ഭിന്നശേഷിക്കാരായ കുട്ടികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സർക്കാരിനോട് ശുപാർശ ചെയ്തു.
Thiruvananthapuram, 07 ഓഗസ്റ്റ് (H.S.) ഭിന്നശേഷിക്കാരായ കുട്ടികളുടെ സംരക്ഷണം, ചികിത്സ, വിദ്യാഭ്യാസം, പുനരധിവാസം എന്നിവയിലെ പോരായ്മകൾ പരിഹരിക്കാൻ സമഗ്ര നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സർക്കാരിനോട് ശുപാർശ ചെയ്തു. ആരോഗ്യം,
SPECIAL BUDGETS IN LOCAL BODIES


Thiruvananthapuram, 07 ഓഗസ്റ്റ് (H.S.)

ഭിന്നശേഷിക്കാരായ കുട്ടികളുടെ സംരക്ഷണം, ചികിത്സ, വിദ്യാഭ്യാസം, പുനരധിവാസം എന്നിവയിലെ പോരായ്മകൾ പരിഹരിക്കാൻ സമഗ്ര നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സർക്കാരിനോട് ശുപാർശ ചെയ്തു. ആരോഗ്യം, ഉന്നത വിദ്യാഭ്യാസം, ആഭ്യന്തര വകുപ്പുകൾ ഉൾപ്പെടെ വിവിധ മേഖലകളെ ഏകോപിപ്പിച്ചുള്ള വിശദമായ നിർദേശങ്ങളാണ് കമ്മിഷൻ മുന്നോട്ടുവച്ചിരിക്കുന്നത്.

ഭിന്നശേഷിക്കാരായ കുട്ടികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് 2026 ഫെബ്രുവരിയിലാണ് സർക്കാരിന് കൈമാറിയത്. ഗർഭകാലം മുതൽ കുട്ടിയുടെ ആദ്യകാല വളർച്ച വരെ ശാസ്ത്രീയ സ്ക്രീനിങ് നടത്തണം. ആരോഗ്യപരിശോധന, പോഷകാഹാര പിന്തുണ, പ്രതിരോധ കുത്തിവയ്പ്പ്, രക്ഷിതാക്കൾക്കുള്ള ബോധവത്കരണം എന്നിവ ഏകോപിതമായി നടപ്പാക്കണമെന്നും കമ്മിഷൻ നിർദേശിക്കുന്നു.

ഭിന്നശേഷി നേരത്തേ കണ്ടെത്തി ചികിത്സയും പുനരധിവാസവും ഉറപ്പാക്കാൻ എല്ലാ താലൂക്ക് ആശുപത്രികളിലും വിദഗ്ധരുടെ സേവനം ലഭ്യമാക്കണം. ശിശുരോഗവിദഗ്ധൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഒക്കുപേഷണൽ തെറാപ്പിസ്റ്റ് എന്നിവരുടെ സ്ഥിരസേവനം ഉറപ്പാക്കണം. ഗ്രാമപ്രദേശങ്ങളിലും മലയോരങ്ങളിലും സേവനം എത്തിക്കാൻ മൊബൈൽ സ്ക്രീനിങ് ടീമുകളും എല്ലാ താലൂക്കുകളിലും ഏർലി ഡിറ്റക്ഷൻ സെൻ്ററുകളും ആരംഭിക്കണം.

കിടപ്പുരോഗികളായ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ഹോം കെയർ, പാലിയേറ്റീവ് കെയർ, വാതിൽപ്പടി ആരോഗ്യസേവനങ്ങൾ എന്നിവ സംസ്ഥാനവ്യാപകമാക്കണമെന്നും ശിപാർശയിലുണ്ട്. അർഹരായ എല്ലാ കുട്ടികൾക്കും സമയബന്ധിതമായി ഡിസബിലിറ്റി സർട്ടിഫിക്കറ്റും യുണീക് ഡിസബിലിറ്റി ഐഡി കാർഡും ലഭ്യമാക്കാൻ പഞ്ചായത്ത് തലത്തിൽ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കണം.

സ്പെഷ്യൽ എഡ്യൂക്കേറ്റർമാരെ നിയമിക്കണം

സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് സ്കൂളുകളിലും വിദ്യാഭ്യാസം ഫലപ്രദമായി നടപ്പാക്കാൻ ആവശ്യമായ സ്പെഷ്യൽ എഡ്യൂക്കേറ്റർമാരെ നിയമിക്കണമെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു. ഓരോ കുട്ടിയുടെയും വ്യക്തിഗത ആവശ്യങ്ങൾ വിലയിരുത്തി പിന്തുണ ഉറപ്പാക്കണം. സ്കൂളുകളിൽ റാംപ്, വീൽചെയർ സൗഹൃദ പാത, ഹാൻഡ് റെയിൽ, ബ്രെയിൽ സൈൻബോർഡ്, അനുയോജ്യമായ ശുചിമുറി തുടങ്ങിയ ഭിന്നശേഷി സൗഹൃദ സൗകര്യങ്ങൾ നിർബന്ധമായും ഒരുക്കണം. പ്ലസ് വൺ പ്രവേശനത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് വീടിന് സമീപമുള്ള സ്കൂളിൽ ഇഷ്ടപ്പെട്ട കോഴ്സ് ലഭിക്കുന്ന സാഹചര്യം ഉറപ്പാക്കാൻ പ്രത്യേക മുൻഗണന ഏർപ്പെടുത്തണമെന്നും കമ്മിഷൻ ശിപാർശ ചെയ്യുന്നു.

ഏകജാലക സംവിധാനം വേണം

ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള പെൻഷൻ, സ്കോളർഷിപ്പ്, യാത്രാനുകൂല്യം, ചികിത്സാ പുനരധിവാസ സഹായം, ഉപകരണ വിതരണം തുടങ്ങി വിവിധ ക്ഷേമപദ്ധതികൾ നിലവിൽ പല വകുപ്പുകളിലായാണ് നടപ്പാക്കുന്നത്. ഇത് ആനുകൂല്യങ്ങൾ വൈകാൻ കാരണമാകുന്നതായി കമ്മിഷൻ ചൂണ്ടിക്കാട്ടുന്നു. അതിനാൽ എല്ലാ സേവനങ്ങളും ഏകോപിപ്പിക്കുന്ന സിംഗിൾ വിൻഡോ സംവിധാനം ഒരുക്കണം. കുട്ടികളുടെ പഠന പുരോഗതി വിലയിരുത്താൻ ഉൾച്ചേർന്ന മൂല്യനിർണയ സംവിധാനം രൂപീകരിക്കണമെന്നും എല്ലാ സ്കൂളുകളിലും സ്പെഷ്യൽ അധ്യാപകരുടെയും കൗൺസിലർമാരുടെയും സേവനം ഉറപ്പാക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.

ജില്ലാ തലത്തിൽ ഡിസബിലിറ്റി സപ്പോർട്ട് സെൻ്ററുകൾ

ജില്ലാതലത്തിൽ ഡിസബിലിറ്റി സപ്പോർട്ട് സെൻ്ററുകൾ സ്ഥാപിച്ച് രോഗനിർണയം, ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്കുപേഷണൽ തെറാപ്പി, മാനസിക പിന്തുണ, പ്രത്യേക വിദ്യാഭ്യാസം, മാതാപിതാക്കൾക്കുള്ള പരിശീലനം, തൊഴിൽപരിശീലനം, പുനരധിവാസ സേവനങ്ങൾ എന്നിവ ഒരൊറ്റ സംവിധാനത്തിൽ ലഭ്യമാക്കണം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സഹായ ഉപകരണങ്ങൾ ലഭ്യമാക്കുകയും അവയുടെ അറ്റകുറ്റപ്പണിക്കും പരിപാലനത്തിനുമായി സർക്കാർ സബ്സിഡി കേന്ദ്രങ്ങൾ ആരംഭിക്കണമെന്നും ആവശ്യപ്പെടുന്നു.

പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോർപറേഷനുകളും വാർഡ് അടിസ്ഥാനത്തിൽ ആവശ്യകത വിലയിരുത്തി ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പ്രത്യേക ബജറ്റോടുകൂടിയ പദ്ധതികൾ വാർഷിക പദ്ധതികളിൽ നിർബന്ധമായും ഉൾപ്പെടുത്തണം. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്രമായ ഡിസബിലിറ്റി രജിസ്റ്റർ തയാറാക്കി വർഷംതോറും പുതുക്കണമെന്നും നിർദേശമുണ്ട്.

വിദഗ്ധരുടെ ക്ഷാമം പരിഹരിക്കണം

സ്പെഷ്യൽ എഡ്യൂക്കേറ്റർ, സ്പീച്ച് തെറാപ്പിസ്റ്റ്, ഒക്കുപേഷണൽ തെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, റീഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റ് തുടങ്ങിയ വിദഗ്ധരുടെ ഗുരുതര ക്ഷാമം പരിഹരിക്കാൻ കൂടുതൽ ആർസിഐ അംഗീകൃത പരിശീലന കോഴ്സുകൾ ആരംഭിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. ഭിന്നശേഷി മേഖലയിലെ ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കാനും സർവകലാശാലകളെ ഉൾപ്പെടുത്തി പ്രത്യേക പദ്ധതികൾ നടപ്പാക്കാനും നിർദേശിച്ചിട്ടുണ്ട്.

പൊലീസ് സ്റ്റേഷനുകൾ ഭിന്നശേഷി സൗഹൃദമാക്കണം

ഭിന്നശേഷിക്കാരായ കുട്ടികളുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കാനും അന്വേഷണം നടത്താനും എല്ലാ പൊലീസ് സ്റ്റേഷനുകളും ഭിന്നശേഷി സൗഹൃദവും ശിശുസൗഹൃദവുമായിരിക്കണമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പൊലീസ് ഉദ്യോഗസ്ഥർക്ക് നിർബന്ധിത പരിശീലനം നൽകണം. അന്വേഷണങ്ങളിലും മൊഴിയെടുപ്പിലും ആവശ്യാനുസരണം സൈൻ ലാംഗ്വേജ് ഇൻ്റർപ്രെറ്റർ, സ്പെഷ്യൽ എഡ്യൂക്കേറ്റർ, ആശയവിനിമയ സഹായ വിദഗ്ധർ എന്നിവരുടെ സേവനം ഉറപ്പാക്കണമെന്നും കമ്മിഷൻ ശിപാർശ ചെയ്യുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News