Enter your Email Address to subscribe to our newsletters

Thiruvananthapuram, 07 ഓഗസ്റ്റ് (H.S.)
പ്രളയ മുഖത്തെ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച ആർ രാജേഷിൻ്റെ മൃതദേഹം കൊണ്ടുപോയതിൽ വീഴ്ചയുണ്ടായെന്ന് സമ്മതിച്ച് കണ്ണൂർ ജില്ലാ കലക്ടർ. പ്രളയ മുഖത്തെ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിൻ്റെ മൃതദേഹം കൊണ്ടുപോയതിലെ വീഴ്ചയിൽ പരിയാരം മെഡി കോളജ് പ്രിൻസിപ്പലിനേയും സൂപ്രണ്ടിനേയും വിളിച്ചുവരുത്തി സംഭവത്തിൽ വിശദീകരണം തേടി. അനാസ്ഥയുണ്ടായ സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ടെന്നും വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പയ്യന്നൂർ തഹസീൽദാരോടും അടിയന്തരമായി എത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എ ഡി എമ്മിൻ്റെ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ മന്ത്രിക്ക് റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സ്പെഷ്യൽ ബ്രാഞ്ചും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടാതെ സ്പെഷ്യൽ ബ്രാഞ്ചും സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഫ്രീസർ ആംബുലൻസ് ഉൾപ്പെടെ സജ്ജമാക്കാൻ നിർദേശം നൽകിയിരുന്നു. വീഴ്ച വരുത്തിയവർക്കെതിരെ നടപടി ഉണ്ടാകും. ഫ്രീസറുള്ള ആംബുലൻസ് ഒരുക്കാൻ പണം തടസമായിരുന്നില്ല. എഡിഎമ്മിൻ്റെ കണ്ടെത്തലുകൾ ഉൾപ്പെടുത്തി വിശദമായ റിപ്പോർട്ട് റവന്യൂ മന്ത്രിയ്ക്ക് സമർപ്പിക്കുമെന്ന്, ജില്ലാ കലക്ടർ പി വിഷ്ണു രാജ് വ്യക്തമാക്കി.
രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ്
സർക്കാർ നടപടിയെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രൂക്ഷമായി വിമർശിച്ചു. കണ്ണൂർ ചെറുപുഴയിൽ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച തിരുവനന്തപുരം സ്വദേശി ആർ രാജേഷിൻ്റെ മൃതദേഹത്തോട് സംസ്ഥാന സർക്കാർ കാട്ടിയത് അങ്ങേയറ്റത്തെ ക്രൂരതയും അനാദരവുമാണ് എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. ഇന്ന് ഫേസ്ബുക്കിൽ പങ്കിട്ട കുറിപ്പിലാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്. പ്രളയജലത്തിൽ അകപ്പെട്ട ആളെ സ്വന്തം ജീവൻ നൽകി രക്ഷിച്ച രാജേഷ്, ത്യാഗത്തിൻ്റെയും മനുഷ്യസ്നേഹത്തിൻ്റെയും ഉജ്ജ്വല പ്രതീകമാണ് എന്നും അദ്ദേഹം കുറിച്ചു.
ഇന്നലെയാണ് മൃതദേഹത്തോട് അനാദരവു കാണിച്ചെന്ന് പരാതിയുമായി കുടുംബം രംഗത്ത് എത്തിയത്. രാജേഷിൻ്റെ മൃതദേഹം ഫ്രീസറില്ലാത്ത ആംബുലൻസിൽ കയറ്റി പരിയാരം മെഡിക്കൽ കോളജിൽ നിന്നു നാട്ടിലേക്ക് അയച്ചെന്നാണ് പരാതി. കണ്ണൂരിലെത്തിയ നാട്ടുകാരും ജനപ്രതിനിധികളും ബന്ധുക്കളുംഇതുസംബന്ധിച്ചു പരാതി പറഞ്ഞെങ്കിലും കുഴപ്പമില്ലെന്നാണ് ആശുപത്രി അധികൃതരും തഹസിൽദാർഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും അറിയിച്ചതെന്നു സംഘത്തോടൊപ്പം ഉണ്ടായിരുന്ന വാർഡ് അംഗം കെ. മഹേഷ് പറഞ്ഞു. രാജേഷിൻ്റെ മൃതദേഹം ഫ്രീസറോടെയുള്ള ആംബുലൻസിൽ കൊണ്ടുപോകണമെന്ന് പരിയാരം മെഡി കോളജ് ഡോക്ടർമാരോട് തിരുവനന്തപുരം പഞ്ചായത്തംഗം നിരന്തരം ആവശ്യപ്പെട്ടുവെന്നും എന്നാൽ അതിൻ്റെ ആവശ്യമില്ലെന്ന് ആശുപത്രി ഉദ്യോഗസ്ഥർ പറഞ്ഞതായും ചെറുപുഴ പൊതുപ്രവർത്തകൻ കെ കെ സുരേഷ് പറഞ്ഞു.
അന്ത്യാഞ്ജലി അർപ്പിച്ച് നാട്
കണ്ണൂർ ചെറുപുഴയിൽ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച ആർ രാജേഷിന്(36) അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ. കണ്ണൂരിൽ നിന്ന് ഇന്നലെ രാവിലെ 11.30ന് എത്തിച്ച മൃതദേഹം വീടിന് സമീപത്തെ കുടുംബാരോഗ്യ കേന്ദ്രത്തിൽ പൊതുദർശനത്തിനു വച്ചു. മുഖ്യമന്ത്രി വി ഡി സതീശൻ, മന്ത്രിമാരായ സണ്ണി ജോസഫ്, പി സി വിഷ്ണുനാഥ് എന്നിവരുൾപ്പെടെ പ്രമുഖ നേതാക്കൾ അന്ത്യാഞ്ജലിയർപ്പിച്ചു. രാജേഷിൻ്റെ പണി പൂർത്തിയാവാത്ത വീടിൻ്റെ നിർമ്മാണം സർക്കാർ പൂർത്തീകരിക്കുമെന്ന് മന്ത്രി സഭാ യോഗമെടുത്ത തീരുമാനം മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
പൂർണ സംസ്ഥാന ബഹുമതികളോടെയായിരുന്നു അദ്ദേഹത്തിൻ്റെ സംസ്ക്കാരം. രണ്ടുവർഷം മുൻപ് ട്രെയിൻ അപകടത്തിൽ മരിച്ച സഹോദരൻ രഞ്ജിത്തിനെ സംസ്കരിച്ചതിനു തൊട്ടടുത്തായാണ് രാജേഷിനും ചിതയൊരുക്കിയത്. കണ്ണൂർ ചെറുപുഴ പുളിങ്ങോമിൽ മലവെള്ളപ്പാച്ചിലിൽ ഒറ്റപ്പെട്ടുപോയ കർഷകനെ രക്ഷിക്കുന്നതിനിടെ ശനിയാഴ്ചയാണ് രാജേഷ് ഒഴുക്കിൽപ്പെട്ടത്. മൂന്ന് ദിവസത്തിനുശേഷം ചൊവ്വാഴ്ച മൃതദേഹം കണ്ടെത്തി. അഡ്വഞ്ചർ ടൂറിസം പരിശീലകനായ രാജേഷ് ഇതുമായി ബന്ധപ്പെട്ട ജോലിക്കായാണ് മാസങ്ങൾക്ക് മുൻപ് കണ്ണൂരിലേക്കു പോയത്.
കണ്ണൂർ ചെറുപുഴ പുളിങ്ങോം മീന്തുള്ളിയിൽ പുഴയ്ക്കും കർണാടക വനത്തിനുമിടയിലെ കൃഷിയിടത്തിൽ ബെന്നിയെ (61) രക്ഷിച്ചു കൊണ്ടുവരുന്നതിനിടെയാണ് ദുരന്ത രക്ഷാപ്രവർത്തന പരിശീലകൻ കൂടിയായ രാജേഷ് (36) ഒഴുക്കിൽപ്പെട്ടത്. മലവെള്ളപ്പാച്ചിലിൽ വെള്ളം കഴുത്തൊപ്പം ഉയർന്നപ്പോൾ തെങ്ങിൽ പിടിച്ചുനിന്ന ബെന്നിയെ രാജേഷും മറ്റു രണ്ട് പേരുമെത്തി വടം തെങ്ങിൽകെട്ടി അതിൽ പിടിച്ച് കരയ്ക്കെത്തിക്കുകയായിരുന്നു. ബെന്നി മുന്നിലും പിന്നിൽ ഷിബിൻ, ജിതിൻ എന്നീ രക്ഷാപ്രവർത്തകരും ഏറ്റവും പിന്നിലായി രാജേഷും കയറിൽ തൂങ്ങി വരുന്നതിനിടെയാണ് രാജേഷ് ഒഴുക്കിൽപെട്ടത്. കല്ലിയൂർ കിഴക്കേ തെറ്റിവിള രാജേഷ് ഭവനിൽ രാജശേഖരൻ്റെയും, ഗീതയുടെയും മകനാണ്. ഭാര്യ ഷാഫിയ, മക്കൾ: ആർഷൻ, അഭിഷേക് (ഇരുവരും വിദ്യാർഥികൾ, സഹോദരി: ആശ.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR