Enter your Email Address to subscribe to our newsletters

Thiruvananthapuram, 07 ഓഗസ്റ്റ് (H.S.)
ശബരിമലയിലെ മിൽമ നെയ്യ് വാങ്ങലുമായി ബന്ധപ്പെട്ട ക്രമക്കേടിൽ ദേവസ്വം ജീവനക്കാരുടെ പങ്കാളിത്തം പരിശോധിക്കാൻ ദേവസ്വം വിജിലൻസിന് നിർദ്ദേശം നൽകിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ വ്യക്തമാക്കി. ക്രമക്കേട് സംബന്ധിച്ച് സമർപ്പിക്കപ്പെട്ട പ്രാഥമിക ദേവസ്വം വിജിലൻസ് റിപ്പോർട്ട് ബോർഡ് പൂർണമായി അംഗീകരിച്ചു. സംസ്ഥാന വിജിലൻസ് നടത്തുന്ന അന്വേഷണത്തിന് ഒരു തരത്തിലും തടസമുണ്ടാകാത്ത രീതിയിലാകും ദേവസ്വം വിജിലൻസ് അന്വേഷണം മുന്നോട്ട് പോവുകയെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സന്നിധാനത്ത് പരിശോധനയ്ക്ക് ഭക്ഷ്യസുരക്ഷാ യൂണിറ്റ്
വരുന്ന സീസൺ മുതൽ ശബരിമലയിലേക്ക് പുറത്തുനിന്ന് നെയ്യ് വാങ്ങേണ്ടതില്ലെന്നാണ് ദേവസ്വം ബോർഡിൻ്റെ അന്തിമ തീരുമാനം. ഭക്തജനങ്ങൾ കാണിക്കയായി അർപ്പിക്കുന്ന നെയ്യ് തന്നെ ആവശ്യങ്ങൾക്ക് ധാരാളമാകുമെന്നാണ് വിലയിരുത്തൽ. ഇതിനുപുറമേ, അയ്യപ്പന്മാർ കൊണ്ടുവരുന്ന നെയ്യുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി സന്നിധാനത്ത് പ്രത്യേക ഭക്ഷ്യസുരക്ഷാ യൂണിറ്റിനെ ചുമതലപ്പെടുത്തുമെന്നും കെ. ജയകുമാർ വ്യക്തമാക്കി.
മുൻ പ്രസിഡൻ്റ് പി എസ്. പ്രശാന്ത് പ്രതിപ്പട്ടികയിൽ
കഴിഞ്ഞ മണ്ഡലകാലത്ത് മിൽമയിൽ നിന്ന് നെയ്യ് വാങ്ങിയ ഇടപാടിൽ 2.27 കോടി രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയ സംഭവത്തിൽ അന്വേഷണ സംഘം എഫ് ഐ ആർ തയ്യാറാക്കി. ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പി.എസ്. പ്രശാന്ത്, ബോർഡംഗം അജികുമാർ, അന്തരിച്ച മുൻ എക്സിക്യൂട്ടീവ് ഓഫിസർ മുരാരി ബാബു എന്നിവരെ പ്രതി ചേർത്താണ് വിജിലൻസ് അന്വേഷണം മുന്നോട്ട് പോകുന്നത്. തമിഴ്നാട് ആസ്ഥാനമായുള്ള കമ്പനി ലിറ്ററിന് 369 രൂപ നിരക്കിൽ നെയ്യ് നൽകാമെന്ന് ഇ-ടെൻഡറിലൂടെ അറിയിച്ചിട്ടും, അത് റദാക്കി ലിറ്ററിന് 510 രൂപ നിരക്കിൽ മിൽമയിൽ നിന്ന് 1.65 ലക്ഷം ലിറ്റർ നെയ്യ് വാങ്ങാൻ ബോർഡ് താല്പര്യം കാണിക്കുകയായിരുന്നു.
ദേവസ്വം കമ്മീഷണറുടെ എതിർപ്പ് മറികടന്നാണ് ക്രമക്കേട് നടത്തിയതെന്ന് വ്യക്തമായതോടെ ഹൈക്കോടതി ഇടപെടുകയായിരുന്നു. കോടതി നിർദ്ദേശപ്രകാരം വിജിലൻസ് എസ് പി സോജൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് (SIT) കേസ് കൈകാര്യം ചെയ്യുന്നത്. ഒരു മാസത്തിനുള്ളിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
ടെൻഡറുകൾ സമഗ്രമായി പരിഷ്ക്കരിക്കും
ശബരിമലയിലെ ടെൻഡറുകൾ സമഗ്രമായി പരിഷ്ക്കരിക്കാൻ തീരുമാനിച്ചതായും ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ വ്യക്തമാക്കി. ഇത്തവണ ഇ ടെൻഡറിനൊപ്പം ഇ ഓക്ഷൻ കൂടി നടത്തും. ശബരിമലയുടെ നിലവാരം ഉയർത്തുക എന്നത് പടിപടിയായി ചെയ്യേണ്ട കാര്യമാണ്. അത് ചെയ്യാനാകും എന്നാണ് കരുതുന്നത്. ക്ഷേത്രകലാപീഠം നടത്തിപ്പ് സമഗ്രമായി പരിഷ്കരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR