Enter your Email Address to subscribe to our newsletters

Pathanamthitta , 07 ഓഗസ്റ്റ് (H.S.)
ആറന്മുളയിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. അടൂർ എംവിഡി സ്ക്വാഡ് ഉദ്യോഗസ്ഥൻ ലൈജുവിനെയാണ് ഗതാഗത വകുപ്പ് സസ്പെന്ഷന് നല്കിയത്. മന്ത്രി സി പി ജോണിൻ്റെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. അബിൻ വർക്കി എംഎൽഎ ഗതാഗത മന്ത്രി സിപി ജോണുമായി ആശയ വിനിമയം നടത്തിയതിന് പിന്നാലെയാണ് പിഴ ചുമത്തിയ എംവിഡി സ്ക്വാഡ് ഉദ്യോഗസ്ഥനെ സസ്പെന്ഡ് ചെയ്തത്.
പ്രളയത്തിൽ കുടുങ്ങിയ മനുഷ്യരുടെ ജീവൻ രക്ഷിക്കാനെത്തിയ വാഹനത്തിന് പിഴയിട്ട സംഭവം സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചയായി വിവാദമായതോടെ ഉദ്യോഗസ്ഥർ വിശദീകരണവുമായി രംഗത്തെത്തിയത്. ആറന്മുളയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങള്ക്കിടെയല്ല അടൂരിലാണ് പിഴ ചുമത്തിയതെന്നായിരുന്നു ഉദ്യോഗസ്ഥറുടെ വിശദീകരണം. വെള്ളക്കെട്ടില് അകപ്പെട്ട നിരവധിപേരെ ഈ വാഹനത്തിൽ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു.
സമൂഹ മാധ്യമങ്ങളിൽ ഇതിൻ്റെ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. പത്തനംതിട്ടയിൽ നിന്നുള്ള ഓഫ് റോഡ് വാഹനങ്ങളുടെ കൂട്ടായ്മയായ പി ടി എ ഓഫ് റോഡേർസ് ലെ നിരവധി വാഹനങ്ങൾ രക്ഷ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. രക്ഷാപ്രവർത്തണം തുടരുന്നതിനിടെ ഈ വാഹനത്തിന് തകരാർ സംഭവിച്ചു. തുടർന്ന് ഓഫ് റോഡ് വാഹനം തിരികെ കൊണ്ടു പോകുമ്പോൾ നിർത്തിയിട്ട സ്ഥലത്തു വച്ചാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വാഹനത്തിൻ്റെ ഫോട്ടോയെടുത്ത ശേഷം പിഴ ഈടാക്കിയത് എന്നാണ് വിവരം.
പിന്നാലെ പിഴ ചുമത്തിയ സംഭവത്തിൽ അബിൻ വർക്കി എംഎൽഎ ഇടപ്പെട്ടു. പിഴ ചുമത്തിയ തുക യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയോട് അടക്കാൻ പ്രസിഡൻ്റ് നെജോ മെഴുവിലേക്ക് അബിൻ വർക്കി നിർദേശം നൽകി. മെഴുവേലി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കൂടിയാണ് നേജോ. ഇതിനിടെ പിഴ ചുമത്തിയ എം വി ഡി യെ സസ്പെൻഡ് ചെയ്തു. പ്രളയ ബാധിതരെ സുരക്ഷിത സ്ഥാനങ്ങളിലേക്കെത്തിക്കാനാണ് ആറന്മുളയിൽ ഓഫ് റോഡ് വാഹനം എത്തിയത്. മെഴുവേലി സ്വദേശിയായ വാഹന ഉടമക്കാണ് എംവിഡി പിഴ ചുമത്തിയത്. ജീപ്പിനുമുന്നിൽ ഘടിപ്പിച്ചിരുന്ന രണ്ട് ലൈറ്റുകള് അപകടകരമാണെന്ന് കാണിച്ചു 5200 രൂപയും പൊല്യൂഷന് സര്ട്ടിഫിക്കറ്റ് ഇല്ലാത്തതിൻ്റെ പേരിൽ 2000 രൂപയുമാണ് പിഴ ചുമത്തിയത്. എംഎല്എയുടെ നിർദേശപ്രകാരം യൂത്ത് കോണ്ഗ്രസ് ഈ തുക അടയ്ക്കുകയും ചെയ്തിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR