Enter your Email Address to subscribe to our newsletters

Kasaragod , 09 ഓഗസ്റ്റ് (H.S.)
ജില്ലയിലെ മലയോര മേഖലയായ പാണത്തൂരിലെ കുടുംബാരോഗ്യ കേന്ദ്രം ഡോക്ടർമാരുടെ സേവനം ലഭ്യമല്ലാത്തതിനെ തുടർന്ന് അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടി. ഇന്ന് മുതൽ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ആശുപത്രിയുടെ പ്രവർത്തനം ഉണ്ടായിരിക്കില്ലെന്ന് കാണിച്ച് അധികൃതർ നോട്ടീസ് പതിച്ചു. മഴക്കാലത്ത് പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നതിനിടയിൽ ആശുപത്രി അടച്ച നടപടി പ്രദേശത്ത് വലിയ ജനരോഷത്തിന് കാരണമായിട്ടുണ്ട്.
ഡോക്ടർമാരില്ലെന്ന പേരിലാണ് മലയോര മേഖലയിലെ കുടുംബാരോഗ്യ കേന്ദ്രം അടച്ചത്. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ചുമതലയുള്ള ആദിൽ മാത്യു ജേക്കബാണ് അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടുന്ന വിവരം അറിയിച്ചത്. ആശുപത്രിയിൽ ഉണ്ടായിരുന്ന മൂന്ന് ഡോക്ടർമാരും അവധിയിൽ പ്രവേശിച്ചതോടെയാണ് കുടുംബാരോഗ്യ കേന്ദ്രം അനിശ്ചിതകാലത്തേക്ക് അടച്ചിടേണ്ട അവസ്ഥ സംജാതമായത്.
കഴിഞ്ഞ ദിവസം കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ആശുപത്രിയിൽ ഡോക്ടർ ഇല്ലാത്തത് ചോദ്യം ചെയ്ത നാട്ടുകാർക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാതിരുന്നതായിരുന്നു നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായത്. രോഗികൾ പുറത്തുള്ളപ്പോൾ ഒ പി രജിസ്ട്രേഷൻ നിർത്തിവെച്ചത് നാട്ടുകാർ ചോദ്യം ചെയ്യുകയായിരുന്നു. തുടര്ന്നാണ് മൂന്ന് പേർക്കെതിരെ കുമ്പള പൊലീസ് കേസെടുത്തത്.
ആശുപത്രി ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തിയതിലാണ് കേസെന്ന് പോലീസ് പറയുന്നു. ഈ മാസം രണ്ടിനാണ് സംഭവം. ഉച്ചയ്ക്ക് 12.4ന് മൂന്നുപേർ ആശുപത്രിയിൽ എത്തി ജീവനക്കാരുടെ ഔദ്യോഗിക കൃത്യ നിർവാഹണം തടസപ്പെടുത്തിയെന്നും അശ്ലീല ഭാഷ പ്രയോഗിച്ചെന്നും സ്ത്രീകളായ രോഗികളിടെയും വനിതാ ജീവനക്കാരുടെയും അടക്കം വീഡിയോ പകർത്തിയെന്നും എഫ് ഐ ആറിൽ പറയുന്നു. കുമ്പള എസ് ഐ മനു പി വി സംഭവത്തിൽ അന്വേഷണം നടത്തും.
അതേ സമയം മംഗൽപാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന നൂറുകണക്കിന് രോഗികൾ ഡോക്ടർമാർ ഇല്ലാതെ വലയുന്നതായും പരാതിയുണ്ട്. താലൂക്കിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും മലയോര മേഖലകളിൽ നിന്നും ദിനംപ്രതി എത്തുന്ന നിർധനരായ രോഗികളാണ് മണിക്കൂറുകളോളം കാത്തുനിന്നിട്ടും ചികിത്സ ലഭിക്കാതെ മടങ്ങുന്നത്.
ആശുപത്രിയിൽ വൻ തിരക്ക് അനുഭവപ്പെടുമ്പോഴും പല ഒപി വിഭാഗങ്ങളിലും ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. ആരോഗ്യ വകുപ്പും ജനപ്രതിനിധികളും അടിയന്തരമായി ഇടപെട്ട് ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണമെന്നും ആശുപത്രിയുടെ പ്രവർത്തനം സുഗമമാക്കണമെന്നുമാണ് പ്രദേശവാസികളുടെ ശക്തമായ ആവശ്യം. നിലവിൽ ഒൻപത് ഡോക്ടർമാർ വേണ്ടിടത്ത് അഞ്ച് പേർ മാത്രമാണ് ആശുപത്രിയിലുള്ളത്. ആയിരത്തോളം പേരാണ് ഓരോ ദിവസവും ഈ ആശുപത്രിയിൽ രോഗികളായി എത്തുന്നത്. രോഗികളുടെ ദുരിതത്തിനെതിരെ നാട്ടുകാരും വിവിധ ജനകീയ കൂട്ടായ്മകളും ഇതിനകം പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR