Enter your Email Address to subscribe to our newsletters

Thiruvananthapuram, 07 ഓഗസ്റ്റ് (H.S.)
തിരുവനന്തപുരം: പോലീസിനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അർജുൻ ആയങ്കി ഒളിവിലിരുന്ന് വീണ്ടും സോഷ്യൽ മീഡിയയിലൂടെ ആഭ്യന്തര മന്ത്രിക്കും പോലീസിനുമെതിരെ ഗുരുതര വെല്ലുവിളികൾ ഉയർത്തുന്നു. കോതമംഗലം ഇൻസ്പെക്ടറെയും തുടർന്ന് കേസ് അന്വേഷിക്കുന്ന ഊന്നുകൽ ഇൻസ്പെക്ടർ ബി.എസ്. ആദർശിനെയും അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ അർജുൻ ആയങ്കിക്കെതിരെ പോലീസ് കഴിഞ്ഞ ദിവസം കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെ, ഗുണ്ടകളെയും പോലീസിനെ വെല്ലുവിളിക്കുന്നവരെയും പൂട്ടാൻ ശക്തമായ നടപടികളുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രസ്താവിച്ചിരുന്നു. ഈ നിലപാടിനെതിരെയാണ് അർജുൻ ആയങ്കി പുതിയ സോഷ്യൽ മീഡിയ പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്.
‘കള്ളക്കേസ് പുനരന്വേഷിച്ചാൽ ചെന്നിത്തലയ്ക്ക് ഒരുമ്മ തരാം’
തനിക്കെതിരെ എടുത്തത് കള്ളക്കേസാണെന്ന് ആരോപിച്ച അർജുൻ ആയങ്കി, ആഭ്യന്തര മന്ത്രിക്ക് ധൈര്യമുണ്ടെങ്കിൽ താനും സുഹൃത്തുക്കളും ജയിലിലടക്കപ്പെട്ട കേസ് പുനരന്വേഷിക്കാൻ ഉത്തരവിടണമെന്ന് വെല്ലുവിളിച്ചു. താൻ നിരപരാധിയാണെന്ന് തെളിഞ്ഞാൽ കള്ളക്കേസെടുത്ത അന്നത്തെ സിഐ പ്രശാന്തനെതിരെ നടപടിയെടുക്കാൻ ആഭ്യന്തര മന്ത്രി തയ്യാറാകണമെന്നും ഇയാൾ ആവശ്യപ്പെട്ടു. അങ്ങനെ ചെയ്താൽ രമേശ് ചെന്നിത്തലയെ നേരിട്ടെത്തി പൊന്നാട അണിയിക്കുമെന്നും 'ഒരുമ്മ തരുമെന്നും' ആയങ്കി പരിഹാസരൂപേണ ഫെയ്സ്ബുക്കിൽ കുറിച്ചു.
തങ്ങളെ വല്ലാണ്ട് വിരട്ടാൻ നോക്കേണ്ടെന്നും, താൻ വളർന്ന പാർട്ടി വേറെയാണെന്ന മുന്നറിയിപ്പും ഇയാൾ നൽകുന്നുണ്ട്. പോലീസിനെയും സർക്കാരിനെയും വെല്ലുവിളിക്കുന്ന ഇത്തരം പ്രതികരണങ്ങൾ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
പോലീസിന് ഭീഷണിയും അസഭ്യവർഷവും
കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന ഊന്നുകൽ ഇൻസ്പെക്ടർ ബി.എസ്. ആദർശിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലേക്ക് അർജുൻ ആയങ്കി അസഭ്യവർഷവും ഭീഷണിയും അടങ്ങിയ വോയ്സ് ക്ലിപ്പുകൾ അയക്കുകയായിരുന്നു. ഞാൻ ചത്താലും നിന്നെ സമാധാനമായി ജീവിക്കാൻ വിടില്ല എന്ന തരത്തിലുള്ള ഭീഷണി സന്ദേശങ്ങൾ അയച്ച ശേഷം ഇവ സ്വന്തം സോഷ്യൽ മീഡിയ പേജിലും പോസ്റ്റ് ചെയ്തു. ഓഗസ്റ്റ് 5-ന് രാത്രിയിലാണ് ഇയാൾ ഈ ഭീഷണി സന്ദേശങ്ങൾ ഇൻസ്പെക്ടർക്ക് അയച്ചതെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു.
നേരത്തെ കീഴടങ്ങാമെന്ന് പോലീസ് മുൻപാകെ വ്യക്തമാക്കിയിട്ടും പോലീസ് തന്റെ സുഹൃത്തുക്കളുടെ പിന്നാലെ നടന്ന് ഉപദ്രവിക്കുകയാണെന്നാണ് ആയങ്കിയുടെ ആരോപണം. ഒളിവിലിരിക്കുന്ന തന്നെ പിടികൂടാൻ ധൈര്യമുണ്ടെങ്കിൽ വരാനും പിടിക്കാമെങ്കിൽ പിടിച്ചോ എന്ന് പോലീസിനോട് തുറന്നടിച്ചുമാണ് മുൻപ് ഇയാൾ രംഗത്തെത്തിയത്. ഒളിവിലിരുന്ന് പോലീസിനെയും മന്ത്രിയെയും നിരന്തരം വെല്ലുവിളിക്കുന്ന അർജുൻ ആയങ്കിക്കായി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
---------------
Hindusthan Samachar / Roshith K