കര്ഷകദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 17-ന് കളമശ്ശേരിയിലെ ആഷിസ് കണ്വെന്ഷന് സെന്ററില് മുഖ്യമന്ത്രി നിര്വഹിക്കും
Kochi, 07 ഓഗസ്റ്റ് (H.S.) കര്‍ഷകരുടെ അധ്വാനത്തെയും കാര്‍ഷിക മേഖലയിലെ സമഗ്ര സംഭാവനകളെയും ആദരിക്കുന്ന സംസ്ഥാന കര്‍ഷകദിനാഘോഷം ഇത്തവണ ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച അന്താരാഷ്ട്ര വനിതാ കര്‍ഷക വര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രാധാന്യത്തോടെയാണ് സംഘട
UDF Candidate T Siddique


Kochi, 07 ഓഗസ്റ്റ് (H.S.)

കര്‍ഷകരുടെ അധ്വാനത്തെയും കാര്‍ഷിക മേഖലയിലെ സമഗ്ര സംഭാവനകളെയും ആദരിക്കുന്ന സംസ്ഥാന കര്‍ഷകദിനാഘോഷം ഇത്തവണ ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച അന്താരാഷ്ട്ര വനിതാ കര്‍ഷക വര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രാധാന്യത്തോടെയാണ് സംഘടിപ്പിക്കുന്നതെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് പറഞ്ഞു.

സ്ത്രീകളുടെ കാര്‍ഷിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും കാര്‍ഷിക മേഖലയിലേക്ക് പുതുതലമുറയെ ആകര്‍ഷിക്കുന്നതിനും നൂതന സാങ്കേതികവിദ്യകള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമുള്ള സര്‍ക്കാരിന്റെ സമഗ്ര ഇടപെടലുകളുടെ പ്രതിഫലനമായിരിക്കും ഇത്തവണത്തെ കര്‍ഷകദിനാഘോഷമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന കര്‍ഷകദിനാഘോഷത്തിന് മുന്നോടിയായി കളമശ്ശേരി ആഷിസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വര്‍ഷത്തെ സംസ്ഥാന കര്‍ഷകദിനാഘോഷം ആഗസ്റ്റ് 17-ന് എറണാകുളം കളമശ്ശേരിയിലെ ആഷിസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. കേരള മുഖ്യമന്ത്രി വി. ഡി. സതീശന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഫിഷറീസ് വകുപ്പ് മന്ത്രി വി. ഇ. അബ്ദുല്‍ ഗഫൂര്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണ്‍, ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. എംപിമാരായ ഹൈബി ഈഡന്‍, ബെന്നി ബെഹ്നാന്‍, ഡീന്‍ കുര്യാക്കോസ്, ജെബി മേത്തര്‍, ഹാരിസ് ബീരാന്‍ എന്നിവരും എം.എല്‍.എമാരും മറ്റ് ജനപ്രതിനിധികളും കര്‍ഷകരും കാര്‍ഷിക മേഖലയിലെ വിദഗ്ധരും ചടങ്ങില്‍ പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു.

കാര്‍ഷിക മേഖലയിലെ മികവിനെയും സമഗ്ര സംഭാവനകളെയും ആദരിച്ച് 38 വിഭാഗങ്ങളിലായി സംസ്ഥാന കര്‍ഷക അവാര്‍ഡുകള്‍ വിതരണം ചെയ്യും. ഇതില്‍ അഞ്ച് ലക്ഷം രൂപ സമ്മാനത്തുകയോടെയുള്ള 'ശ്രീ ഉമ്മന്‍ ചാണ്ടി സ്മാരക സമഗ്ര സംഭാവന പുരസ്‌കാരം' ആദ്യമായി സമ്മാനിക്കുന്നതും, 'മട്ടുപ്പാവ് കൃഷി ചെയ്യുന്ന മികച്ച കര്‍ഷകന്‍', 'ഉദ്യാന ശ്രേഷ്ഠ' എന്നീ പുതിയ അവാര്‍ഡ് വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതും ഈ വര്‍ഷത്തെ പ്രധാന പ്രത്യേകതകളാണെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനതല ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് കാര്‍ഷിക മേഖലയിലെ നൂതന സാങ്കേതികവിദ്യകളും ഉല്‍പ്പന്നങ്ങളും പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി വിപുലമായ കാര്‍ഷിക പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള ഭൗമസൂചിക (ജി.ഐ.) പദവി ലഭിച്ച കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, കേരള ഗ്രോ ഉല്‍പ്പന്നങ്ങള്‍, സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, മണ്ണ് സംരക്ഷണ വകുപ്പ്, വിവിധ സര്‍ക്കാര്‍ ഫാമുകള്‍, ഹോര്‍ട്ടികോര്‍പ്പ്, കേര, അഗ്മാര്‍ക്ക്, സഹകരണ മേഖലയിലെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, കാര്‍ഷിക യന്ത്രവത്കരണ സാങ്കേതികവിദ്യകള്‍, മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, കാര്‍ഷിക സംരംഭകത്വ മാതൃകകള്‍ എന്നിവയുടെ പ്രദര്‍ശന സ്റ്റാളുകള്‍ ഒരുക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും കാര്‍ഷിക ഏജന്‍സികളുടെയും സേവനങ്ങളും പദ്ധതികളും സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങളും പ്രദര്‍ശനത്തിന്റെ ഭാഗമായുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനതല ആഘോഷത്തോടൊപ്പം എല്ലാ കൃഷിഭവനുകളുടെയും നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് സംസ്ഥാനത്തുടനീളം കര്‍ഷകദിനം ജനകീയ ആഘോഷമായി സംഘടിപ്പിക്കും. സംസ്ഥാനതല ആഘോഷം എറണാകുളം ജില്ലയില്‍ നടക്കുന്നതിനാല്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഉച്ചയ്ക്കുശേഷമായിരിക്കും കര്‍ഷകദിന പരിപാടികള്‍ സംഘടിപ്പിക്കുക. കര്‍ഷകരെ ആദരിക്കുന്നതിനൊപ്പം ഗ്രാമങ്ങളിലും നഗരങ്ങളിലും കാര്‍ഷിക സംസ്‌കാരം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ പരിപാടികളും ഇതിന്റെ ഭാഗമായി നടക്കും.

കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി നിരവധി ബൃഹത് പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കിവരുന്നത്. പുതുതലമുറയില്‍ കൃഷിയോടും പ്രകൃതിയോടും മണ്ണിനോടുമുള്ള ആത്മബന്ധം വളര്‍ത്തിയെടുക്കുന്നതിനായി സംസ്ഥാനത്ത് 'കതിര്' കാര്‍ഷിക ക്ലബ്ബുകള്‍ രൂപീകരിച്ചുവരികയാണ്. ഇതിന്റെ തുടര്‍ച്ചയായി 'കനിപ്പന്തല്‍ ഇനി വിദ്യാലയങ്ങളിലും' പദ്ധതിയിലൂടെ സംസ്ഥാനത്തെ 2,921 വിദ്യാലയങ്ങളില്‍ പഴവര്‍ഗ പോഷകത്തോട്ടങ്ങള്‍ സ്ഥാപിക്കുന്നതിനും തുടക്കം കുറിച്ചിട്ടുണ്ട്. കൃഷിയില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വെയിറ്റേജ് മാര്‍ക്ക് നല്‍കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ഇത്തരമൊരി പദ്ധതി രാജ്യത്ത് ഒരു സ്ഥാനത്ത് ആദ്യമായിരിക്കും. അന്താരാഷ്ട്ര വനിതാ കര്‍ഷക വര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകളുടെ കാര്‍ഷിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ 'കൃഷിസഖി' പദ്ധതി ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

ഓണക്കാലത്ത് സംസ്ഥാനത്തിന്റെ പച്ചക്കറി ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനായി 'ഓണത്തിന് ഒരുക്കാം... വിളവിന്റെ വിസ്മയം' ക്യാമ്പയിന്‍ നടപ്പാക്കിവരികയാണ്. വീടുകള്‍, വിദ്യാലയങ്ങള്‍, പൊതുസ്ഥാപനങ്ങള്‍, കൂട്ടായ കൃഷിയിടങ്ങള്‍ എന്നിവിടങ്ങളില്‍ പച്ചക്കറി കൃഷി വ്യാപിപ്പിച്ച് ഓണത്തിന് ആവശ്യമായ പച്ചക്കറികളും പൂക്കളും പരമാവധി കേരളത്തില്‍ തന്നെ ഉല്‍പ്പാദിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

*ആഗസ്റ്റ് 6 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 99.29 കോടിയുടെ കൃഷിനാശംഃ*

അടുത്തിടെ സംസ്ഥാനത്ത് ഉണ്ടായ അതിശക്തമായ മഴയും വെള്ളപ്പൊക്കവും കാര്‍ഷിക മേഖലയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ആഗസ്റ്റ് 6 വരെ ജില്ലകളില്‍ നിന്ന് ലഭിച്ച വിള അടിസ്ഥാനത്തിലുള്ള ഫസ്റ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടുകളുടെ (എഫ്.ഐ.ആര്‍.) അടിസ്ഥാനത്തിലുള്ള പ്രാഥമിക വിലയിരുത്തല്‍ പ്രകാരം 36,829 കര്‍ഷകരെ ബാധിക്കുകയും 3,264 ഹെക്ടര്‍ കൃഷിയിടങ്ങള്‍ക്ക് നാശനഷ്ടമുണ്ടാകുകയും ചെയ്തിട്ടുണ്ട്. 99.29 കോടി രൂപയുടെ വിളനാശമാണ് പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്. കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് സമയബന്ധിതമായി ധനസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ അടിയന്തരമായി സ്വീകരിച്ചുവരികയാണ്.

കൃഷിനാശ ധനസഹായം 25 ശതമാനം വര്‍ധിപ്പിക്കുമെന്ന് മന്ത്രിസഭാ യോഗ തീരുമാനമായി മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടെന്നും, ദീര്‍ഘകാലമായി നിലവിലുണ്ടായിരുന്ന നഷ്ടപരിഹാര നിരക്കുകള്‍ പരിഷ്‌കരിക്കുന്നതിനുള്ള സുപ്രധാന തീരുമാനമാണിതെന്നും മന്ത്രി പറഞ്ഞു.

*കേന്ദ്രത്തോട് 110 കോടിയുടെ പ്രത്യേക സാമ്പത്തിക സഹായം ആവശ്യപ്പെട്ട് സംസ്ഥാനംഃ*

കാര്‍ഷിക മേഖലയ്ക്ക് ഉണ്ടായ നാശനഷ്ടങ്ങള്‍ കണക്കിലെടുത്ത് 110 കോടി രൂപയുടെ പ്രത്യേക കേന്ദ്രസഹായം സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിന് കത്തു നല്‍കിയതായി കൃഷിമന്ത്രി ടി.സിദ്ദിഖ് പറഞ്ഞു. 100 കോടി രൂപയുടെ പ്രത്യേക അഡ്ഹോക്ക് സാമ്പത്തിക പാക്കേജും 10 കോടി രൂപയുടെ കാര്‍ഷിക പുനരുജ്ജീവന ധനസഹായവും ഉള്‍പ്പെടെയാണ് പ്രത്യേക സാമ്പത്തിക സഹായം ആവശ്യപ്പെട്ടത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നഷ്ടപ്പെട്ട മണ്ണിന്റെ ഫലഭൂയിഷ്ഠത വീണ്ടെടുക്കുന്നതിനായി ഡിജിറ്റല്‍ സാര്‍വത്രിക മണ്ണ് പരിശോധന നടപ്പാക്കുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ ആവിഷ്‌കരിക്കുമെന്ന് മന്ത്രി അറിയിച്ചു.

100 കോടി രൂപയുടെ പ്രത്യേക കേന്ദ്രസഹായം ലഭ്യമാകുന്ന പക്ഷം, നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കി നഷ്ടപരിഹാരവും പുനരധിവാസ സഹായവും ബാധിതരായ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 10 കോടി രൂപയുടെ കാര്‍ഷിക പുനരുജ്ജീവന ധനസഹായം ലഭിച്ചാല്‍ വെള്ളക്കെട്ട് മൂലമുണ്ടായ എക്കലും ചെളിയും നീക്കം ചെയ്ത് കൃഷിയിടങ്ങള്‍ പുനഃസജ്ജമാക്കുന്നതിനും, മണ്ണിന്റെ ഫലഭൂയിഷ്ഠത വീണ്ടെടുക്കുന്നതിനാവശ്യമായ ജൈവവളങ്ങളും മണ്ണ് പരിപോഷകങ്ങളും സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കുന്നതിനും, ഗുണനിലവാരമുള്ള വിത്തുകളും തൈകളും അടിയന്തരമായി സംഭരിച്ച് വിതരണം ചെയ്യുന്നതിനുമാണ് വിനിയോഗിക്കുകയെന്ന് മന്ത്രി വിശദീകരിച്ചു.

*കൃഷിനാശം;കുട്ടനാട് ആഗസ്റ്റ് 9ന് സന്ദര്‍ശിക്കുംഃ*

കൃഷിനാശം സംഭവിച്ച ആലപ്പുഴ ജില്ലയിലെ കുട്ടനാട് ഉള്‍പ്പെടെ വിവിധ പ്രദേശങ്ങള്‍ ആഗസ്റ്റ് 9-ന് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുമെന്നും തുടര്‍ന്ന് കളക്ടറേറ്റില്‍ അവലോകന യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്ക് പുനഃകൃഷി നടത്തുന്നതിനുള്ള പലിശരഹിത വായ്പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വിവിധ ബാങ്കുകളുടെ പ്രതിനിധികളുടെ യോഗം ആഗസ്റ്റ് 11-ന് തിരുവനന്തപുരം സെക്രട്ടേറിയറ്റ് അനക്സ് ലയം ഹാളില്‍ ചേരും. സഹകരണ വകുപ്പ് മന്ത്രി എം. ലിജുവും യോഗത്തില്‍ പങ്കെടുക്കും.

പ്രകൃതിക്ഷോഭത്തില്‍ ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ കൃഷിവകുപ്പ് സ്വീകരിച്ചുവരികയാണ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കാര്‍ഷിക വിളനാശം റിപ്പോര്‍ട്ട് ചെയ്യുന്നതിനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൃഷിനാശത്തിന് ധനസഹായം ലഭിക്കുന്നതിനായി കര്‍ഷകര്‍ക്ക് കൃഷിവകുപ്പിന്റെ എയിംസ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാമെന്നും മന്ത്രി അറിയിച്ചു.

ഓണക്കാലത്ത് കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലസ്ഥിരത ഉറപ്പാക്കുന്നതിനും വിപണിയിടപെടല്‍ ശക്തിപ്പെടുത്തുന്നതിനും കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കുന്നതിനുമായി 20 കോടി രൂപയുടെ വിപണിയിടപെടല്‍ പദ്ധതിക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും, സംസ്ഥാനത്തുടനീളം 2,000-ത്തോളം ഓണച്ചന്തകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News