നീണ്ടകരയില് കാണാതായ ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചില് കാര്യക്ഷമമല്ല: കോസ്റ്റല് പോലീസ് സ്റ്റേഷന് മുന്നില് അമ്മ രേഷ്മയുടെ കണ്ണീരണിഞ്ഞ പ്രതിഷേധം
Kerala, 06 ഓഗസ്റ്റ് (H.S.) നീണ്ടകര: നീണ്ടകരയില് വള്ളം മറിഞ്ഞ് കടലില് കാണാതായ ഗൗതം കൃഷ്ണയ്ക്കായുള്ള (19) തിരച്ചില് തൃപ്തികരമല്ലെന്ന് ആരോപിച്ച് കോസ്റ്റല് പോലീസ് സ്റ്റേഷന് മുന്നില് പ്രതിഷേധവുമായി കാണാതായ യുവാവിന്റെ അമ്മ രേഷ്മ. അധികൃതരുടെ ഭാഗത്തുനിന്ന
നീണ്ടകരയില് കാണാതായ ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചില് കാര്യക്ഷമമല്ല: കോസ്റ്റല് പോലീസ് സ്റ്റേഷന് മുന്നില് അമ്മ രേഷ്മയുടെ കണ്ണീരണിഞ്ഞ പ്രതിഷേധം


Kerala, 06 ഓഗസ്റ്റ് (H.S.)

നീണ്ടകര: നീണ്ടകരയില് വള്ളം മറിഞ്ഞ് കടലില് കാണാതായ ഗൗതം കൃഷ്ണയ്ക്കായുള്ള (19) തിരച്ചില് തൃപ്തികരമല്ലെന്ന് ആരോപിച്ച് കോസ്റ്റല് പോലീസ് സ്റ്റേഷന് മുന്നില് പ്രതിഷേധവുമായി കാണാതായ യുവാവിന്റെ അമ്മ രേഷ്മ. അധികൃതരുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ ഇടപെടലുണ്ടാകുന്നില്ലെന്ന് ആരോപിച്ചാണ് ഇവര് നീണ്ടകര കോസ്റ്റല് പോലീസ് സ്റ്റേഷന്റെ കവാടത്തില് കുത്തിയിരിപ്പ് സമരം നടത്തുന്നത്.

കഴിഞ്ഞ ദിവസമാണ് നീണ്ടകര തീരത്തിന് സമീപം വള്ളം മറിഞ്ഞ് അപകടമുണ്ടായത്. പ്രദേശവാസികളുടെയും പോലീസ്-കോസ്റ്റല് ഗാര്ഡ് വിഭാഗങ്ങളുടെയും നേതൃത്വത്തില് തിരച്ചില് ആരംഭിച്ചിരുന്നെങ്കിലും ദിവസങ്ങള് പിന്നിട്ടിട്ടും കാണാതായ ഗൗതം കൃഷ്ണയെ കണ്ടെത്താന് സാധിച്ചിരുന്നില്ല. നിലവില് നടക്കുന്ന തിരച്ചില് സംവിധാനങ്ങള് അപൂര്ണ്ണവും പ്രഹസനവുമാണെന്നാണ് കുടുംബാംഗങ്ങളും നാട്ടുകാരും ആരോപിക്കുന്നത്.

സംഭവ സ്ഥലത്തെത്തിയ എസിപിയുടെ നേതൃത്വത്തില് രേഷ്മയുമായി ചര്ച്ചകള് നടത്തിയിരുന്നു. കാണാതായ യുവാവിനായി തിരച്ചില് ഊര്ജ്ജിതമാക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥര് ഉറപ്പുനല്കിയെങ്കിലും, കൃത്യമായ നടപടികള് ഉണ്ടാകുന്നതുവരെ പ്രതിഷേധത്തില് നിന്ന് പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണ് അമ്മ രേഷ്മ. ചര്ച്ച പരാജയപ്പെട്ടതിനെ തുടര്ന്നാണ് ഇവര് പോലീസ് സ്റ്റേഷന് മുന്നില് പ്രതിഷേധം തുടരാന് തീരുമാനിച്ചത്.

എന്റെ മകനെ എങ്ങനെയെങ്കിലും തിരികെ വേണം. നിലവില് നടക്കുന്ന തിരച്ചില് ഒട്ടും തൃപ്തികരമല്ല. സ്ക്രീനിംഗും തിരച്ചിലും പേരിനു മാത്രമാണ് നടക്കുന്നത്. സ്കൂബ ഡൈവിംഗ് ടീമിനെ ഉള്പ്പെടെ കടലിലിറക്കി ആഴത്തിലുള്ള തിരച്ചില് നടത്തണം. ബന്ധപ്പെട്ട വകുപ്പ് അധികാരികളും ഉന്നത ഉദ്യോഗസ്ഥരും തങ്ങളുടെ ന്യായമായ ആവശ്യങ്ങള് അംഗീകരിക്കുന്നത് വരെ കോസ്റ്റല് പോലീസ് സ്റ്റേഷന് മുന്നിലെ സമരം അവസാനിപ്പിക്കില്ല, എന്ന് വിങ്ങിപ്പൊട്ടിക്കൊണ്ട് രേഷ്മ പറഞ്ഞു.

കൂടുതല് സജ്ജീകരണങ്ങളുള്ള സ്കൂബ ഡൈവിംഗ് സംഘത്തെ ഉടന് സ്ഥലത്തെത്തിച്ച്, അപകടം നടന്ന പ്രദേശത്തും അതിനോട് ചേര്ന്നുള്ള ആഴക്കടല് മേഖലകളിലും വിപുലമായ രീതിയില് തിരച്ചില് നടപ്പാക്കണമെന്നാണ് കുടുംബത്തിന്റെ പ്രധാന ആവശ്യം. അത്യാധുനിക തിരച്ചില് ഉപകരണങ്ങളും വിദഗ്ദ്ധരായ ആഴക്കടല് നീന്തല് വിദഗ്ദ്ധരെയും പ്രദേശത്തേക്ക് അയക്കാന് നടപടിയുണ്ടാകണമെന്നും നാട്ടുകാര് ആവശ്യപ്പെടുന്നുണ്ട്.

പ്രതിഷേധം ശക്തമായതോടെ പോലീസ് സ്റ്റേഷന് മുന്നില് വന് ജനപങ്കാളിത്തമാണ് അനുഭവപ്പെടുന്നത്. നാട്ടുകാരും ബന്ധുക്കളും രേഷ്മയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കി. വിഷയത്തില് ജില്ലാ ഭരണകൂടത്തിന്റെയും മാരിടൈം ബോര്ഡിന്റെയും അടിയന്തര ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്.

---------------

Hindusthan Samachar / Roshith K


Latest News