Enter your Email Address to subscribe to our newsletters

Thiruvananthapuram, 07 ഓഗസ്റ്റ് (H.S.)
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി കേരളം നടപ്പിലാക്കിയ മാതൃകാപരമായ ഇടപെടലുകളെ പ്രശംസിച്ച് കേന്ദ്ര സർക്കാർ. ന്യൂഡൽഹിയിൽ ചേർന്ന പാർലമെൻ്ററി കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗത്തിലാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് കേരളത്തിൻ്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചത്. കേരളത്തിൻ്റെ ഈ വിജയമാതൃക മറ്റ് സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കാനും മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം നിർദേശം നൽകി.
കേരളത്തിൻ്റെ പ്രതിരോധ പ്രവർത്തനങ്ങൾമനുഷ്യ-വന്യജീവി സംഘർഷത്തെ സംസ്ഥാനത്തെ പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചതുൾപ്പെടെയുള്ള കാര്യങ്ങൾ കേരളം യോഗത്തിൽ വിശദീകരിച്ചു. വന്യജീവി ആക്രമണം രൂക്ഷമായ 273 പഞ്ചായത്തുകളെ പ്രത്യേകം കണ്ടെത്തിയാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി ദ്രുത പ്രതികരണ സംഘങ്ങളെയും പ്രാഥമിക പ്രതികരണ സംഘങ്ങളെയും വിന്യസിച്ച കാര്യവും സംസ്ഥാനം വ്യക്തമാക്കി.
ജനജാഗ്രതാ സമിതികൾ രൂപീകരിച്ചതും പാമ്പുകളെ പിടികൂടി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനുള്ള സർപ്പ വൊളൻ്റിയർ പ്രോഗ്രാം തുടങ്ങിയ ജനകീയ സംരംഭങ്ങളും യോഗത്തിൽ പ്രത്യേക ശ്രദ്ധ നേടി. വന്യജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥ സംരക്ഷിക്കുക, വന്യജീവി പാതകളുടെ പുനരുദ്ധാരണം നടത്തുക തുടങ്ങിയ കാര്യങ്ങൾക്ക് സംസ്ഥാനം വലിയ പ്രാധാന്യമാണ് നൽകുന്നത്. ഇതിനുപുറമെ ഉത്തരവാദിത്ത ടൂറിസം പ്രോത്സാഹിപ്പിക്കുന്നതും സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തിയതും കേരളം യോഗത്തെ അറിയിച്ചു.
സമഗ്ര സമീപനം അനിവാര്യംകേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നടപ്പിലാക്കുന്ന മികച്ച സംരംഭങ്ങളെ കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ് അഭിനന്ദിച്ചു. ശാസ്ത്രീയമായ പരിപാലനത്തിലൂടെയും വിവിധ വകുപ്പുകൾ തമ്മിലുള്ള സഹകരണത്തിലൂടെയും മാത്രമേ വന്യജീവി സംഘർഷം എന്ന വെല്ലുവിളിയെ നേരിടാനാകൂ എന്ന് അദ്ദേഹം വ്യക്തമാക്കി. പ്രാദേശിക സമൂഹങ്ങളുടെ സജീവ പങ്കാളിത്തവും സാങ്കേതികവിദ്യയുടെ ഉപയോഗവും സമന്വയിപ്പിച്ചുകൊണ്ടുള്ള സമഗ്ര സമീപനമാണ് ഇതിന് അനിവാര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിന് പുറമെ അസം, കർണാടക, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളും തങ്ങളുടെ പ്രദേശങ്ങളിലെ വന്യജീവി സംഘർഷ സാഹചര്യങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. പ്രതിരോധ നടപടികൾ, ജനപങ്കാളിത്തത്തോടെയുള്ള സംരംഭങ്ങൾ, സാങ്കേതികവിദ്യയുടെ ഉപയോഗം എന്നിവയ്ക്ക് പുറമെ ദേശീയതലത്തിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുള്ള ശുപാർശകളും ഈ സംസ്ഥാനങ്ങൾ മുന്നോട്ടുവച്ചു.
പ്രാദേശികാടിസ്ഥാനത്തിലുള്ള ആസൂത്രണം, മുന്നറിയിപ്പ് സംവിധാനങ്ങൾ, സംസ്ഥാനങ്ങൾ തമ്മിലുള്ള ഏകോപനം എന്നിവയുടെ പ്രാധാന്യവും യോഗത്തിൽ ചർച്ചയായി. സമിതി അംഗങ്ങളായ പാർലമെൻ്റ് അംഗങ്ങൾ, മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, വിവിധ സംസ്ഥാനങ്ങളിലെ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR