പ്രവർത്തന ചരിത്രത്തിലെ ഏറ്റവും മികച്ച സാമ്പത്തിക നേട്ടവുമായി കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്
Ernakulam, 09 ഓഗസ്റ്റ് (H.S.) പ്രവർത്തന ചരിത്രത്തിലെ ഏറ്റവും മികച്ച സാമ്പത്തിക നേട്ടവുമായി കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ). ചരിത്രത്തിലാദ്യമായി 500 കോടി രൂപയ്ക്ക് മുകളിൽ അറ്റാദായം രേഖപ്പെടുത്തി. 2025-26 സാമ്പത്തിക വർഷത്തിൽ കമ്പനിയു
CIAL kochi


Ernakulam, 09 ഓഗസ്റ്റ് (H.S.)

പ്രവർത്തന ചരിത്രത്തിലെ ഏറ്റവും മികച്ച സാമ്പത്തിക നേട്ടവുമായി കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ). ചരിത്രത്തിലാദ്യമായി 500 കോടി രൂപയ്ക്ക് മുകളിൽ അറ്റാദായം രേഖപ്പെടുത്തി. 2025-26 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ അറ്റാദായം 502 കോടി രൂപയായി ഉയർന്നതോടെയാണ് ഈ റെക്കോർഡ് കൈവരിച്ചത്. ഉയർന്ന സാമ്പത്തിക വളർച്ചയുടെ പശ്ചാത്തലത്തിൽ നിക്ഷേപകർക്ക് 55 ശതമാനം ലാഭവിഹിതം നൽകാൻ ഡയറക്ടർ ബോർഡ് ശുപാർശ ചെയ്തു.

മുഖ്യമന്ത്രി വി ഡി സതീശൻ ചെയർമാനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ ഡയറക്ടർ ബോർഡ് യോഗത്തിലാണ് സുപ്രധാന ധനകാര്യ കണക്കുകൾ പുറത്തുവിട്ടതും ഭാവി വികസന പദ്ധതികൾക്ക് രൂപം നൽകിയതും. വരുന്ന സെപ്റ്റംബറിൽ ചേരുന്ന നിക്ഷേപകരുടെ വാർഷിക പൊതുയോഗത്തിൻ്റെ അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും 55 ശതമാനം ലാഭവിഹിതം വിതരണം ചെയ്യുക.

മൊത്തവരുമാനത്തിൽ വൻ വർധനവ്

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 1220 കോടി രൂപയുടെ മൊത്തവരുമാനമാണ് സിയാൽ നേടിയത്. തൊട്ടുമുൻപത്തെ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ 6.6 ശതമാനത്തിൻ്റെ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ലാഭത്തിൻ്റെ കാര്യത്തിലും പ്രകടമായ പുരോഗതിയുണ്ട്. മുൻവർഷം 499 കോടി രൂപയായിരുന്ന അറ്റാദായമാണ് ഇത്തവണ 502 കോടിയായി വർധിച്ചത്. പ്രവർത്തന കാര്യക്ഷമതയും യാത്രാക്കാരുടെ എണ്ണത്തിലുണ്ടായ വർധനവുമാണ് സിയാലിന് ഈ ചരിത്ര വിജയത്തിന് വഴിയൊരുക്കിയത്. 2025-26 വർഷത്തിൽ ആകെ ഒരു കോടി പതിനാല് ലക്ഷത്തിലധികം (1,14,42,583) യാത്രക്കാരാണ് കൊച്ചി വിമാനത്താവളം വഴി യാത്ര ചെയ്തത്. ഈ കാലയളവിൽ 73,134 വിമാന സർവീസുകളും വിമാനത്താവളം വിജയകരമായി കൈകാര്യം ചെയ്തു. തുടർച്ചയായ നാലാം വർഷമാണ് സിയാൽ ഒരു കോടിയിലധികം യാത്രക്കാരെ കൈകാര്യം ചെയ്യുന്ന എയർപോർട്ട് എന്ന നാഴികക്കല്ല് പിന്നിടുന്നത്.

എയർപോർട്ട് കൺസൾട്ടൻസി രംഗത്തേക്ക്

സാമ്പത്തിക നേട്ടങ്ങൾക്കൊപ്പം കമ്പനിയുടെ സുവർണ്ണ ഭാവി ലക്ഷ്യമിട്ടുള്ള നിർണായക തീരുമാനങ്ങളും ബോർഡ് യോഗത്തിലുണ്ടായി. മറ്റു വിമാനത്താവളങ്ങൾക്ക് സമഗ്രമായ സേവനങ്ങൾ ലഭ്യമാക്കുന്ന 'വിമാനത്താവള കൺസൾട്ടൻസി' മേഖലയിലേക്ക് ചുവടുവയ്ക്കാനാണ് സിയാൽ ഒരുങ്ങുന്നത്. ഇന്ത്യൻ വ്യോമയാന മേഖലയിൽ അടുത്ത പത്ത് വർഷത്തിനുള്ളിൽ 50,000 കോടി രൂപയിലധികം വരുന്ന അടിസ്ഥാന സൗകര്യ വികസന നിക്ഷേപങ്ങൾ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വൻ സാധ്യത പരമാവധി പ്രയോജനപ്പെടുത്താനാണ് സിയാലിൻ്റെ നീക്കം.

വിമാനത്താവളങ്ങളുടെ മാസ്റ്റർ പ്ലാനിങ്, റൺവേ വികസനം, കാർഗോ ആൻ്റ് ഗ്രൗണ്ട് ഹാൻഡ്ലിങ്, ഡ്യൂട്ടി ഫ്രീ പ്രവർത്തനങ്ങൾ, കൊമേഴ്സ്യൽ വികസനം, റിയൽ എസ്റ്റേറ്റ് മാനേജ്മെൻ്റ് തുടങ്ങിയ മേഖലകളിൽ സിയാലിൻ്റെ ദീർഘകാല അനുഭവ സമ്പത്ത് മറ്റു വിമാനത്താവളങ്ങൾക്ക് പ്രയോജനപ്പെടുത്തുന്ന രീതിയിലാകും ഈ സേവനങ്ങൾ നൽകുക. ലോകത്തിലെ ആദ്യത്തെ പൂർണ സോളാർ അധിഷ്ഠിത വിമാനത്താവളമെന്ന നിലയിൽ ആഗോള ശ്രദ്ധ നേടിയ സിയാൽ, കൺസൾട്ടൻസി രംഗത്തേക്ക് കൂടി കടക്കുന്നതോടെ വ്യോമയാന മേഖലയിലെ സ്വാധീനം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News