വേമ്പനാട്ട് കായലില് ഡ്രഡ്ജിങ് തുടങ്ങിയതോടെ തീരപ്രദേശങ്ങളിൽ വറുതിയുടെ തിരയടി
Alappuzha , 07 ഓഗസ്റ്റ് (H.S.) വേമ്പനാട്ട് കായലില് ഡ്രഡ്ജിങ് തുടങ്ങിയതോടെ തീരപ്രദേശങ്ങളിൽ വറുതിയുടെ തിരയടി. മത്സ്യക്ഷാമവും മണൽ ഖനനവും മത്സ്യം - കക്ക തൊഴിലാളികളുടെ ജീവിതത്തിന് തിരിച്ചടിയാകുന്നു. ഡ്രഡ്ജിങ് തുടങ്ങിയ ശേഷം കായലിൽ എമ്പാടും ചെളിവെള്ളം നി
VEMBANAD LAKE DREDGING


Alappuzha , 07 ഓഗസ്റ്റ് (H.S.)

വേമ്പനാട്ട് കായലില് ഡ്രഡ്ജിങ് തുടങ്ങിയതോടെ തീരപ്രദേശങ്ങളിൽ വറുതിയുടെ തിരയടി. മത്സ്യക്ഷാമവും മണൽ ഖനനവും മത്സ്യം - കക്ക തൊഴിലാളികളുടെ ജീവിതത്തിന് തിരിച്ചടിയാകുന്നു. ഡ്രഡ്ജിങ് തുടങ്ങിയ ശേഷം കായലിൽ എമ്പാടും ചെളിവെള്ളം നിറഞ്ഞിരിക്കുകയാണ്. കരിമീൻ, കൂമീൻ, കാളാഞ്ചി, പൂളാൻ, മഞ്ഞപ്പള്ളത്തി, വറ്റ പോലുള്ള മത്സയിനങ്ങളുടെ വിളനിലമായിരുന്ന കായലിൽ ഇപ്പോൾ മത്സ്യങ്ങൾ കിട്ടാക്കനിയായി മാറി.

കണ്ണങ്കര, കുളക്കോഴിച്ചിറ മേഖലകളിൽ നടന്ന ഖനനത്തിൻ്റെ ഫലമായി തണ്ണീർമുക്കം മുതൽ മണ്ണഞ്ചേരി വരെ കായലിൽ ചെളി കലങ്ങി നിറഞ്ഞിരിക്കുകയാണ്. കായലിൽ പോയാൽ വെറും കൈയോടെ മടങ്ങേണ്ട അവസ്ഥയാണെന്ന് മത്സ്യ - കക്ക തൊഴിലാളികൾ പറയുന്നു. മുമ്പ് കായലിൽ സുലഭമായിരുന്ന കരിമീനിൻ്റെ ലഭ്യത വളരെ കുറഞ്ഞു. കൊഞ്ചും മുൻപത്തെ പോലെ കിട്ടുന്നില്ല. തണ്ണീർമുക്കം ബണ്ടിൻ്റെ അശാസ്ത്രീയമായ പ്രവർത്തനവും കായലിലെ ആവാസ വ്യവസ്ഥയെ തകിടം മറിക്കുന്ന മണൽ ഖനനവുമാണ് മത്സ്യ - കക്ക തൊഴിലാളികളുടെ ജീവിതം ദുരിതപൂർണമാക്കുന്നത്.

കായലിൽ മുമ്പ് സുലഭമായി ലഭിച്ചിരിന്ന മത്സയിനങ്ങൾ ഇപ്പോൾ പേരിന് പോലുമില്ല. മഞ്ഞക്കേര, കറുപ്പ, വിവിധ തരം വറ്റ മത്സ്യങ്ങൾ, നാരൻ ചെമ്മീൻ, കാര ചെമ്മീൻ, ചൂടൻ ചെമ്മീൻ, കടലിൽ നിന്ന് കയറുന്ന സ്രാവ്, തിരണ്ടി തുടങ്ങിയവ ഇപ്പോൾ കണി കാണാനില്ല. അധികാരികളുടെയും രാഷ്ട്രീയ നേതൃത്വങ്ങളുടെയും സാമൂഹ്യ പ്രതിബദ്ധതയില്ലാത്ത നിലപാടുകളാണ് കായലുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ പട്ടിണിയിലാഴ്ത്തുന്നതെന്ന് മത്സ്യ തൊഴിലാളികൾ പറയുന്നു.

വേമ്പനാട്ട് കായലിൽ മുൻപ് മത്സ്യങ്ങളുടെ പ്രജനനം സുഗമമായി നടന്നിരുന്നു. കായലുമായി ബന്ധപ്പെടുന്ന ആറുകളും തോടുകളും മത്സങ്ങളുടെ പ്രജനന കേന്ദ്രങ്ങളായിരുന്നു. കയർ കമ്പനികളിൽ നിന്നുള്ള മാലിന്യങ്ങളും കെമിക്കലുകളും കായലിലും കൈവഴികളിലുമാണ് നിറയുന്നത്. തണ്ണീർമുക്കം ബണ്ടിൻ്റെ ഷട്ടർ അടഞ്ഞുകിടക്കുന്ന വേളകളിൽ ജലാശയങ്ങളിലെ ഒഴുക്ക് നിലക്കുന്നതും മത്സ്യ സമ്പത്തിൻ്റെ വളർച്ചയ്ക്ക് കനത്ത തിരിച്ചടിയായി. കായൽ തീരമാകെ കൽക്കെട്ട് വന്നത് പ്രകൃതിദത്ത മത്സ്യ പ്രജനന കേന്ദ്രങ്ങൾ നശിക്കാൻ കാരണമായി.

വേമ്പനാട്ട് കായലിലെ മത്സ്യ സമ്പത്തിൻ്റെ വളർച്ചയിൽ നിർണായക സംഭാവന നൽകുന്ന ഏക പ്രദേശം പാതിരാമണൽ ദീപാണെന്ന് നാട്ടുകാർ പറയുന്നു. ദ്വീപിലെ കണ്ടൽ കാടുകളും തീരത്തോട് ചേർന്നുള്ള വൃക്ഷചുവടുകളുമാണ് മത്സ്യ സമ്പത്ത് ഇപ്പോൾ നിലനിർത്തുന്നത്. ദ്വീപിന് സമീപം മണൽ ഖനനം നടത്താനുള്ള നീക്കം മത്സ്യ - കക്ക മേഖലയിലുള്ളവർ ഭീതിയോടെ നോക്കുന്നത് ഇതിനാലാണ്. ഈ മേഖല മത്സ്യ പ്രജനന കേന്ദ്രമായി കണ്ട് എല്ലാ വർഷവും ഇവിടെ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കാറുണ്ട്. ഖനനത്തിലൂടെ ദ്വീപിന് കോട്ടമുണ്ടായാൽ മത്സ്യ ബന്ധനം, മത്സ്യ സംസ്കരണം, വിപണനം തുടങ്ങിയ മേഖലകളിലായി പണിയെടുക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെയാണ് പ്രതികൂലമായി ബാധിക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News