Enter your Email Address to subscribe to our newsletters

Muthalapozhi, 09 ഓഗസ്റ്റ് (H.S.)
തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിനിടെ അപകടത്തിൽപ്പെട്ട് കടലിൽ കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഷിജിൻ (32) ഉൾപ്പെടെയുള്ള മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ പ്രവർത്തനം പത്താം ദിവസത്തിലേക്ക് കടന്നു. സ്കൂബ ടീം അംഗങ്ങളുടെയും കോസ്റ്റൽ പോലീസിന്റെയും മറൈൻ എൻഫോഴ്സ്മെന്റിന്റെയും നേതൃത്വത്തിൽ പൊഴി മേഖലയിലും കടലിലുമായി നടന്ന ആദ്യഘട്ട തിരച്ചിൽ പൂർത്തിയായെങ്കിലും ഇതുവരെ കാണാതായവരെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. ഒരു മണിക്കൂറിലധികം പൊഴി മേഖല കേന്ദ്രീകരിച്ചാണ് സ്കൂബ സംഘം ഡൈവിംഗ് പരിശോധന നടത്തിയത്. എന്നാൽ കടലിനോട് ചേർന്ന ഭാഗത്ത് 'സീറോ വിസിബിലിറ്റി' (Zero Visibility) അനുഭവപ്പെടുന്നത് രക്ഷാപ്രവർത്തനങ്ങൾക്ക് കനത്ത തിരിച്ചടിയാകുന്നുണ്ടെന്ന് സ്കൂബ ടീം ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കടലിന്റെ അടിത്തട്ടിലെ ശക്തമായ അടിയൊഴുക്കും കനത്ത ചളിയും കലക്കവെള്ളവുമാണ് കാഴ്ച പൂർണമായും മറയ്ക്കുന്നത്. കൂടാതെ മേഖലയിൽ അനുഭവപ്പെടുന്ന ശക്തമായ കാറ്റും പ്രക്ഷുബ്ധമായ കടലാക്രമണവും മുങ്ങൽ വിദഗ്ധരുടെ അപകടരഹിതമായ പരിശോധനയ്ക്ക് വൻ തടസ്സം സൃഷ്ടിക്കുന്നുണ്ട്. സ്കൂബ ടീമിന് പുറമെ നാവികസേനയുടെ എ.എൽ.എച്ച് കോപ്റ്റർ, കോസ്റ്റ് ഗാർഡിന്റെ 'ധീര' റെസ്ക്യൂ ബോട്ട്, ലൈഫ് ഗാർഡുകൾ, ഫിഷറീസ് വകുപ്പിന്റെ മറൈൻ ആംബുലൻസുകളായ 'യാഹോവാനിസി', 'പത്രോസ് ശ്ലീഹ' എന്നിവയെല്ലാം തിരുവനന്തപുരത്തും കൊല്ലം തീരങ്ങളിലുമായി തിരച്ചിൽ ദൗത്യത്തിൽ പങ്കാളികളാകുന്നുണ്ട്.
പ്രതിഷേധവുമായി കുടുംബം; തിരച്ചിൽ ഊർജ്ജിതമാക്കാൻ സർക്കാർ നിർദ്ദേശംതിരച്ചിൽ വൈകുന്നതിലും രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്നും ആരോപിച്ച് അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷന് മുന്നിൽ കാണാതായ ഷിജിന്റെ കുടുംബവും പ്രദേശവാസികളും വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിനെ തുടർന്ന് ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് കുടുംബാംഗങ്ങളുമായി ചർച്ച നടത്തി. കുടുംബത്തിന്റെ ആവശ്യപ്രകാരം കടലിന്റെ ഗതിവിഗതികളെക്കുറിച്ച് കൃത്യമായ അറിവുള്ള 10 പ്രാദേശിക മത്സ്യത്തൊഴിലാളികളെക്കൂടി ഉൾപ്പെടുത്തി തിരച്ചിൽ സംഘം വിപുലീകരിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇവർക്ക് കളക്ടറേറ്റിന്റെ പ്രത്യേക രക്ഷാപ്രവർത്തന സംഘത്തിന്റെ ഭാഗമായി താത്കാലിക നിയമനം നൽകും.
മൂന്ന് വയസ്സുള്ള മകന്റെ ഹൃദയസംബന്ധമായ രോഗചികിത്സയ്ക്കുള്ള തുക കണ്ടെത്താനായി അവധിക്ക് നാട്ടിലെത്തിയ സമയത്താണ് ഷിജിൻ കടലിൽ പോയത്. ദുരന്തം നടന്ന് പത്ത് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രിയപ്പെട്ടവനെ കണ്ടെത്താനാകാത്തതിൽ കണ്ണീരോടെ പ്രാർത്ഥനകളുമായി തീരത്ത് കാത്തിരിക്കുകയാണ് ഭാര്യ സ്റ്റീജിയും കുടുംബവും. കാണാതായവരെക്കുറിച്ച് ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾ ലഭ്യമായാൽ ഉടൻ തന്നെ പോലീസിനെയും തീരദേശ ജാഗ്രതാ സമിതിയെയും അറിയിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
'അശാസ്ത്രീയ നിർമ്മാണം അപകടക്കെണിയാകുന്നു'മുതലപ്പൊഴി പൊഴിമുഖത്തെ അശാസ്ത്രീയമായ പുലിമുട്ട് നിർമ്മാണമാണ് തുടർച്ചയായ അപകടങ്ങൾക്ക് വഴിവെക്കുന്നതെന്ന് മത്സ്യത്തൊഴിലാളി സംഘടനകളും സഭാ നേതൃത്വങ്ങളും കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ 80-ഓളം മത്സ്യത്തൊഴിലാളികളാണ് മുതലപ്പൊഴി മേഖലയിൽ മാത്രം കടൽ അപകടങ്ങളിൽപ്പെട്ട് ജീവൻ വെടിഞ്ഞത്. മൺസൂൺ കാലത്ത് രൂപപ്പെടുന്ന കൂറ്റൻ തിരമാലകളും അടിയൊഴുക്കും കാരണം വള്ളങ്ങൾ തലകീഴായി മറിയുന്നത് ഇവിടെ പതിവ് കാഴ്ചയായി മാറുകയാണ്.
മുതലപ്പൊഴിയിൽ അശാസ്ത്രീയമായി പാറക്കല്ലുകൾ നിക്ഷേപിച്ചതിനെക്കുറിച്ച് സമഗ്രമായ പഠനം നടത്താൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്നും, പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അഭിപ്രായങ്ങൾ പൂർണ്ണമായി സ്വീകരിച്ച ശേഷം മാത്രമായിരിക്കും ഭാവിയിലെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. വിഴിഞ്ഞത്തും നീണ്ടകരയിലും കാണാതായ മറ്റ് മത്സ്യത്തൊഴിലാളികൾക്കായും സമാന്തരമായി ഡ്രോണുകളും വ്യോമസേന ഹെലികോപ്റ്ററുകളും ഉപയോഗിച്ച് വിപുലമായ തിരച്ചിൽ പുരോഗമിക്കുകയാണ്.
---------------
Hindusthan Samachar / Roshith K