Enter your Email Address to subscribe to our newsletters

Kasaragod , 07 ഓഗസ്റ്റ് (H.S.)
കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ അഭാവവും ഒ.പി രജിസ്ട്രേഷൻ നിർത്തിവച്ചതും ചോദ്യം ചെയ്ത നാട്ടുകാർക്കെതിരെ പൊലീസ് കേസെടുത്തു. ആശുപത്രി ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന പരാതിയിലാണ് മൂന്ന് പേർക്കെതിരെ കുമ്പള പൊലീസ് നടപടിയെടുത്തത്. ജില്ലയിലെ മറ്റൊരു പ്രധാന ആരോഗ്യ കേന്ദ്രമായ മംഗൽപാടി താലൂക്ക് ആശുപത്രിയിലും ഡോക്ടർമാരുടെ കുറവ് മൂലം നൂറുകണക്കിന് രോഗികൾ ചികിത്സ ലഭിക്കാതെ മടങ്ങുന്നതായി വ്യാപക പരാതിയുണ്ട്.
ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതിനെ തുടർന്ന് രോഗികൾ ഏറെ നേരം കാത്തുനിന്നിട്ടും ചികിത്സ ലഭിക്കാത്ത സാഹചര്യമാണ് കുമ്പളയിൽ പ്രതിഷേധത്തിന് ഇടയാക്കിയത്. രോഗികൾ ആശുപത്രിക്ക് പുറത്തുള്ളപ്പോൾ ഒ.പി രജിസ്ട്രേഷൻ നിർത്തിവച്ചതിനെ നാട്ടുകാർ ചോദ്യം ചെയ്യുകയായിരുന്നു. ഈ മാസം രണ്ടിന് ഉച്ചയ്ക്ക് 12.40നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. മൂന്ന് പേർ ആശുപത്രിയിലെത്തി ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതായും അശ്ലീല ഭാഷ പ്രയോഗിച്ചതായും എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ സ്ത്രീകളായ രോഗികളുടെയും വനിതാ ജീവനക്കാരുടെയും ഉൾപ്പെടെ ദൃശ്യങ്ങൾ ഇവർ മൊബൈൽ കാമറയിൽ പകർത്തിയതായും പരാതിയിലുണ്ട്. സംഭവത്തിൽ കുമ്പള എസ്.ഐ മനു പി.വിയാണ് അന്വേഷണം നടത്തുന്നത്.
മംഗൽപാടിയിലും ഡോക്ടർമാരുടെ ക്ഷാമം
അതേസമയം മംഗൽപാടി താലൂക്ക് ആശുപത്രിയിലും ഗുരുതരമായ ഡോക്ടർ ക്ഷാമം തുടരുന്നതായി നാട്ടുകാർ ആരോപിക്കുന്നു. ദിനംപ്രതി താലൂക്കിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും മലയോര മേഖലകളിൽ നിന്നും നൂറുകണക്കിന് നിർധനരായ രോഗികളാണ് ചികിത്സയ്ക്കായി ഇവിടെ എത്തുന്നത്. എന്നാൽ മണിക്കൂറുകളോളം കാത്തുനിന്നിട്ടും പലർക്കും ചികിത്സ ലഭിക്കാതെ മടങ്ങേണ്ടിവരുന്ന സാഹചര്യമാണുള്ളത്. ആശുപത്രിയിൽ വലിയ തിരക്ക് അനുഭവപ്പെടുമ്പോഴും പല ഒ.പി വിഭാഗങ്ങളിലും ആവശ്യത്തിന് ഡോക്ടർമാരില്ല. നിലവിൽ ഒൻപത് ഡോക്ടർമാർ വേണ്ടിടത്ത് അഞ്ച് പേർ മാത്രമാണ് സേവനത്തിലുള്ളത്. ഓരോ ദിവസവും ഏകദേശം ആയിരം ഒ.പി രോഗികളാണ് ആശുപത്രിയിലെത്തുന്നത്
രോഗികളുടെ എണ്ണത്തിന് അനുസരിച്ച് ഡോക്ടർമാരില്ലാത്തത് ആരോഗ്യ സേവനത്തെ ഗുരുതരമായി ബാധിക്കുകയാണ്. കാസർകോട് ജില്ലയിലെ അതിർത്തി പ്രദേശങ്ങളിലുള്ളവർ മികച്ച ചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രികളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഇതിനിടെയാണ് സാധാരണക്കാർക്ക് ആശ്രയമാകേണ്ട സർക്കാർ ആശുപത്രികളിലെ ഈ ദുരവസ്ഥ. ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ ആരോഗ്യ വകുപ്പും ജനപ്രതിനിധികളും അടിയന്തരമായി ഇടപെട്ട് ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുകയും ആശുപത്രികളുടെ പ്രവർത്തനം സുഗമമാക്കുകയും വേണമെന്നാണ് പ്രദേശവാസികളുടെ ശക്തമായ ആവശ്യം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR