Enter your Email Address to subscribe to our newsletters

Thiruvananthapuram , 07 ഓഗസ്റ്റ് (H.S.)
സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും കോളേജുകളിലും ബോർഡുകൾ, ഫ്ലെക്സ് ബോർഡുകൾ, കൊടിതോരണങ്ങൾ, ചുവരെഴുത്തുകൾ എന്നിവ സ്ഥാപിക്കുന്നത് നിയന്ത്രിക്കുന്നതിനായി ഏകീകൃതമായ പെരുമാറ്റച്ചട്ടം സർക്കാർ അടിയന്തരമായി നടപ്പാക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടു.
സർവ്വകലാശാലകളിലേയും കോളേജുകളിലെയും അക്കാദമിക് അന്തരീക്ഷം മെച്ചപ്പെടാനും
ഉപരിപഠനത്തിന് ഏറെ വിദ്യാർത്ഥികളെ ആകർഷിക്കാനും ഈ നടപടി പ്രയോജനകരമാ വും.
ഇതു സംബന്ധിച്ച് ഗവർണർ കൂടിയായ സർവകലാശാലകളുടെ ചാൻസലർക്കും, മുഖ്യമന്ത്രിക്കും, ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും കമ്മിറ്റി നിവേദനം നൽകി.
നിലവിൽ പല സർവകലാശാലകളുടെയും കോളേജുകളുടെയും പ്രവേശന കവാടങ്ങളിലും ചുറ്റുമതിലുകളിലും വിവിധ സംഘടനകൾ സ്ഥാപിക്കുന്ന ബോർഡുകളും ഫ്ലെക്സ് ബോർഡുകളും കൊടിതോരണങ്ങളും കാരണം സ്ഥാപനങ്ങളുടെ ഔദ്യോഗിക നെയിംബോർഡുകളും പൈതൃക സ്മാരകങ്ങളും പൊതുജനങ്ങൾക്ക് കാണാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളത്. ചില സ്ഥലങ്ങളിൽ സർവകലാശാലയുടെ പേര് തന്നെ മറഞ്ഞുപോകുന്ന അവസ്ഥയാണ്. ഇത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അന്തസ്സിനും സ്വത്വത്തിനും യോജിച്ചതല്ലെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
സർവകലാശാലയുടെ പ്രവേശന കവാടം ഏതെങ്കിലും സംഘടനയുടെ പ്രചാരണ വേദിയല്ല. അത് സർവകലാശാലയുടെ ഔദ്യോഗിക മുഖമാണ്. ഒരു വിദ്യാർത്ഥിയും രക്ഷിതാവും ഗവേഷകനും സന്ദർശകനും ആദ്യം കാണുന്നത് പ്രവേശന കവാടമാണ്. അവിടെ അനധികൃത ബോർഡുകളും കൊടിതോരണങ്ങളും നിറഞ്ഞുനിൽക്കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ച് തെറ്റായ സന്ദേശമാണ് നൽകുന്നത്. ക്യാമ്പസുകൾ ചില സംഘടനകളുടെ നിയന്ത്രണത്തിലാണെന്ന തോന്നൽ ഇത് സൃഷ്ടിക്കുകയും വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും സുരക്ഷിതത്വക്കുറവും ആശങ്കയും ഉണ്ടാക്കുകയും ചെയ്യുന്നു.
ഇതുപോലുള്ള അന്തരീക്ഷം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിച്ഛായയെ ദോഷകരമായി ബാധിക്കുകയും വിദ്യാർത്ഥികൾ മറ്റ് സംസ്ഥാനങ്ങളിലേക്കും സ്വകാര്യ സർവകലാശാലകളിലേക്കും വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പോകാൻ പ്രേരിപ്പിക്കുന്ന സാഹചര്യവും സൃഷ്ടിക്കുന്നതായി കമ്മിറ്റി അഭിപ്രായപ്പെട്ടു.
കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലെ പ്രവേശന കവാടവും ഡോ. എസ്. രാധാകൃഷ്ണന്റെ പേരിലുള്ള ശിലാഫലകവും മറച്ചിരുന്ന അനധികൃത ബോർഡുകളും കൊടിതോരണങ്ങളും 24 മണിക്കൂറിനകം നീക്കം ചെയ്യാൻ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ നൽകിയ നിർദ്ദേശം മാതൃകാപരവും അഭിനന്ദനാർഹവുമാണെന്ന് കമ്മിറ്റി പറഞ്ഞു.
സിൻഡിക്കേറ്റിന്റെ തീരുമാനപ്രകാരം സർവകലാശാലയുടെ ഔദ്യോഗിക തിരിച്ചറിയലും പൈതൃകവും സംരക്ഷിക്കുന്നതിനായി സ്വീകരിച്ച നടപടി സംസ്ഥാനത്തെ എല്ലാ സർവകലാശാലകളും കോളേജുകളും മാതൃകയാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ എല്ലാ സർവകലാശാലകൾക്കും കോളേജുകൾക്കും ബാധകമായ ഏകീകൃത പെരുമാറ്റച്ചട്ടം സർക്കാർ രൂപീകരിക്കണം. സർവകലാശാലകളുടെയും കോളേജുകളുടെയും നെയിംബോർഡുകൾ, പ്രവേശന കവാടങ്ങൾ, പൈതൃക നിർമ്മിതികൾ, സ്മാരകങ്ങൾ, പ്രധാന അക്കാദമിക് കെട്ടിടങ്ങൾ എന്നിവ മറയ്ക്കുന്ന രീതിയിൽ യാതൊരു ബോർഡോ ഫ്ലെക്സോ കൊടിതോരണമോ ചുവരെഴുത്തോ അനുവദിക്കരുത്. നിയമലംഘനങ്ങൾ ഉടൻ നീക്കം ചെയ്യുകയും ഉത്തരവാദികളായവർക്കെതിരെ സംഘടനാഭേദമില്ലാതെ നടപടി സ്വീകരിക്കുകയും വേണം. അതേസമയം അംഗീകൃത വിദ്യാർത്ഥി, അധ്യാപക, ജീവനക്കാരുടെ സംഘടനകൾക്ക് അറിയിപ്പുകൾ പ്രദർശിപ്പിക്കുന്നതിന് ക്യാമ്പസിൽ പ്രത്യേക സ്ഥലങ്ങൾ അനുവദിക്കാമെന്നും കമ്മിറ്റി നിർദേശിച്ചു.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അന്തസ്സും അക്കാദമിക അന്തരീക്ഷവും സംരക്ഷിക്കുന്നതിനായി ഗവർ ണറും,സർക്കാരും അടിയന്തര നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR