കൊല്ലം, തിരുവനന്തപുരം ജില്ലകളിലുണ്ടായ ബോട്ടപകടങ്ങളെ തുടർന്ന് കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിലിനായി ഇന്ത്യൻ നാവിക സേന
Ernakulam , 09 ഓഗസ്റ്റ് (H.S.) കൊല്ലം, തിരുവനന്തപുരം ജില്ലകളിലുണ്ടായ ബോട്ടപകടങ്ങളെ തുടർന്ന് കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിലിനായി ഇന്ത്യൻ നാവിക സേനയും. നീണ്ടകര അഴിമുഖത്തിന് സമീപം മത്സ്യബന്ധന ബോട്ട് മറിഞ്ഞ് കാണാതായ പുത്തൻതുറ സ്വദ
INS Kalpeni


Ernakulam , 09 ഓഗസ്റ്റ് (H.S.)

കൊല്ലം, തിരുവനന്തപുരം ജില്ലകളിലുണ്ടായ ബോട്ടപകടങ്ങളെ തുടർന്ന് കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിലിനായി ഇന്ത്യൻ നാവിക സേനയും. നീണ്ടകര അഴിമുഖത്തിന് സമീപം മത്സ്യബന്ധന ബോട്ട് മറിഞ്ഞ് കാണാതായ പുത്തൻതുറ സ്വദേശി ഗൗതം കൃഷ്ണയ്ക്ക് (26) വേണ്ടിയുള്ള നാവികസേനയുടെ തെരച്ചിലിനാണ് നാവികസേന ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പിന്നീട്, മുതലപ്പൊഴിയിലും വിഴിഞ്ഞത്തും കാണാതായ മറ്റ് മത്സ്യത്തൊഴിലാളികളെ തിരയുന്നതിനായി പ്രവർത്തിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നീണ്ടകര തീരത്തുനിന്ന് ഒരു നോട്ടിക്കൽ മൈൽ അകലെ കേന്ദ്രീകരിച്ചാണ് ഇന്ത്യൻ നാവികസേനയുടെ നേതൃത്വത്തിൽ നിലവിൽ പരിശോധന പുരോഗമിക്കുന്നത്.

ഇന്നലെ രാത്രി കൊച്ചിയിൽ നിന്ന് പുറപ്പെട്ട നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് കൽപേനി' (INS Kalpeni) പ്രദേശത്ത് നങ്കൂരമിട്ടിട്ടുണ്ട്. നാവികസേനയുടെ പ്രത്യേക പരിശീലനം ലഭിച്ച ഡൈവിംഗ് സംഘവും കപ്പലിലുണ്ട്.

മറൈൻ എൻഫോഴ്സ്മെൻ്റുമായി ഏകോപിപ്പിച്ച് പരിശോധന

ജൂലൈ 31 ന് നീണ്ടകര, വിഴിഞ്ഞം, മുതലപ്പൊഴി എന്നിവിടങ്ങളിലെ ബോട്ടപകടത്തിൽ കാണാതായ ഗൗതം കൃഷ്ണ, ജോൺ, ഷിജിൻ എന്നിവർക്കായി കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്സ്മെൻ്റെ വിങ്, കോസ്റ്റ് ഗാർഡ് എന്നിവർ നടത്തുന്ന തെരച്ചിൽ ഇന്ന് 10-ാം ദിവസത്തിലേക്ക് കടക്കുകയാണ്. തെരച്ചിൽ പ്രവർത്തനത്തിൽ വീഴ്ചയുണ്ടെന്ന് ആരോപിച്ച് കാണാതായവരുടെ കുടുംബാംഗങ്ങൾ നേരത്തെ പ്രതിഷേധിച്ചിരുന്നു. ഇതോടെയാണ് വിഷയത്തിൽ സംസ്ഥാന സർക്കാർ ഇന്ത്യൻ നാവിക സേനയുടെ സഹായം തേടിയത്. അധികാരികളുടെ മന്ദഗതിയിലുള്ള പ്രതികരണമാണ് കാണാതായവരെ കണ്ടെത്താൻ സാധിക്കാതത് എന്ന് ആരോപിച്ച് പ്രതിപക്ഷവും സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു.

മറൈൻ എൻഫോഴ്സ്മെൻ്റുമായി പൂർണമായും ഏകോപിപ്പിച്ചാണ് നാവികസേനയുടെ തെരച്ചിൽ പുരോഗമിക്കുന്നത്. കൃത്യമായി പരിശോധന നടത്തേണ്ട സ്ഥലം നിർണയിക്കാൻ മറൈൻ എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥരുടെ സഹായം തേടുന്നുണ്ട്. മറൈൻ എൻഫോഴ്സ്മെൻ്റിൻ്റെ ബോട്ട് ഐഎൻഎസ് കൽപേനിക്ക് സമീപം തന്നെ നിലയുറപ്പിച്ചിട്ടുണ്ടെന്ന് പ്രതിരോധ വക്താവ് അറിയിച്ചു.

മറൈൻ എൻഫോഴ്സ്മെൻ്റ് ചൂണ്ടിക്കാണിക്കുന്ന സംശയസ്പദമായ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് നാവികസേനയുടെ മുങ്ങൽ വിദഗ്ധർ കടലിൻ്റെ അടിത്തട്ടിൽ പരിശോധന നടത്തുന്നത്.

ആധുനിക പോർട്ടബിൾ സോണാർ സാങ്കേതികവിദ്യ

വെള്ളത്തിനടിയിലെ നിരീക്ഷണവും പരിശോധനയും കൂടുതൽ സുഗമമാക്കുന്നതിനും കൃത്യത വരുത്തുന്നതിനുമായി പോർട്ടബിൾ സോണാർ സംവിധാനമാണ് നാവികസേന ഉപയോഗിക്കുന്നത്. ശക്തമായ അടിത്തട്ടിലെ ഒഴുക്കും പ്രതികൂല സാഹചര്യങ്ങളും നിലനിൽക്കുന്നതിനാൽ സോണാർ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് തെരച്ചിലിൻ്റെ വേഗതയും കൃത്യതയും വർധിപ്പിക്കാൻ ഏറെ സഹായിക്കും.

കുടുംബത്തെ കണ്ണീരിലാഴ്ത്തിയ ദുരന്തം

ജൂലൈ 31-നാണ് നീണ്ടകര മത്സ്യബന്ധന തുറമുഖത്തിന് സമീപം അഴിമുഖത്ത് ശക്തമായ തിരയിൽപെട്ട് മത്സ്യബന്ധന ബോട്ട് തലകീഴായി മറിഞ്ഞത്. അപകടത്തിൽ ഗൗതം കൃഷ്ണയുടെ പിതാവ് രാധാകൃഷ്ണൻ (48), മുത്തശൻ രാജീവൻ (74) എന്നിവർ മരണപ്പെട്ടിരുന്നു. ഇവരുടെ മൃതദേഹങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു. കുടുംബത്തിലെ മൂന്ന് തലമുറയിലെ കണ്ണികളെയാണ് ഈ ദാരുണമായ അപകടം കവർന്നെടുത്തത്.

അപകടം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും കാണാതായ ഗൗതമിനെ കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്ന് അമ്മ രേഷ്മ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് ജനപ്രതിനിധികളും അധികൃതരും ഇടപെട്ടാണ് തെരച്ചിലിനായി ഇന്ത്യൻ നാവികസേനയുടെ സഹായം ഉറപ്പാക്കിയത്.

ഇടപെട്ട് സുരേഷ് ഗോപി

അതേസമയം, നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. എൻ്റെ മകനെ കണ്ടെത്താൻ സാർ എന്നെ സ്വന്തം പെങ്ങളായി കരുതി ഒപ്പമുണ്ടാകണമെന്ന് ഗൗതം കൃഷ്ണയുടെ അമ്മ തന്നോട് അഭ്യർഥിച്ചതായി സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.

ഒരു സഹോദരനെന്നതിലുപരി, ഒരു ജനപ്രതിനിധി എന്ന നിലയിൽ, ആ അമ്മയ്ക്ക് ഞാൻ നൽകിയ വാഗ്ദാനമാണിത്. ഈ സഹോദരൻ നിങ്ങളെ സ്വന്തം സഹോദരിയായി കണക്കാക്കുന്നു, നിങ്ങളോടൊപ്പമുണ്ടാകും. ആ മകനെ തിരികെ കൊണ്ടുവരാൻ ഞാൻ ഏതറ്റം വരെയും പോകും. സുരേഷ് ഗോപി പറഞ്ഞു.

ബന്ധപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥരുമായി താൻ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ഒരു കാരണവശാലും തെരച്ചിൽ പ്രവർത്തനം മന്ദഗതിയിലാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നാവികസേനയുടെ മുങ്ങൽ വിദഗ്ധരുമായി ഒരു കപ്പൽ തിരച്ചിൽ പ്രവർത്തനം പുനരാരംഭിച്ചതായും കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററുകൾ വ്യോമ നിരീക്ഷണം ശക്തമാക്കിയതായും സുരേഷ് ഗോപി പറഞ്ഞു.

രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കോളജ് അധികൃതരുടെ സഹകരണത്തോടെ അമൃതപുരിയിൽ അടിയന്തര ഹെലിപാഡ് ഒരുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭരണകൂടത്തിൻ്റെ ശക്തിയും കൂട്ടായ പ്രാർഥനകളും ഒത്തുചേരുമ്പോൾ ഗൗതം തിരിച്ചുവരുമെന്ന് തനിക്ക് പൂർണ വിശ്വാസമുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. ആ അമ്മയുടെ കണ്ണുനീർ തുടയ്ക്കാൻ എൻ്റെ അവസാന ശ്വാസം വരെ ഞാൻ അവരോടൊപ്പം നിൽക്കും. ഞാൻ പ്രതീക്ഷ കൈവിടില്ല... നമ്മൾ പോരാടും, സുരേഷ് ഗോപി പറഞ്ഞു.

നാവികസേനയുടെയും ഡൈവിംഗ് സംഘത്തിൻ്റെയും സോണാർ സാങ്കേതികവിദ്യയുടെയും സഹായത്തോടെയുള്ള തെരച്ചിലിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് ഗൗതമിൻ്റെ കുടുംബവും നാട്ടുകാരും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News