തമിഴ്നാട് തീരുമാനിച്ച് അങ്ങ് വെച്ചാൽ മതി, നടപ്പില്ല’: മുല്ലപ്പെരിയാർ ജലനിരപ്പിലും വിജയ് പരാമർശത്തിലും തഗ്ഗ് മറുപടിയുമായി എം.എം. മണി
Idukki, 07 ഓഗസ്റ്റ് (H.S.) ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാട് സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് മുതിർന്ന സി.പി.ഐ.എം നേതാവും മുൻ വൈദ്യുത മന്ത്രിയുമായ എം.എം. മണി. ജലനിരപ്പ് ഉയർത്താമെന്ന് ത
തമിഴ്നാട് തീരുമാനിച്ച് അങ്ങ് വെച്ചാൽ മതി, നടപ്പില്ല’: മുല്ലപ്പെരിയാർ ജലനിരപ്പിലും വിജയ് പരാമർശത്തിലും തഗ്ഗ് മറുപടിയുമായി എം.എം. മണി


Idukki, 07 ഓഗസ്റ്റ് (H.S.)

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാട് സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് മുതിർന്ന സി.പി.ഐ.എം നേതാവും മുൻ വൈദ്യുത മന്ത്രിയുമായ എം.എം. മണി. ജലനിരപ്പ് ഉയർത്താമെന്ന് തമിഴ്നാട് സർക്കാരിന് ഏകപക്ഷീയമായി തീരുമാനിച്ച് അങ്ങ് വെക്കാമെന്നല്ലാതെ അത് കേരളത്തിൽ നടപ്പാക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. നിലവിലുള്ള അവസ്ഥയിൽ ജലനിരപ്പ് ഉയർത്താൻ കേരളം യാതൊരു കാരണവശാലും അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘കേരളത്തിന്റെ സുരക്ഷയിലാണ് പ്രധാനം’

തമിഴ്നാടിന് ഇപ്പോൾ നൽകിവരുന്ന അളവിൽ തന്നെ വെള്ളം കൊടുക്കുന്നതിൽ തങ്ങൾക്ക് എതിർപ്പില്ലെന്ന് എം.എം. മണി വ്യക്തമാക്കി. എന്നാൽ, വെള്ളം നൽകുന്നതിനോടൊപ്പം തന്നെ ഇടുക്കി ഉൾപ്പെടെയുള്ള താഴത്തെ പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്ന കേരളത്തിന്റെ സുരക്ഷാ വശത്തിന് മുൻഗണന നൽകിയേ തീരൂ.

തമിഴ്നാട്ടിൽ ഭരണത്തിൽ ഇരിക്കുന്നതോ ഇനി വരാൻ പോകുന്നതോ ആയ ഏത് സർക്കാരായാലും—അത് നടൻ വിജയ് ലക്ഷ്യമിടുന്ന സർക്കാരായാലും ശരി—ഈ തീരുമാനം കേരളത്തിന്റെ മണ്ണിൽ നടപ്പാക്കാൻ കഴിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങളുടെ സുരക്ഷ മുൻനിർത്തി സർക്കാരും കേരളീയരും ഒറ്റക്കെട്ടായി നിലനിൽക്കേണ്ട വിഷയമാണിതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

‘മൂന്ന് താലൂക്കുകൾ തമിഴ്നാടിന് കൊടുക്കാൻ അത് കയ്യിൽ വെച്ചാൽ മതി’

ഇടുക്കി ജില്ലയിലെ തോട്ടം മേഖലകൾ ഉൾപ്പെടുന്ന മൂന്ന് താലൂക്കുകൾ തമിഴ്നാടിന് വിട്ടുനൽകണമെന്ന തരത്തിൽ അതിർത്തിക്കപ്പുറത്തുനിന്ന് ഉയർന്നുവന്ന വിവാദ പ്രചാരണങ്ങൾക്കും എം.എം. മണി തന്റെ തനതായ ശൈലിയിൽ മറുപടി നൽകി.

പച്ച മലയാളത്തിൽ പറഞ്ഞാൽ അതൊക്കെ തമിഴ്നാട് കയ്യിൽ വെച്ചാൽ മതി, ഇവിടെ വന്ന് ചെലവാക്കാൻ നോക്കേണ്ട എന്നായിരുന്നു എം.എം. മണിയുടെ രൂക്ഷമായ പരിഹാസം.

കേരളത്തിന്റെ അതിർത്തി ഭൂമിയോ താലൂക്കുകളോ ആർക്കും വിട്ടുനൽകുന്ന പ്രശ്നമില്ലെന്നും ഇല്ലാത്ത അവകാശവാദങ്ങൾ ഉന്നയിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ നോക്കുന്നവർക്ക് അതിവിടെ സാധിക്കില്ലെന്നും അദ്ദേഹം കർശനമായി മുന്നറിയിപ്പ് നൽകി. മുല്ലപ്പെരിയാർ വിഷയത്തിലും അതിർത്തി തർക്കങ്ങളിലും തമിഴ്നാട് തുടരുന്ന പിടിവാശിക്കെതിരെ ജനവികാരം ശക്തമാകുന്നതിനിടെയാണ് എം.എം. മണിയുടെ ഈ പ്രതികരണം.

---------------

Hindusthan Samachar / Roshith K


Latest News