ഏറ്റവും വേഗത്തില് സിമ്പിളായി ടിക്കറ്റ് എടുക്കാനുള്ള സംവിധാനവുമായി കെഎസ്ആര്ടിസി രംഗത്ത്
Thiruvananthapuram, 09 ഓഗസ്റ്റ് (H.S.) ആനവണ്ടിയില് യാത്ര ചെയ്യാത്തവര് വളരെ വിരളമായിരിക്കും. ദീര്ഘ ദൂര, അന്തര് സംസ്ഥാന യാത്രകള്ക്കൊക്കെ കെഎസ്ആര്ടിസിയെ ആശ്രയിക്കുന്നവര് ഏറെയാണ്. ഓണം അടുത്തതോടെ ആനവണ്ടികള് നിറയും. കര്ണാടകയിലെ ബെംഗളൂരു, തമിഴ്നാട്ടിലെ ച
KSRTC TICKET VIA WHATSAPP


Thiruvananthapuram, 09 ഓഗസ്റ്റ് (H.S.)

ആനവണ്ടിയില് യാത്ര ചെയ്യാത്തവര് വളരെ വിരളമായിരിക്കും. ദീര്ഘ ദൂര, അന്തര് സംസ്ഥാന യാത്രകള്ക്കൊക്കെ കെഎസ്ആര്ടിസിയെ ആശ്രയിക്കുന്നവര് ഏറെയാണ്. ഓണം അടുത്തതോടെ ആനവണ്ടികള് നിറയും. കര്ണാടകയിലെ ബെംഗളൂരു, തമിഴ്നാട്ടിലെ ചെന്നൈ ഉള്പ്പെടെയുള്ള നഗരങ്ങളില് നിന്നുമുള്ള വിദ്യാര്ഥികളും യുവാക്കളും ജോലിക്കാരുമൊക്കെ നാടണയാനും തിരിച്ചുമുള്ള യാത്രയും പ്ലാൻ ചെയ്യുന്ന തിരക്കിലാകും.

യാത്രക്കാരുടെ എണ്ണം കുത്തനെ വര്ധിക്കാൻ സാധ്യതയുള്ളതിനാല് ടിക്കറ്റ് ഉറപ്പിച്ചാലേ ഇനി യാത്ര നടക്കൂ. അതിന് ഏറ്റവും വേഗത്തില് സിമ്പിളായി ടിക്കറ്റ് എടുക്കാനുള്ള സംവിധാനവുമായി കെഎസ്ആര്ടിസിയും രംഗത്ത് എത്തിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്, കാലത്തിനൊപ്പം കെഎസ്ആര്ടിസിയും മാറി.

ഇനി വാട്സ്ആപ്പിൽ ഒരു 'ഹായ്' അയച്ചാല് ടിക്കറ്റ് പോക്കറ്റിലാകും. തിരക്കേറിയ കൗണ്ടറുകളിൽ ക്യൂ നിൽക്കാതെയും വെബ്സൈറ്റുകളിൽ കയറി സമയം കളയാതെയും ഇനി നിങ്ങളുടെ വിരൽത്തുമ്പിലൂടെ കെ.എസ്.ആർ.ടി.സി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. യാത്രാപ്രേമികൾക്കായി 94470 71021 എന്ന ഔദ്യോഗിക വാട്സ്ആപ്പ് നമ്പർ വഴിയുള്ള പുത്തൻ ബുക്കിങ് സംവിധാനം കെ.എസ്.ആർ.ടി.സി യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. സാങ്കേതികവിദ്യയുടെ സഹായത്തോടെ സാധാരണക്കാരുടെ യാത്ര കൂടുതൽ സുഗമമാക്കുകയാണ് ഈ പുത്തൻ സംവിധാനം.

ബുക്കിങ് ചെയ്യേണ്ടത് ഇങ്ങനെ..

- നിങ്ങളുടെ മൊബൈലിൽ 94470 71021 എന്ന നമ്പർ സേവ് ചെയ്ത ശേഷം വാട്സ്ആപ്പിൽ ഒരു 'Hi' എന്ന് മെസ്സേജ് അയച്ചുകൊണ്ട് ബുക്കിങ് നടപടികൾ മിനിറ്റുകൾക്കകം പൂർത്തിയാക്കാം.

- നിങ്ങൾ പുറപ്പെടുന്ന സ്ഥലവും പോകേണ്ട സ്ഥലവും യാത്രാ തീയതിയും ചാറ്റിലൂടെ വളരെ ലളിതമായി തിരഞ്ഞെടുക്കാം.

- ഇഷ്ടമുള്ള സീറ്റുകൾ സ്വന്തമാക്കാം, ലഭ്യമായ ബസ്സുകളും അതിലെ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളും ഫോൺ സ്ക്രീനിൽ കണ്ട് ബോധ്യപ്പെട്ട് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്.

- ഡിജിറ്റൽ പേയ്മെൻ്റ്, യു.പി.ഐ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ, അല്ലെങ്കിൽ നെറ്റ് ബാങ്കിങ് വഴി സുരക്ഷിതമായി പണമടയ്ക്കാം. പണമടച്ചയുടൻ ടിക്കറ്റ് നിങ്ങളുടെ വാട്സ്ആപ്പിൽ പി.ഡി.എഫ് രൂപത്തിൽ സന്ദേശമായി എത്തും.

എന്തൊക്കെയാണ് ഇതിൻ്റെ സവിശേഷതകൾ?

കെ.എസ്.ആർ.ടി.സിയുടെ സ്വിഫ്റ്റ്, ദീർഘദൂര സർവീസുകൾ, അന്തർസംസ്ഥാന സർവീസുകൾ ഉൾപ്പെടെയുള്ള റിസർവേഷൻ സൗകര്യമുള്ള എല്ലാ ബസുകളിലെയും സീറ്റുകൾ ഈ സിംഗിൾ നമ്പറിലൂടെ ബുക്ക് ചെയ്യാനാകും. ടിക്കറ്റ് ബുക്കിംഗിന് പുറമെ ബസുകളുടെ സമയവിവരങ്ങൾ അറിയാനും, മുൻകൂട്ടി ബുക്ക് ചെയ്ത ടിക്കറ്റുകൾ റദ്ദാക്കാനും ഈ ചാറ്റ് ബോട്ട് സംവിധാനത്തിലൂടെ സാധിക്കും.

യാത്രക്കാരുടെ ഭാഗത്തുനിന്നുള്ള നിരന്തരമായ ആവശ്യങ്ങൾ പരിഗണിച്ചാണ് തേർഡ് പാർട്ടി ആപ്പുകളെ ആശ്രയിക്കാതെ നേരിട്ട് വാട്സ്ആപ്പ് വഴി ടിക്കറ്റ് എടുക്കാനുള്ള ഈ ജനപ്രിയ പദ്ധതിക്ക് കെ.എസ്.ആർ.ടി.സി തുടക്കമിട്ടിരിക്കുന്നത്. പ്രായഭേദമന്യേ എല്ലാവർക്കും സ്മാർട്ട്ഫോണിലൂടെ കെ.എസ്.ആർ.ടി.സി സർവീസുകൾ ഇനി വിരൽത്തുമ്പിൽ ലഭ്യമാകും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News