Enter your Email Address to subscribe to our newsletters

Thiruvananthapuram, 07 ഓഗസ്റ്റ് (H.S.)
സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ഇരുട്ടടി നൽകി സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയരുന്നു. ഇന്നലെ മാത്രം പവന് 2,120 രൂപയുടെ വൻ വർധനയുണ്ടായതിന് പിന്നാലെ ഇന്നും 120 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിൻ്റെ വില 1,09,920 രൂപയിലെത്തി. ഗ്രാമിന് 15 രൂപ വർധിച്ച് 13,740 രൂപയായതോടെ, കഴിഞ്ഞ ദിവസങ്ങളിലായി സ്വർണ നിരക്ക് തുടർച്ചയായി വർധിച്ചുകൊണ്ടിരിക്കുകയാണ്.
18 കാരറ്റ് സ്വർണം ഗ്രാമിന് 15 രൂപ വർധിച്ച് 11,290 രൂപയായി. പവന് 90,320 രൂപയാണ് വിപണി വില. 14 കാരറ്റ് സ്വർണം ഗ്രാമിന് 10 രൂപ വർധിച്ച് 8,795 രൂപയും പവന് 70,360 രൂപയുമാണ് ഇന്നത്തെ വില. ഒമ്പത് കാരറ്റ് സ്വർണത്തിന് അഞ്ച് രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 5,670 രൂപയും പവന് 45,360 രൂപയുമായി. അതേസമയം വെള്ളി വിലയിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ല. ഒരു ഗ്രാം വെള്ളിക്ക് 240 രൂപയും 10 ഗ്രാം വെള്ളിക്ക് 2,400 രൂപയുമാണ് ഇന്നത്തെ വില.
സംസ്ഥാനത്ത് വരും ദിവസങ്ങളിലും സ്വർണവിലയിൽ മാറ്റങ്ങളുണ്ടാകുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്കിങ് നിരക്ക് എന്നിവ സ്വർണവിലയുടെ കൂടെ ഉൾപ്പെടുത്തുമ്പോൾ ഒരു പവൻ സ്വർണം വാങ്ങാൻ 1.25 ലക്ഷം രൂപയെങ്കിലും നൽകേണ്ടിവരും.
ആഗോള വിപണിയുടെ സ്വാധീനം
ജൂലൈ മാസത്തിലെ ഫെഡറൽ റിസർവ് യോഗത്തിൽ നയപലിശ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തി. എന്നാൽ ഇത് പലിശവർധനയുടെ അവസാനമല്ലെന്നും പണപ്പെരുപ്പത്തിൻ്റെ ഗതി വിലയിരുത്തി വരും മാസങ്ങളിൽ നിരക്കുകൾ വീണ്ടും ഉയർത്തിയേക്കാമെന്നും ഫെഡ് ചെയർമാൻ കെവിൻ വാർഷ് സൂചന നൽകി. പശ്ചിമേഷ്യൻ സംഘർഷങ്ങളും പുതിയ സാമ്പത്തിക സൂചകങ്ങളും ആഗോള വിപണിയുടെ ഹ്രസ്വകാല ദിശ നിർണയിക്കുന്നതിൽ ഇനി നിർണായകമാകും.
പലിശ നിരക്കുകൾ ഉയർന്ന നിലയിൽ തുടരുമ്പോൾ ബോണ്ടുകളിൽ നിന്നുള്ള ആദായം വർധിക്കുകയും, സ്വർണം പോലുള്ള പലിശ ലഭിക്കാത്ത നിക്ഷേപങ്ങളുടെ ആകർഷണീയത കുറയുകയും ചെയ്യുന്നത് വിലയെ ബാധിക്കുന്നു. വരും ദിവസങ്ങളിൽ രാജ്യാന്തര തലത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ സ്വർണവിലയെ നേരിട്ട് സ്വാധീനിക്കും.
ആഗോളതലത്തിലുള്ള ലഭ്യതക്കുറവ്, വ്യാവസായിക ആവശ്യങ്ങളിലെ വർധന, സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള സ്വീകാര്യത എന്നിവയാണ് വെള്ളി വിലയിലെ ഏറ്റക്കുറച്ചിലുകൾക്ക് പ്രധാന കാരണം. ഇന്ത്യയിലെ ഇറക്കുമതി തീരുവയും നികുതി വ്യവസ്ഥകളും ആഭ്യന്തര വിപണിയിൽ വില കൂടാൻ കാരണമാകുന്നുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR