Enter your Email Address to subscribe to our newsletters

Kozhikode, 06 ഓഗസ്റ്റ് (H.S.)
കോഴിക്കോട്: വടകരയിൽ വൻതോതിൽ ലഹരിമരുന്നായ എംഡിഎംഎ വിതരണം ചെയ്ത കേസിൽ അറസ്റ്റിലായ പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് സെന്ററിലെ മുൻ കായിക പരിശീലക മരുതോങ്കര സ്വദേശി കെ.സി.കീർത്തനയെ (31) കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. വടകര എൻഡിപിഎസ് കോടതിയാണ് പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനായി പോലീസിന്റെ കസ്റ്റഡിയിൽ നൽകിയത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണി വരെയാണ് കസ്റ്റഡി കാലാവധി അനുവദിച്ചിരിക്കുന്നത്.
വടകര കേന്ദ്രീകരിച്ച് നടന്ന ലഹരിമരുന്ന് ഇടപാടുകളിൽ കീർത്തനയ്ക്ക് സജീവ പങ്കുണ്ടെന്ന പോലീസ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാൽ, ലഹരിമരുന്ന് സംഘങ്ങളുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്ന് പോലീസ് കസ്റ്റഡിയിലേക്ക് മാറ്റുന്നതിനിടെ കീർത്തന മാധ്യമങ്ങളോട് വികാരാധീനയായി വിളിച്ചുപറഞ്ഞു.
കോടതിയിൽ നിന്ന് ചോദ്യം ചെയ്യലിനായി പോലീസുകാർ കൊണ്ടുപോകുന്നതിനിടെയാണ് കീർത്തന മാധ്യമപ്രവർത്തകർക്ക് മുന്നിൽ നിലപാട് വ്യക്തമാക്കിയത്. താൻ ലക്ഷങ്ങളുടെ ലഹരി ഇടപാട് നടത്തിയിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ വാസ്തവവിരുദ്ധമാണെന്നും അവർ ആരോപിച്ചു. എനിക്ക് എംഡിഎംഎ ഇടപാടുമായി ഒരു ബന്ധവുമില്ല. എന്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും. ബാങ്ക് അക്കൗണ്ടുകൾ നിലവിൽ മൈനസ് ബാലൻസിലാണ് കിടക്കുന്നത്. കേരള ഗ്രാമീണ ബാങ്കിലും കൊയിലാണ്ടിയിലെ കാനറ ബാങ്കിലുമുള്ള എന്റെ അക്കൗണ്ടുകളിൽ വലിയ തുകയുടെ ലോൺ തിരിച്ചടവുകൾ കുടിശ്ശിക കിടക്കുകയാണ്, എന്ന് കീർത്തന മാധ്യമങ്ങളോട് പറഞ്ഞു.
ഞാനൊരു അധ്യാപികയാണ്, ഒപ്പം ഒരു ആൺകുട്ടിയുടെ അമ്മയുമാണ്. സമൂഹത്തിന് മുന്നിൽ തലയുയർത്തി ജീവിച്ച താൻ ഒരിക്കലും ഇത്തരമൊരു ലഹരി ഇടപാടും നടത്തില്ല. ഇക്കാര്യമെങ്കിലും മാധ്യമങ്ങൾ തിരിച്ചറിയണം, എന്നും കസ്റ്റഡിയിൽ പോകുന്നതിനിടെ ഇവർ മാധ്യമപ്രവർത്തകരോട് ഉറക്കെ വിളിച്ച് അഭ്യർത്ഥിച്ചു.
അതേസമയം, മേഖലയിലെ ലഹരിമരുന്ന് വിതരണ ശൃംഖലയെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വ്യക്തത വരുത്താൻ കീർത്തനയെ കസ്റ്റഡിയിൽ ലഭിച്ച് ചോദ്യം ചെയ്യുന്നതിലൂടെ സാധിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടൽ. പ്രതിയുടെ സാമ്പത്തിക സ്രോതസ്സുകൾ, ഫോൺ രേഖകൾ, എംഡിഎംഎയുടെ ഉറവിടം എന്നിവയെക്കുറിച്ച് പോലീസ് വരും ദിവസങ്ങളിൽ വിശദമായി അന്വേഷിക്കും. വടകര പോലീസിന്റെ നേതൃത്വത്തിലാണ് കേസിന്റെ തുടർനടപടികൾ പുരോഗമിക്കുന്നത്.
---------------
Hindusthan Samachar / Roshith K