തൃശൂർ - പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന ദേശീയപാതയിലെ കുതിരാൻ ഇരട്ട തുരങ്കത്തിന് മുകളിൽ നേരിയ തോതിൽ മണ്ണിടിച്ചിൽ.
Thrissur , 07 ഓഗസ്റ്റ് (H.S.) തൃശൂർ - പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന ദേശീയപാതയിലെ കുതിരാൻ ഇരട്ട തുരങ്കത്തിന് മുകളിൽ നേരിയ തോതിൽ മണ്ണിടിച്ചിൽ. തുരങ്കത്തിൻ്റെ പടിഞ്ഞാറൻ തുരങ്കമുഖത്തിന് മുകളിലായി രണ്ട് ഭാഗങ്ങളിലാണ് കുന്നിടിഞ്ഞ് മണ്ണും കല്
NH544 KUTHIRAN


Thrissur , 07 ഓഗസ്റ്റ് (H.S.)

തൃശൂർ - പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന ദേശീയപാതയിലെ കുതിരാൻ ഇരട്ട തുരങ്കത്തിന് മുകളിൽ നേരിയ തോതിൽ മണ്ണിടിച്ചിൽ. തുരങ്കത്തിൻ്റെ പടിഞ്ഞാറൻ തുരങ്കമുഖത്തിന് മുകളിലായി രണ്ട് ഭാഗങ്ങളിലാണ് കുന്നിടിഞ്ഞ് മണ്ണും കല്ലുകളും താഴേക്ക് പതിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സ്ഥലം സന്ദർശിച്ച ശേഷം മന്ത്രി ഒജെ ജനീഷ് അറിയിച്ചു. പരിശോധനയിൽ നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പെട്ടെന്ന് ഒരു ആവശ്യം വന്നാൽ എല്ലാ സംവിധാനങ്ങളും സജ്ജമാണെന്നും മന്ത്രി പറഞ്ഞു. നാഷണൽ ഹൈവേ അതോറിറ്റിയും സമാന നിലപാടാണ് അറിയിച്ചിരിക്കുന്നത്.

സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഹൈവേ പട്രോളിങ് സംഘം ഉടൻ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തുടർന്ന് ജില്ലാ കലക്ടറും സ്ഥലത്തെത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. തുടർച്ചയായി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തുരങ്കത്തിന് മുകളിലെ മണ്ണും മരങ്ങളും ഇനിയും താഴേക്ക് പതിക്കാനുള്ള സാധ്യതയുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ഉന്നതതല പരിശോധനയ്ക്ക് ശേഷം ആവശ്യമെങ്കിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു. നിലവിൽ വാഹന ഗതാഗതം തടസ പ്പെട്ടിട്ടില്ലെന്നും യാത്രക്കാർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നാഷണൽ ഹൈവേ അതോറിറ്റി വ്യക്തമാക്കി.

വിദഗ്ധ പരിശോധനയും സുരക്ഷാ വിലയിരുത്തലും

സംഭവത്തിൽ വിശദമായ പരിശോധന നടത്തുന്നതിനായി തൃശൂർ എൻജിനീയറിങ് കോളജിലെ വിദഗ്ധ സംഘം സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് മന്ത്രി ഒജെ ജനീഷ് അറിയിച്ചു. മഴയുടെ തീവ്രത കണക്കിലെടുത്ത് തുരങ്കത്തിന് മുകളിലെ മണ്ണിൻ്റെയും പാറയുടെയും സ്ഥിരത വിശദമായി പരിശോധിക്കാനാണ് തീരുമാനം.

സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കാനും ആവശ്യമെങ്കിൽ കൂടുതൽ നിയന്ത്രണ നടപടികൾ സ്വീകരിക്കാനുമാണ് ബന്ധപ്പെട്ട വകുപ്പുകളുടെ തീരുമാനം. പ്രദേശത്ത് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

നിർമാണകാലത്തും സമാന സംഭവം

കുതിരാൻ തുരങ്കത്തിൻ്റെ നിർമ്മാണ ഘട്ടത്തിലും സമാനമായ രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. അന്ന് കിഴക്കൻ തുരങ്കമുഖത്ത് ഉണ്ടായ മണ്ണിടിച്ചിലിൽ തുരങ്കത്തിൻ്റെ പ്രവേശനഭാഗം പൂർണമായും മണ്ണിനടിയിലാകുന്ന സാഹചര്യമുണ്ടായിരുന്നു. സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ദേശീയപാതകളിലൊന്നായ തൃശൂർ-പാലക്കാട് റൂട്ടിലെ പ്രധാന നിർമ്മിതിയാണ് കുതിരാൻ തുരങ്കം.

തമിഴ്നാട്ടിൽ നിന്നടക്കമുള്ള ചരക്ക് വാഹനങ്ങളും പതിനായിരക്കണക്കിന് യാത്രാവാഹനങ്ങളും ദിവസേന കടന്നുപോകുന്ന ഈ തുരങ്കമുഖത്ത് ഉണ്ടായ മണ്ണിടിച്ചിൽ യാത്രക്കാരിലും പ്രദേശവാസികളിലും ആശങ്ക ഉയർത്തിയെങ്കിലും നിലവിൽ നേരിയ തോതിൽ മാത്രമാണ് മണ്ണും പാറക്കഷ്ണങ്ങളും ഇടിഞ്ഞുവീണിട്ടുള്ളത്. കൂടുതൽ പരിശോധനകൾക്ക് ശേഷമേ തുടർനടപടികളെക്കുറിച്ച് അന്തിമ തീരുമാനം കൈക്കൊള്ളൂ എന്ന് അധികൃതർ അറിയിച്ചത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News