേക്ക് സാധനങ്ങൾ എത്തിക്കാൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ വള്ളങ്ങളിലോ തദ്ദേശീയ വാഹനങ്ങളിലോ സിവിൽ സപ്ലൈസ് വകുപ്പ് നേരിട്ട് അരി എത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ബുധനാഴ്ച (ഓഗസ്റ്റ് 5) ചേർന്ന അടിയന്തര മന്ത്രിസഭാ യോഗത്തിൽ പ്രളയബാധിതർക്കുള്ള റേഷൻ വിതരണം ഉറപ്പാക്കാൻ സിവിൽ സപ്ലൈസ് വകുപ്പിന് മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകിയിരുന്നു എങ്കിലും താഴെത്തട്ടിൽ അതിൻ്റെ ആനുകൂല്യം ഇനിയും എത്തിച്ചേർന്നിട്ടില്ല എന്നതിന്റെ തെളിവാണ് തലവടിയിലെ ഈ ദുരവസ്ഥ.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR