Enter your Email Address to subscribe to our newsletters

Wayanad , 07 ഓഗസ്റ്റ് (H.S.)
വയനാട് വൈത്തിരി പഞ്ചായത്തിലെ തൈലക്കുന്ന് മേഖലയിൽ കാട്ടാനശല്യം രൂക്ഷം. ജനജീവിതവും കാർഷികമേഖലയും കടുത്ത പ്രതിസന്ധിയിൽ. വൈത്തിരി ഗ്രാമപഞ്ചായത്തിലെ തൈലക്കുന്ന് മേഖലയിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി വന്യമൃഗശല്യം രൂക്ഷമായി തുടരുകയാണ്. സ്ഥിരമായി പ്രദേശത്തിറങ്ങുന്ന മൂന്ന് കാട്ടാനകൾ ഏലം ഉൾപ്പെടെയുള്ള വിളകൾ നശിപ്പിച്ചു.
പ്രധാനമായും മൂന്ന് ആനകളാണ് പ്രദേശത്ത് നിരന്തരം ഇറങ്ങി ഭീതി വിതയ്ക്കുന്നത്. രണ്ട് ആനകളും ആളുകളെ ഭയമില്ലാത്ത വലിയൊരു മോഴ ആനയുമാണ് ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്. വെളിച്ചമടിച്ചാൽ പോലും ആക്രമിക്കാൻ മുന്നോട്ടടുക്കുന്ന മോഴ ആനയുടെ ആക്രമണത്തിൽ നിന്ന് കഴിഞ്ഞ മാസവും ഒരാൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തൈലക്കുന്നിലും പരിസരത്തുമായി 120ഓളം കുടുംബങ്ങളാണ് ജീവിക്കുന്നത്. വൈകുന്നേരം അഞ്ച് മണി കഴിഞ്ഞാൽ വീടിന് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസവും രാത്രിയിറങ്ങിയ കാട്ടാന ഏലം, കാപ്പി, കവുങ്ങ്, തെങ്ങ് എന്നിവ പൂർണ്ണമായും നശിപ്പിച്ചു.
ഇന്നലെ രാത്രി ആന വീടിൻ്റെ പരിസരം അടിച്ചു തകർത്തു. ഏലം കൃഷി പൂർണമായും തകർത്തു. എല്ലാ സമയത്തും ആന വരും, ജീവിക്കാൻ ഒരു മാർഗവും ഇല്ല. ആനയുടെ ഉപദ്രവത്തെക്കുറിച്ച് ഫോറസ്റ്റ് ഒദ്യാഗസ്ഥരെ വിവരം അറയിച്ചിട്ടും യാതൊരു ഉപകാരവുമില്ല' പ്രദേശവാസിയായ പളനിസ്വാമി പറഞ്ഞു. ഇതുവരെ ശാശ്വത പരിഹാരമായിട്ടില്ലെന്നും കൂട്ടത്തിൽ ഏറ്റവും അപകടകാരി മോഴയാനയാണെന്നും പൊതുപ്രവർത്തകനായ ബാബു പറഞ്ഞു. 'ആനയിറങ്ങുമ്പോൾ ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പടക്കം പൊട്ടിച്ച് തുരത്തുമെങ്കിലും ഇത് ശാശ്വത പരിഹാരമല്ല. മോഴ ആനയ്ക്ക് ആളുകളെ പേടിയില്ല. വീടുകളുള്ള പരിസരത്താണ് ഇത് വരാറ്' അദ്ദേഹം കൂട്ടിച്ചേർത്തു.
'സ്ഥിരമായി ഭീതി വിതയ്ക്കുന്ന മൂന്ന് ആനകളെയും മയക്കുവെടി വെച്ച് പിടിച്ച് വിദൂര സ്ഥലങ്ങളിലേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. പ്രദേശത്ത് അടിയന്തരമായി സോളാർ ഫെൻസിങ് പുനഃസ്ഥാപിക്കുകയും വേണം. പഞ്ചായത്ത്, വനവകുപ്പ്, റവന്യൂ, പൊലീസ് വകുപ്പുകൾ സംയുക്തമായി ഏകോപിച്ച് പ്രവർത്തിക്കണമെന്നും കൽപ്പറ്റ എംഎൽഎ കൂടിയായ കൃഷിവകുപ്പ് മന്ത്രിയും ഡിഎഫ്ഒയും അടിയന്തരമായി ഇടപെടണമെന്നുമാണ് തൈലക്കുന്നിലെ കർഷകരുടെ ആവശ്യം' അദ്ദേഹം പറഞ്ഞു.
കൃഷിനാശത്തിന് നഷ്ട പരിഹാരത്തിനായി അപേക്ഷിച്ചാൽ കൈവശാവകാശ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള സാങ്കേതിക തടസങ്ങൾ പറഞ്ഞ് വനവകുപ്പ് ഉദ്യോഗസ്ഥർ ഫയലുകൾ നീട്ടിക്കൊണ്ടുപോകുകയാണെന്നും തുച്ഛമായ തുകപോലും ലഭിക്കുന്നില്ലെന്നും കർഷകർ ആരോപിക്കുന്നു. വർഷങ്ങളായി അധ്വാനിച്ചുണ്ടാക്കിയ കൃഷിയും ജീവനും ഒരുപോലെ ഭീഷണിയിലായതോടെ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയാണ് ഈ ഗ്രാമം. വനവകുപ്പും സർക്കാരും അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക് കടക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR