ദുരന്തമുഖത്തും ജനീഷ് കളിക്കുന്നത് വൃത്തികെട്ട രാഷ്ട്രീയം’: കോന്നിയിലെ ആക്ഷേപങ്ങളിൽ ചിത്രങ്ങൾ പുറത്തുവിട്ട് കടുത്ത മറുപടിയുമായി മന്ത്രി പി.സി. വിഷ്ണുനാഥ്
Pathanamthitta, 07 ഓഗസ്റ്റ് (H.S.) പത്തനംതിട്ട: മഴക്കെടുതിയും പ്രളയക്കെടുതിയും നേരിടുന്ന കോന്നി മണ്ഡലത്തിലേക്ക് ഭരണകൂടവും ജനപ്രതിനിധികളും തിരിഞ്ഞുനോക്കിയില്ലെന്ന കോന്നി എം.എൽ.എ കെ. യു. ജനീഷ് കുമാറിന്റെ ആക്ഷേപങ്ങൾക്ക് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി മന
ദുരന്തമുഖത്തും ജനീഷ് കളിക്കുന്നത് വൃത്തികെട്ട രാഷ്ട്രീയം’: കോന്നിയിലെ ആക്ഷേപങ്ങളിൽ ചിത്രങ്ങൾ പുറത്തുവിട്ട് കടുത്ത മറുപടിയുമായി മന്ത്രി പി.സി. വിഷ്ണുനാഥ്


Pathanamthitta, 07 ഓഗസ്റ്റ് (H.S.)

പത്തനംതിട്ട: മഴക്കെടുതിയും പ്രളയക്കെടുതിയും നേരിടുന്ന കോന്നി മണ്ഡലത്തിലേക്ക് ഭരണകൂടവും ജനപ്രതിനിധികളും തിരിഞ്ഞുനോക്കിയില്ലെന്ന കോന്നി എം.എൽ.എ കെ. യു. ജനീഷ് കുമാറിന്റെ ആക്ഷേപങ്ങൾക്ക് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി മന്ത്രി പി.സി. വിഷ്ണുനാഥ്. എം.എൽ.എ ഉയർത്തിയ ആരോപണങ്ങൾ പൂർണ്ണമായും വ്യാജമാണെന്ന് തെളിയിക്കുന്നതിനായി, ജനീഷ് കുമാറിനൊപ്പം ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടാണ് മന്ത്രി പ്രതിരോധം തീർത്തത്. ദുരന്തബാധിതരെ സഹായിക്കേണ്ട ഈ സമയത്ത് എം.എൽ.എ തികച്ചും വൃത്തികെട്ട രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി.

മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ താൻ എം.എൽ.എയെ അങ്ങോട്ട് വിളിച്ച് സംസരിക്കുകയും ക്യാമ്പുകൾ ഒന്നിച്ച് സന്ദർശിക്കാനുള്ള സന്നദ്ധത അറിയിക്കുകയുമായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. ഞാൻ ജനീഷ് കുമാറിനെ അങ്ങോട്ട് വിളിച്ചാണ് ക്യാമ്പുകൾ സന്ദർശിക്കാനുള്ള സന്നദ്ധത അറിയിച്ചത്. എന്നിട്ടും ജനീഷ് വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണ്. എന്ത് വൃത്തികെട്ട രാഷ്ട്രീയമാണിത്! നാട് വലിയൊരു ദുരന്തത്തിലൂടെയും പ്രയാസത്തിലൂടെയും കടന്നുപോകുമ്പോൾ തന്നെ വേണോ ഇത്തരത്തിലുള്ള ആരോപണങ്ങൾ? മനസാക്ഷിയുള്ള ഏതെങ്കിലും ഒരാൾ താൻ മുറിയിലിരുന്ന് ഉറങ്ങി എന്ന് പറയുമോ? ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ അൽപം മനുഷ്യത്വം കാണിക്കണ്ടേ? എന്ന് മന്ത്രി ശക്തമായ ഭാഷയിൽ ചോദിച്ചു.

ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപനവും പൂർണ്ണ സജ്ജമാണെന്ന് വ്യക്തമാക്കിയ മന്ത്രി, റാന്നി, കോന്നി, തിരുവല്ല, ആറന്മുള തുടങ്ങിയ എല്ലാ പ്രധാന പ്രദേശങ്ങളിലും യോഗങ്ങൾ ചേരുകയും സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുകയും ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കി. പ്രളയവും ഉരുൾപൊട്ടലുമുണ്ടായ മേഖലകളിൽ നേരിട്ടെത്തുകയും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ജനങ്ങളെ കണ്ട് അവർക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്. ഇതിന്റെയൊക്കെ ഭാഗമായി തന്നോടൊപ്പം നിന്ന എം.എൽ.എ പിന്നീട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മാധ്യമങ്ങൾക്ക് മുന്നിൽ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഴക്കെടുതിയിൽ വലിയ നാശനഷ്ടമുണ്ടായ കോന്നിയിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശനം നടത്തിയില്ലെന്നും, അവലോകന യോഗങ്ങളിൽ നിന്ന് ഒഴിവാക്കിയെന്നുമായിരുന്നു കെ. യു. ജനീഷ് കുമാർ എം.എൽ.എയുടെ പ്രധാന വിമർശനം. എന്നാൽ മന്ത്രി ജനീഷ് കുമാറിനൊപ്പം ക്യാമ്പുകളിലും പ്രളയബാധിത പ്രദേശങ്ങളിലും നിൽക്കുന്ന ചിത്രങ്ങൾ സഹിതം വാർത്താസമ്മേളനത്തിൽ നിരത്തിയതോടെ വിഷയം ജില്ലയിൽ വലിയ രാഷ്ട്രീയ ചർച്ചയായി മാറിയിരിക്കുകയാണ്. ദുരന്തനിവാരണ പ്രവർത്തനങ്ങൾ പുരോഗമിക്കവേ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകളിൽ നിന്നും വിട്ടുനിൽക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

---------------

Hindusthan Samachar / Roshith K


Latest News