Enter your Email Address to subscribe to our newsletters

Malappuram , 09 ഓഗസ്റ്റ് (H.S.)
സംസ്ഥാനത്തെ ഞെട്ടിച്ച മലപ്പുറത്തെ കൂറ്റൻ അനധികൃത സ്ഫോടകവസ്തു വേട്ടയിൽ എൻ.ഐ.എയുടെ നിർണായക നീക്കം. കേസിലെ ഗൂഢാലോചനയിലെ പ്രധാന കണ്ണിയും സൂത്രധാരനുമായ ഹാരിസ് ടി.എയെ ദേശീയ അന്വേഷണ ഏജൻസി എൻഐഎ അറസ്റ്റ് ചെയ്തു. ശനിയാഴ്ച മഞ്ചേരിയിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ ആകെ എണ്ണം പത്തായി.
സ്ഫോടകവസ്തുക്കൾ അനധികൃതമായി സംഘടിപ്പിക്കുന്നതിലും വിതരണം ചെയ്യുന്നതിലും പ്രധാന പങ്കുവഹിച്ചത് ഹാരിസാണെന്ന് എൻ.ഐ.എ കണ്ടെത്തി. കഴിഞ്ഞ ഫെബ്രുവരി 7-നാണ് ചെമ്മാട്-തളപ്പാറ റോഡിലെ ഫർഹ ഹോളോ ബ്രിക്സ് കമ്പനി വളപ്പിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്ന് വൻ സ്ഫോടകശേഖരം പൊലീസ് പിടിച്ചെടുത്തത്.
89,600 ഡിറ്റനേറ്റർ സ്റ്റിക്കുകൾ, 10,500 നോൺ-ഇലക്ട്രിക് ഷോക്ക് ട്യൂബുകൾ എന്നിവ റെയ്ഡിൽ കണ്ടെടുത്തിരുന്നു. സ്ഫോടകവസ്തുക്കൾ കടത്തിയ KL 10 BF 8395 നമ്പർ ലോറിയും പിടിച്ചെടുത്തിരുന്നു. യാതൊരുവിധ ലൈസൻസോ മുൻകൂർ അനുമതിയോ ഇല്ലാതെയാണ് ഇവ കടത്തിക്കൊണ്ടുവന്നത്. ലോറിയിലുണ്ടായിരുന്ന മൂന്നുപേരെ ആദ്യഘട്ടത്തിൽ പൊലീസ് പിടികൂടിയിരുന്നു. സംഭവത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് പിന്നീട് എൻ.ഐ.എ കേസ് ഏറ്റെടുക്കുകയായിരുന്നു.
അന്തർസംസ്ഥാന മാഫിയ; വലവിരിച്ച് എൻ.ഐ.എ
തുടർന്ന് കേരളം, കർണാടക, തമിഴ്നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി 19 കേന്ദ്രങ്ങളിൽ എൻ.ഐ.എ ഒരേസമയം വ്യാപകമായ റെയ്ഡുകൾ നടത്തി. കർണാടകയിലെ വിജയപുരയിൽ നിന്ന് കഴിഞ്ഞദിവസം മൂന്ന് പ്രതികളെ പിടികൂടിയതിന് തൊട്ടുപിന്നാലെയാണ് കേരളത്തിൽ വച്ച് മുഖ്യ ആസൂത്രകനായ ഹാരിസും വലയിലാകുന്നത്. വ്യാജ കമ്പനികളുടെ പേരിൽ രേഖകൾ ചമച്ചാണ് ഇവർ കർണാടകയിൽ നിന്നും കേരളത്തിലേക്ക് നിയമവിരുദ്ധമായി സ്ഫോടകവസ്തുക്കൾ എത്തിച്ചിരുന്നതെന്ന് അന്വേഷണസംഘം കണ്ടെത്തി. ഈ വൻ സ്ഫോടകവസ്തു ശേഖരം കേരളത്തിൽ എന്തിനാണ് എത്തിച്ചത് എന്നതിനെക്കുറിച്ചും, ഇതിന് പിന്നിലെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും എൻ.ഐ.എ അന്വേഷണം ഊർജ്ജിതമായി തുടരുകയാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR