കുരുന്നുകൾക്കായി കാസർകോട് ജില്ലാ കളക്ടര് ഒരുക്കിയ സ്നേഹനിർഭരമായ സന്ദേശം വൈറലാകുന്നു.
Kasaragod , 09 ഓഗസ്റ്റ് (H.S.) മഴയവധികൾക്ക് താൽക്കാലിക വിരാമം, ഫുൾ എനർജിയിൽ തിങ്കളാഴ്ച മുതൽ സ്കൂളുകളിലേക്ക് -എന്ന് തുടങ്ങുന്ന കുരുന്നുകൾക്കായി കാസർകോട് ജില്ലാ കളക്ടര് ഒരുക്കിയ സ്നേഹനിർഭരമായ സന്ദേശം വൈറലാകുന്നു. ജില്ലയിൽ കനത്ത മഴയെത്തുടർന്ന് പ്രഖ
Arjun pandiyan IAS


Kasaragod , 09 ഓഗസ്റ്റ് (H.S.)

മഴയവധികൾക്ക് താൽക്കാലിക വിരാമം, ഫുൾ എനർജിയിൽ തിങ്കളാഴ്ച മുതൽ സ്കൂളുകളിലേക്ക് -എന്ന് തുടങ്ങുന്ന കുരുന്നുകൾക്കായി കാസർകോട് ജില്ലാ കളക്ടര് ഒരുക്കിയ സ്നേഹനിർഭരമായ സന്ദേശം വൈറലാകുന്നു. ജില്ലയിൽ കനത്ത മഴയെത്തുടർന്ന് പ്രഖ്യാപിച്ചിരുന്ന സ്കൂൾ അവധികൾക്ക് താൽക്കാലികമായി വിരാമമാകുന്നുവെന്നാണ് കളക്ടറുടെ സന്ദേശത്തില് പറയുന്നത്. തിങ്കളാഴ്ച മുതൽ ജില്ലയിലെ എല്ലാ കൂട്ടുകാരും പൂർണ ഊർജ്ജത്തോടെ വിദ്യാലയങ്ങളിലേക്ക് മടങ്ങാൻ തയ്യാറെടുക്കണമെന്ന് കാസർകോട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐ.എ.എസ് ഔദ്യോഗികമായി അറിയിച്ചു.

വിദ്യാർഥികൾക്ക് ആത്മവിശ്വാസവും സ്നേഹവും പകരുന്ന ഹൃദ്യമായ ഒരു കത്തിലൂടെയാണ് കളക്ടർ ഈ വിവരം പങ്കുവെച്ചിരിക്കുന്നത്. ഒത്തൊരുമയുടെയും സഹായത്തിൻ്റെയും പുതിയ അധ്യയനദിനങ്ങൾ തുടർച്ചയായ മഴക്കെടുതികൾക്കിടയിൽ പല കുട്ടികൾക്കും തങ്ങളുടെ പഠനോപകരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടാകാം എന്ന യാഥാർത്ഥ്യം കളക്ടർ കത്തിൽ ഓർമ്മിപ്പിക്കുന്നുണ്ട്.

മഴ കാരണം പുസ്തകങ്ങളോ കുടയോ മറ്റ് പഠനസാമഗ്രികളോ നഷ്ടപ്പെട്ട സഹപാഠികൾ ആരെങ്കിലുമുണ്ടെങ്കിൽ, അവരെ പരസ്പരം സഹായിക്കാനും അവർക്ക് താങ്ങാകാനും എല്ലാ കൂട്ടുകാരും മുന്നോട്ട് വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ദുരന്തമുഖത്ത് പരസ്പരം കൈത്താങ്ങാകേണ്ടതിൻ്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുന്നതാണ് കളക്ടറുടെ ഈ വാക്കുകൾ.

ഓണപ്പരീക്ഷകൾ വരുന്നു; നന്നായി ഒരുങ്ങാം

അവധിക്കാലത്തിൻ്റെ ആലസ്യം വെടിഞ്ഞ് ഇനി വരാനിരിക്കുന്ന ഓണപ്പരീക്ഷകൾക്കായി മികച്ച രീതിയിൽ തയ്യാറെടുക്കാൻ കളക്ടർ വിദ്യാർഥികളോട് ആവശ്യപ്പെടുന്നു. നിങ്ങൾ നല്ല മാർക്ക് വാങ്ങിക്കുമ്പോഴാണ് കൂടുതൽ അവധി പരിഗണിക്കുവാൻ പ്രചോദനമാകുന്നത്...എന്ന കളക്ടറുടെ കത്തിലെ രസകരമായ വരികൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും കുട്ടികൾക്കിടയിൽ ചർച്ചയാവുകയും ചെയ്തിട്ടുണ്ട്.

പരീക്ഷകളിൽ മികച്ച വിജയം കൈവരിക്കാൻ എല്ലാ വിദ്യാർഥികൾക്കും അദ്ദേഹം ആശംസകൾ നേർന്നു. ജില്ലയിലെ കുട്ടികളോട് ഏറെ സൌഹൃദപരമായ ഭാഷയിൽ, സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം ജില്ലാ കളക്ടർ എന്ന് കുറിച്ചുകൊണ്ടാണ് ഓഗസ്റ്റ് 8 തീയതി രേഖപ്പെടുത്തിയ ഈ കത്ത് അവസാനിക്കുന്നത്. പരീക്ഷാ ചൂടിലേക്ക് കടക്കുന്ന കാസർകോട്ടെ വിദ്യാർത്ഥികൾക്ക് ഈ സന്ദേശം വലിയൊരു ആവേശമായിരിക്കുകയാണ്. 'ഡോൾഫിൻ' സൂപ്പർ ടൈഫൂൺ ചൈനീസ് തീരത്ത് കരതൊട്ടതോടെ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിൽ തുടർന്നുവന്ന അതിതീവ്ര മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ അറിയിപ്പ്. ഈ പശ്ചാത്തലത്തിലാണ് അവധി ഇനിയുണ്ടാകില്ലെന്നും കുട്ടികള് മിഠുക്കരായി പഠിക്കണമെന്നും കളക്ടര് അഭ്യര്ഥിച്ചത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News