കഠിനാധ്വാനത്തിലൂടെ ഏത് ലക്ഷ്യവും നേടിയെടുക്കാം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
Kochi,09 ഓഗസ്റ്റ് (H.S.) കഠിനാധ്വാനവും അർപ്പണബോധവും അച്ചടക്കവും ഉണ്ടെങ്കിൽ ഏതു വലിയ ലക്ഷ്യവും നേടിയെടുക്കാൻ കഴിയുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തൃക്കാക്കരയിൽ സംഘടിപ്പിച്ച പി.ടി. തോമസ് എജുക്കേഷണൽ എക്സലൻസ് അവാർഡ് ഉദ്ഘാടനം ചെയ്ത് സം
Ramesh chennithala


Kochi,09 ഓഗസ്റ്റ് (H.S.)

കഠിനാധ്വാനവും അർപ്പണബോധവും അച്ചടക്കവും ഉണ്ടെങ്കിൽ ഏതു വലിയ ലക്ഷ്യവും നേടിയെടുക്കാൻ കഴിയുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തൃക്കാക്കരയിൽ സംഘടിപ്പിച്ച പി.ടി. തോമസ് എജുക്കേഷണൽ എക്സലൻസ് അവാർഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകം കണ്ട ഏറ്റവും വലിയ ചക്രവർത്തിമാരിൽ ഒരാളായ നെപ്പോളിയൻ ബോണപ്പാർട്ടിന്റെ ഡിക്ഷ്ണറിയിൽ ഇംപോസിബിൾ എന്നൊരു വാക്ക് ഇല്ലായിരുന്നുവെന്നും, അസാധ്യമായി ഒന്നുമില്ലെന്ന ചിന്തയോടെ വേണം വിദ്യാർത്ഥികൾ മുന്നോട്ടുപോകാനെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഇന്നത്തെ കാലഘട്ടം

വിവരസാങ്കേതികവിദ്യയുടെ വലിയ വിപ്ലവത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. സാങ്കേതികവിദ്യയുടെയും ശാസ്ത്രത്തിന്റെയും അതിവിപുലമായ വളർച്ച പ്രയോജനപ്പെടുത്തി പുതിയ കണ്ടുപിടിത്തങ്ങൾ നടത്താനും ലോകത്തിന് സംഭാവനകൾ നൽകാനും വിദ്യാർത്ഥികൾക്ക് സാധിക്കണം. പ്രതിസന്ധികളെയും വെല്ലുവിളികളെയും അവസരങ്ങളാക്കി മാറ്റുമ്പോഴാണ് വ്യക്തിത്വം രൂപപ്പെടുന്നത്. പരീക്ഷാപ്പേടിയെ ധൈര്യപൂർവ്വം നേരിടണമെന്നും തോൽവികളിൽ തളരാതെ ജീവിതത്തിൽ നന്മയുടെ പാത തിരഞ്ഞെടുത്ത് മുന്നേറണമെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഉപദേശിച്ചു.

നാടിനും സമൂഹത്തിനും വേണ്ടി നിലപാടുകളിൽ ഉറച്ചുനിന്ന സത്യസന്ധതയുടെയും ധീരതയുടെയും പ്രതീകമായിരുന്നു പി.ടി. തോമസെന്ന് ആഭ്യന്തര മന്തി ഓർമിച്ചു.

തുടർന്ന് ആഭ്യന്തര മന്ത്രി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പോരാട്ടങ്ങളുടെ ഭാഗമായ 'ഓപ്പറേഷൻ തൂഫാൻ' പ്രസ്ഥാനത്തിൽ വിദ്യാർത്ഥികൾ പങ്കാളികളാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജീവിതത്തിൽ ഒരിക്കലും ലഹരി ഉപയോഗിക്കില്ലെന്ന് എടുത്ത പ്രതിജ്ഞ ഒരു കാരണവശാലും ലംഘിക്കരുതെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു.

പ്ലസ്ടു, പത്താംക്ലാസ് പരീക്ഷയിലും മറ്റ് ഉന്നത വിദ്യാഭ്യാസ രംഗത്തും കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്കും , വ്യത്യസ്ത മേഖലകളിൽൽ നേട്ടങ്ങൾ കൈവരിച്ചവർക്കും നൂറു ശതമാനം വിജയം കൈവരിച്ച സ്കൂളുകൾ, മികച്ച അധ്യാപകർ എന്നിവർ അടക്കമുള്ളവർക്കാണ് അവാർഡുകൾ വിതരണം ചെയ്തത്.

ഉമ തോമസ് എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിനിമാ താരം ആസിഫ് അലി മുഖ്യാതിഥിയായി.

കൊച്ചി കോർപ്പറേഷൻ മേയർ വി. കെ. മിനിമോൾ, തൃക്കാക്കര നഗരസഭ ചെയർമാൻ, റഷീദ് ഉള്ളമ്പിള്ളി, എറണാകുളം റൂറൽ എസ് പി അശ്വതി ജിജി, ഡീൻ ഔട്ട്റീച്ച് & അലുമ്നി ആർ.എസ്.ഇ.ടി ഡോ. ബിജു പോൾ, പി ടി. തോമസ് ഫൗണ്ടേഷൻ അംഗം ആർ. ഗോപാലകൃഷ്ണൻ, ജെയിൻ യൂണിവേഴ്സിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ടോം എം. ജോസഫ്, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ, സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ എന്നിവർ പങ്കെടുത്തു.

സ്റ്റീഫൻ മാത്യു അവതരിപ്പിച്ച വയലിൻ സോളോ, യോഗ ഡാൻസ്, യോഗാചാര്യൻ മുകുന്ദകുമാർ നടത്തിയ യോഗയുടെ പ്രാധാന്യത്തെ സംബന്ധിച്ച പ്രഭാഷണം എന്നിവ പരിപാടിയുടെ ഭാഗമായി ഉണ്ടായിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News