Enter your Email Address to subscribe to our newsletters

Thiruvananthapuram , 07 ഓഗസ്റ്റ് (H.S.)
പസഫിക് സമുദ്രത്തിൽ രൂപംകൊണ്ട 'ഡോൾഫിൻ' ചുഴലിക്കാറ്റിൻ്റെ സ്വാധീനത്താൽ സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴ അതിശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. എറണാകുളം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്നും എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണെന്നും അധികൃതർ അറിയിച്ചു.
അറബിക്കടലിൽ നിന്നുള്ള ഈർപ്പമുള്ള കാലവർഷക്കാറ്റ് കേരളത്തിന് മുകളിലൂടെ ശക്തമായി കടന്നുപോകുന്നതാണ് നിലവിലെ തീവ്രമഴയ്ക്ക് കാരണം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് നിലവിലുള്ളത്. ബാക്കിയുള്ള ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ഒരു കാരണവശാലും കടലിൽ പോകരുതെന്ന് കർശന നിർദേശമുണ്ട്. മറ്റന്നാൾ മുതൽ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ വിലയിരുത്തുന്നത്. നാളെ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. മലയോര മേഖലകളിലും നദീതീരങ്ങളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
സംസ്ഥാനത്ത് മഴ കനത്ത സാഹചര്യത്തിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, എറണാകുളം, ഇടുക്കി, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ മുതൽ പ്രഫഷണൽ കോളജുകൾ വരെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ഇടുക്കിയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി നൽകിയിട്ടുണ്ട്. എറണാകുളത്ത് പുലർച്ചെ അഞ്ചരയോടെയും തൃശൂരിൽ ആറ് മണിക്ക് ശേഷവുമാണ് ജില്ലാ കലക്ടർമാർ അവധി അറിയിച്ചത്.
അവസാന നിമിഷമുണ്ടായ അവധി പ്രഖ്യാപനം രക്ഷിതാക്കളെയും വിദ്യാർഥികളെയും വലിയ തോതിൽ വലച്ചു. സ്കൂൾ ബസുകളിലും മറ്റും യാത്ര പുറപ്പെടാൻ ഒരുങ്ങിയ ശേഷമാണ് പലരും അവധി വിവരം അറിഞ്ഞത്. ഇന്നലെ രാത്രി സാധാരണ പ്രവൃത്തിദിനമായിരിക്കുമെന്ന് അറിയിച്ച ശേഷമാണ് കലക്ടർ തീരുമാനം മാറ്റിയത്. പുലർച്ചെ നാല് മണിക്ക് പുറത്തുവന്ന കാലാവസ്ഥ വകുപ്പിൻ്റെ റെഡ് അലർട്ട് നിർദേശം മുൻനിർത്തിയാണ് സുരക്ഷാ കാരണങ്ങളാൽ അടിയന്തരമായി അവധി പ്രഖ്യാപിക്കേണ്ടി വന്നതെന്ന് അധികൃതർ വിശദീകരിച്ചു. തൃശൂരിൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കില്ലെന്ന് കലക്ടർ വ്യക്തമാക്കി.
അപ്പർ കുട്ടനാട്ടിൽ പ്രളയഭീതി
പത്തനംതിട്ട ജില്ലയിലെ അപ്പർ കുട്ടനാടൻ മേഖലകൾ പൂർണ്ണമായും വെള്ളക്കെട്ടിലായി. തിരുവല്ല, മേപ്രാൽ പ്രദേശങ്ങളിൽ ഇന്നലെ രാത്രി മുതൽ നിർത്താതെ മഴ പെയ്യുകയാണ്. മഴ കുറഞ്ഞാലും ഈ മേഖലയിലെ വെള്ളമിറങ്ങാൻ ഞായറാഴ്ച വരെ സമയം എടുത്തേക്കും. തിരുവല്ല താലൂക്കിൽ മാത്രം നൂറോളം ദുരിതാശ്വാസ ക്യാമ്പുകളിലായി എണ്ണായിരത്തോളം ആളുകളാണ് കഴിയുന്നത്. പല ക്യാമ്പുകളിലും വെള്ളം കയറി തുടങ്ങിയത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. റവന്യു മന്ത്രി കെ രാജൻ പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഗതാഗത തടസ്സമടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക പാക്കേജ് പരിഗണിക്കുമെന്ന് മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഡാമുകളിലെ ജലനിരപ്പ് നിലവിൽ ആശങ്കാജനകമല്ല എന്നത് മാത്രമാണ് ഏക ആശ്വാസം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR