Enter your Email Address to subscribe to our newsletters

Thiruvananthapuram, 08 ഓഗസ്റ്റ് (H.S.)
തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ഒഡീഷക്കും മുകളിലായി പുതിയ ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഓഗസ്റ്റ് 8 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ കേരളത്തിലുടനീളം നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.
പ്രത്യേകിച്ച് ഓഗസ്റ്റ് 8, 9 തീയതികളിൽ സംസ്ഥാനത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. മഴ കനക്കുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ (Yellow) അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ശക്തമായ കാറ്റും മോശം കാലാവസ്ഥയും: മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
ന്യൂനമർദത്തിന്റെ സ്വാധീനഫലമായി കടൽ പ്രക്ഷുബ്ധമാകാനും തീരപ്രദേശങ്ങളിൽ മോശം കാലാവസ്ഥ തുടരാനും സാധ്യതയുണ്ട്. ഓഗസ്റ്റ് 8, 9 തീയതികളിൽ കേരളാ - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില സന്ദർഭങ്ങളിൽ പരമാവധി 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റടിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കാറ്റിന്റെ വേഗത വർധിക്കാൻ സാധ്യതയുള്ളതിനാൽ ഈ ദിവസങ്ങളിൽ കേരളാ-ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് കടലിൽ പോകാൻ പാടില്ലെന്ന് മത്സ്യത്തൊഴിലാളികൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും തീരപ്രദേശങ്ങളിൽ വിനോദസഞ്ചാരത്തിൽ ഏർപ്പെടുന്നവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത വേണം
തുടർച്ചയായി മഴ ലഭിക്കുന്ന മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാൽ ആ പ്രദേശങ്ങളിൽ വസിക്കുന്ന ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണം. നദികളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പുഴകളിലും അരുവികളിലും ഇറങ്ങുന്നതും മീൻപിടിക്കുന്നതും ഒഴിവാക്കണം. രാത്രികാലങ്ങളിൽ മലയോര മേഖലകളിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കാനും അധികൃതർ നിർദേശിച്ചു.
ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴാനും വൈദ്യുത തൂണുകൾക്ക് കേടുപാടുകൾ സംഭവിക്കാനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരണമെന്നും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ ദുരന്തനിവാരണ അതോറിറ്റികളും സജ്ജമാണെന്നും സർക്കാർ അറിയിച്ചു.
---------------
Hindusthan Samachar / Roshith K