ജാർഖണ്ഡിൽ ഉദ്യോഗാർത്ഥികളുടെ സമരം ശക്തമാകുന്നു: സർക്കാരുമായുള്ള ചർച്ചകൾ പരാജയപ്പെട്ടു; ജെ.പി.എസ്.സി പരീക്ഷാ തട്ടിപ്പിൽ അന്വേഷണം ഊർജ്ജിതം
Ranchi , 08 ഓഗസ്റ്റ് (H.S.) റാഞ്ചി: ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ (JPSC), ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (JSSC) മത്സരപരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെയും ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയും ഉദ്യോഗാർത്ഥികൾ നടത്തുന്ന പ്രക്ഷോഭം കൂടുതൽ ശക്തമാകുന്നു. പ
ജാർഖണ്ഡിൽ ഉദ്യോഗാർത്ഥികളുടെ സമരം ശക്തമാകുന്നു: സർക്കാരുമായുള്ള ചർച്ചകൾ പരാജയപ്പെട്ടു; ജെ.പി.എസ്.സി പരീക്ഷാ തട്ടിപ്പിൽ അന്വേഷണം ഊർജ്ജിതം


Ranchi , 08 ഓഗസ്റ്റ് (H.S.)

റാഞ്ചി: ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ (JPSC), ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (JSSC) മത്സരപരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെയും ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയും ഉദ്യോഗാർത്ഥികൾ നടത്തുന്ന പ്രക്ഷോഭം കൂടുതൽ ശക്തമാകുന്നു. പ്രശ്നപരിഹാരത്തിനായി ജാർഖണ്ഡ് സർക്കാരും സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുടെ പ്രതിനിധികളും തമ്മിൽ നടത്തിയ ഒന്നിലധികം ഘട്ട ചർച്ചകൾ പരാജയപ്പെട്ടു. ഇതോടെ പതിനഞ്ചാം ദിവസത്തിലേക്ക് കടന്ന സമരം കൂടുതൽ കടുപ്പിക്കാൻ ഉദ്യോഗാർത്ഥികൾ തീരുമാനിച്ചു.

ചർച്ചകൾ പരാജയം: സമരം തുടരുമെന്ന് ഉദ്യോഗാർത്ഥികൾ

സംസ്ഥാന ഉന്നത-സാങ്കേതിക വിദ്യാഭ്യാസ മന്ത്രി സുദിവ്യ കുമാറിന്റെയും മന്ത്രി ദീപിക പാണ്ഡെ സിങ്ങിന്റെയും നേതൃത്വത്തിലുള്ള സർക്കാർ സംഘം സമരം ചെയ്യുന്ന 'ജെ.പി.എസ്.സി-ജെ.എസ്.എസ്.സി റിഫോംസ് മഞ്ച്', ദേവേന്ദ്ര നാഥ് മഹ്തോ വിഭാഗം എന്നിവരുടെ പ്രതിനിധികളുമായി വെവ്വേറെ ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ, ഉദ്യോഗാർത്ഥികളുടെ മുഖ്യ ആവശ്യങ്ങളിൻമേൽ വ്യക്തമായ ഉറപ്പ് നൽകാൻ സർക്കാരിന് സാധിച്ചില്ല.

തുടർന്ന്, തങ്ങളുടെ ആവശ്യങ്ങൾ പൂർണ്ണമായും അംഗീകരിക്കുന്നത് വരെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് വിദ്യാർത്ഥി പ്രതിനിധികൾ വ്യക്തമാക്കി. സർക്കാരുമായി നടത്തിയ ചർച്ചകൾ പോസിറ്റീവായിരുന്നുവെങ്കിലും തൃപ്തികരമായ തീരുമാനം ഉണ്ടാകാത്തതിനാൽ സമരം തുടരുമെന്ന് സമരസമിതി നേതാക്കളായ രവീന്ദ്ര പസ്വാൻ, ദേവേന്ദ്ര നാഥ് മഹ്തോ എന്നിവർ മാധ്യമങ്ങളോട് പറഞ്ഞു.

ഉദ്യോഗാർത്ഥികളുടെ പ്രധാന ആവശ്യങ്ങൾ

ഉദ്യോഗാർത്ഥികൾ പ്രധാനമായും മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ ഇവയാണ്:

-

പരീക്ഷ റദ്ദാക്കൽ: ക്രമക്കേട് ആരോപണം ഉയർന്ന 14-ാമത് ജെ.പി.എസ്.സി പരീക്ഷ പൂർണ്ണമായും റദ്ദാക്കുക.

-

സ്വതന്ത്ര അന്വേഷണം: ക്രമക്കേടുകളെക്കുറിച്ച് സി.ബി.ഐ (CBI) വഴിയോ അല്ലെങ്കിൽ ജാർഖണ്ഡിന് പുറത്തുനിന്നുള്ള വിരമിച്ച ഹൈക്കോടതി ജഡ്ജിമാരുടെ സമിതി വഴിയോ സ്വതന്ത്ര അന്വേഷണം നടത്തുക.

-

കമ്മീഷൻ പരിഷ്കരണം: ജെ.പി.എസ്.സി, ജെ.എസ്.എസ്.സി ബോർഡുകളുടെ പ്രവർത്തനങ്ങളിൽ സമഗ്രമായ സുതാര്യത ഉറപ്പാക്കുകയും അഴിമതി ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ പുറത്താക്കുകയും ചെയ്യുക.

ഓഗസ്റ്റ് 10-നകം സർക്കാർ അനുകൂലമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ജാർഖണ്ഡ് നിയമസഭയിലേക്ക് വൻ പ്രകടനവും ഉപരോധവും സംഘടിപ്പിക്കുമെന്നും വിദ്യാർത്ഥി സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സി.ഐ.ഡി അന്വേഷണം; ജെ.പി.എസ്.സി അംഗങ്ങൾക്ക് സമൻസ്

അതേസമയം, പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് ജാർഖണ്ഡ് പോലീസിലെ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (CID) അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ജെ.പി.എസ്.സിയിലെ നിലവിലെ മൂന്ന് അംഗങ്ങളായ അജിത ഭട്ടാചാര്യ, അനിമാ ഹൻസ്ദ, ജമാൽ അഹമ്മദ് എന്നിവർക്ക് സി.ഐ.ഡി സമൻസ് അയച്ചു. ചോദ്യം ചെയ്യലിനായി ഓഗസ്റ്റ് 10, 12, 14 തീയതികളിൽ ഹാജരാകാനാണ് നിർദേശം.

ഉദ്യോഗാർത്ഥികളുടെ പരാതികളും നിർദേശങ്ങളും സ്വീകരിക്കുന്നതിനായി സംസ്ഥാന സർക്കാർ JPSSC.feedback@gmail.com എന്ന പ്രത്യേക ഇമെയിൽ വിലാസവും പുറത്തിറക്കിയിട്ടുണ്ട്. പൊതുജനങ്ങളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും ലഭിക്കുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ പുതിയ നയരൂപീകരണം നടത്തുമെന്നാണ് വിദ്യാഭ്യാസ മന്ത്രി സുദിവ്യ കുമാർ വ്യക്തമാക്കിയത്.

രാഷ്ട്രീയ തർക്കവും പ്രക്ഷോഭവും

സംഭവം ജാർഖണ്ഡ് രാഷ്ട്രീയത്തിലും വലിയ കൊടുങ്കാറ്റാണ് സൃഷ്ടിച്ചിരിക്കുന്നത്. വിഷയത്തിൽ പ്രതിപക്ഷം സർക്കാരിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. ബി.ജെ.പി സംസ്ഥാന നിയമസഭയിൽ വിഷയം ഉന്നയിച്ച് സഭാ നടപടികൾ തടസ്സപ്പെടുത്തുകയും ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.

കൂടാതെ, എ.ബി.വി.പി (ABVP) പ്രവർത്തകർ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വസതിയിലേക്ക് മാർച്ച് നടത്തി. നിരാഹാര സമരം കിടന്ന വിദ്യാർത്ഥി നേതാക്കളുടെ ആരോഗ്യം മോശമായതിനെ തുടർന്ന് ആശുപതിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ ആയിരക്കണക്കിന് യുവാക്കളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയ പരീക്ഷാ ക്രമക്കേടിൽ വരും ദിവസങ്ങളിലും പ്രക്ഷോഭം ശക്തമാകാനാണ് സാധ്യത.

---------------

Hindusthan Samachar / Roshith K


Latest News