Enter your Email Address to subscribe to our newsletters

Thiruvananthapuram, 07 ഓഗസ്റ്റ് (H.S.)
തിരുവനന്തപുരം: സംസ്ഥാന ബിവറേജസ് കോർപ്പറേഷനിൽ (ബെവ്കോ) വകുപ്പറിയാതെ നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു. വിഷയത്തിൽ വിശദീകരണം തേടുന്നതിനായി ബെവ്കോ മാനേജിംഗ് ഡയറക്ടർ (എംഡി) യോഗേഷ് ഗുപ്തയോട് മന്ത്രി നേരിട്ട് ഹാജരാകാൻ നിർദേശം നൽകി. വകുപ്പ് മന്ത്രിയോടോ എക്സൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരോടോ ആലോചിക്കാതെ ബെവ്കോ തലപ്പത്തുനിന്ന് ഏകപക്ഷീയമായി തീരുമാനങ്ങൾ എടുത്തതാണ് വകുപ്പിനെ ചൊടിപ്പിച്ചത്. തിരുവനന്തപുരത്തെ മന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി കൂടിക്കാഴ്ച നടത്താനാണ് ഉത്തരവിട്ടിരിക്കുന്നത്.
പ്ലാസ്റ്റിക് കുപ്പി തിരികെ വാങ്ങുന്ന പദ്ധതി നിർത്തിയതിനെതിരെ പ്രതിഷേധം
ബെവ്കോ ഔട്ട്ലെറ്റുകൾ വഴി വിറ്റഴിക്കുന്ന പ്ലാസ്റ്റിക് മദ്യക്കുപ്പികൾ തിരികെ ശേഖരിക്കുന്ന പദ്ധതി ഏകപക്ഷീയമായി നിർത്തലാക്കാൻ എംഡി ഉത്തരവിറക്കിയതാണ് നിലവിലെ അസ്വാരസ്യങ്ങൾക്ക് പ്രധാന കാരണം. വകുപ്പിന്റെയോ സർക്കാരിന്റെയോ പൂർണ അനുമതിയില്ലാതെ കൈക്കൊണ്ട ഈ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. പ്ലാസ്റ്റിക് മദ്യക്കുപ്പികൾ വഴിയോരങ്ങളിലും പൊതുസ്ഥലങ്ങളിലും വലിച്ചെറിയുന്ന പ്രവണത തടയാനും പരിസ്ഥിതി മലിനീകരണം കുറയ്ക്കാനുമാണ് ഈ പദ്ധതി ആരംഭിച്ചത്.
മദ്യം വാങ്ങുമ്പോൾ ഉപഭോക്താവിൽ നിന്ന് നിക്ഷേപമായി 20 രൂപ അധികം വാങ്ങുകയും, ഒഴിഞ്ഞ കുപ്പി തിരികെ ഔട്ട്ലെറ്റിൽ നൽകുമ്പോൾ ഈ തുക തിരികെ നൽകുകയും ചെയ്യുന്ന രീതിയാണ് നടപ്പിലാക്കിയിരുന്നത്. എന്നാൽ ജീവനക്കാരുടെ ജോലിഭാരവും സ്ഥലപരിമിതിയും ചൂണ്ടിക്കാട്ടിയാണ് ബെവ്കോ എംഡി പെട്ടെന്ന് പദ്ധതി റദ്ദാക്കാൻ ഉത്തരവിറക്കിയത്.
പദ്ധതി പുനരാരംഭിക്കാൻ നിർദേശം
എംഡി റദ്ദാക്കിയ ഉത്തരവ് തള്ളിയ എക്സൈസ് മന്ത്രി എം. ലിജു, പ്ലാസ്റ്റിക് കുപ്പി തിരികെ വാങ്ങുന്ന പദ്ധതി തുടരാനും അത് പുനരാരംഭിക്കാനും കഴിഞ്ഞ ദിവസം നിർദ്ദേശം നൽകി. പരിസ്ഥിതി സംരക്ഷണത്തിന് ഏറെ ഉപകാരപ്രദമായ ഒരു പദ്ധതി യാതൊരു മുൻകൂട്ടി ആലോചനയുമില്ലാതെ നിർത്തലാക്കിയത് തെറ്റായ സന്ദേശം നൽകുമെന്നാണ് വകുപ്പിന്റെ വിലയിരുത്തൽ.
വരും ദിവസങ്ങളിൽ തദ്ദേശ സ്വയംഭരണ വകുപ്പ്, ക്ലീൻ കേരള കമ്പനി, കുടുംബശ്രീ എന്നിവരുടെ സഹകരണത്തോടെ കൂടുതൽ കാര്യക്ഷമമായി പദ്ധതി വിപുലീകരിക്കാനും ആലോചനയുണ്ട്. വരാനിരിക്കുന്ന ഓണം സീസണിലെ വലിയ തിരക്ക് പരിഗണിച്ച് താൽക്കാലികമായി ചില ക്രമീകരണങ്ങൾ വരുത്തുമെങ്കിലും, ഓണത്തിനു ശേഷം കൂടുതൽ സൗകര്യപ്രദമായ രീതിയിൽ സമഗ്രമായ പദ്ധതി തയാറാക്കുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.
എക്സൈസ് വകുപ്പിന്റെ നയപരമായ തീരുമാനങ്ങൾ മറികടന്ന് ബെവ്കോ തലപ്പത്ത് നിന്നും ഏകപക്ഷീയമായ നീക്കങ്ങൾ ഉണ്ടാകുന്നത് ഭരണപരമായ വീഴ്ചയായാണ് എക്സൈസ് വകുപ്പ് കാണുന്നത്. വകുപ്പിന്റെ അനുമതിയില്ലാതെ ഇനിമുതൽ ഇത്തരം പ്രധാന തീരുമാനങ്ങൾ എടുക്കരുതെന്ന കർശന മുന്നറിയിപ്പ് ഇന്നത്തെ കൂടിക്കാഴ്ചയിൽ എംഡിക്ക് നൽകുമെന്നാണ് വിവരം.
---------------
Hindusthan Samachar / Roshith K