കേരളത്തിൽ ജനങ്ങളുടെ സമാധാനാന്തരീക്ഷം തകർക്കാനും നിയമവ്യവസ്ഥയെ പരസ്യമായി വെല്ലുവിളിക്കാനും ശ്രമിക്കുന്ന ഒരു ഗുണ്ടാസംഘത്തിനും സ്ഥാനമുണ്ടാകില്ലെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല
Thrissur , 09 ഓഗസ്റ്റ് (H.S.) കേരളത്തിൽ ജനങ്ങളുടെ സമാധാനാന്തരീക്ഷം തകർക്കാനും നിയമവ്യവസ്ഥയെ പരസ്യമായി വെല്ലുവിളിക്കാനും ശ്രമിക്കുന്ന ഒരു ഗുണ്ടാസംഘത്തിനും സ്ഥാനമുണ്ടാകില്ലെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ഇത് ഗുണ്
Ramesh chennithala


Thrissur , 09 ഓഗസ്റ്റ് (H.S.)

കേരളത്തിൽ ജനങ്ങളുടെ സമാധാനാന്തരീക്ഷം തകർക്കാനും നിയമവ്യവസ്ഥയെ പരസ്യമായി വെല്ലുവിളിക്കാനും ശ്രമിക്കുന്ന ഒരു ഗുണ്ടാസംഘത്തിനും സ്ഥാനമുണ്ടാകില്ലെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ഇത് ഗുണ്ടകളുടെ നാടല്ല, മറിച്ച് സമാധാനം ആഗ്രഹിക്കുന്ന സാധാരണക്കാരുടെ നാടാണ്. എല്ലാ സിസ്റ്റത്തെയും വെല്ലുവിളിക്കുന്ന ക്രിമിനലുകൾക്ക് അർഹിച്ച മറുപടി നൽകുമെന്നും ജനങ്ങളെ ഭയപ്പെടുത്തുന്ന എല്ലാ ഗുണ്ടകളെയും നിലയ്ക്ക് നിർത്താൻ ഗവൺമെൻ്റ് പൂർണ്ണമായും പ്രതിജ്ഞബദ്ധമാണെന്നും അദ്ദേഹം വ്യക്തത വരുത്തി. ഗുണ്ടകൾക്കെതിരെ ഇന്നലെ മുതൽ തന്നെ ശക്തമായ നടപടികൾ ആരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുണ്ടകൾക്കും പോറ്റിവളർത്തുന്നവർക്കും എതിരെ നടപടി

ഏത് ഉന്നത തലത്തിലുള്ള സംരക്ഷണം ലഭിച്ചാലും കുറ്റവാളികൾക്കെതിരെ തടസ്സമില്ലാതെ കർശന നടപടിയുണ്ടാകുമെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. കേരളം ഗുണ്ടകളുടെ പറുദീസയല്ല, മനപ്പൂർവം പ്രശ്ന ങ്ങളുണ്ടാക്കാൻ ഇറങ്ങിത്തിരിക്കുന്നവർ ആരായാലും കർശനമായി നേരിടും. മുൻ മുഖ്യമന്ത്രിയും പാർട്ടി നേതാവ് എം വി ജയരാജനും തന്നെ അർജുൻ ആയങ്കിയെപ്പോലുള്ളവരെ പരസ്യമായി തള്ളിപ്പറഞ്ഞ സാഹചര്യത്തിൽ ഇത്തരക്കാരെ സംരക്ഷിക്കാൻ ഇനി ആർക്കും സാധിക്കില്ല. സാമ്പത്തിക നേട്ടങ്ങൾക്ക് വേണ്ടിയാണ് ഇവർ ഇത്തരം അധോലോക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്. ഗുണ്ടകളെ മാത്രമല്ല, അവരെ പോറ്റി വളർത്തുന്ന നിഴൽ ശക്തികളെയും നിയമത്തിന് മുന്നിൽ കൊണ്ടു വരും. കൊച്ചിയിലെയും തിരുവനന്തപുരത്തെയും ക്രിമിനൽ കൊട്ടേഷൻ സംഘങ്ങൾക്കെതിരെ പ്രത്യേക അന്വേഷണവും മുൻകരുതൽ നടപടികളും ഊർജിതമാക്കിയിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.

ഓണക്കാലത്ത് നിരീക്ഷണം ശക്തം; പൊലീസ് ലിസ്റ്റ് തയ്യാറാക്കി

വരാനിരിക്കുന്ന ഓണക്കാലം മുൻനിർത്തി സംസ്ഥാനത്തുടനീളം സുരക്ഷാ നടപടികൾ കൂടുതൽ കർശനമാക്കാനാണ് തീരുമാനം. എല്ലാ പൊലീസ് സ്റ്റേഷൻ പരിധികളിലുമുള്ള കുറ്റവാളികളുടെയും റൗഡികളുടെയും ലിസ്റ്റുകൾ അടിസ്ഥാനമാക്കി കർശന നിരീക്ഷണം ഏർപ്പെടുത്തും.

സാമൂഹ്യ വിരുദ്ധന്മാർ, ഗുണ്ടാ ഗ്യാങ്ങുകൾ, ലഹരിമരുന്ന് മാഫിയകൾ എന്നിവരെ കൃത്യമായി നിരീക്ഷിക്കാനും തടയാനും പൊലീസിന് പ്രത്യേക നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ജനങ്ങളുടെ സ്വതന്ത്രമായ ജീവിതത്തിനും സ്വത്തിനും ഭീഷണി ഉയർത്തുന്ന ഒരു കൊട്ടേഷൻ സംഘത്തെയും സ്വതന്ത്രമായി വിഹരിക്കാൻ അനുവദിക്കില്ലെന്നും നിയമപരമായി സ്വീകരിക്കാൻ കഴിയുന്ന എല്ലാ മാർഗ്ഗങ്ങളും ഉപയോഗിച്ച് ഇവരെ അടിച്ചമർത്തുമെന്നും അദ്ദേഹം ആവർത്തിച്ചു.

സാധാരണക്കാരായ ജനങ്ങളുടെ സമാധാനപരമായ ജീവിതവും സുരക്ഷയും ഉറപ്പുവരുത്തുന്നതിൽ യാതൊരുവിധ വീഴ്ചയും വരുത്തില്ലെന്ന് ഉറപ്പുനൽകിയാണ് രമേശ് ചെന്നിത്തല തൻ്റെ വാക്കുകൾ അവസാനിപ്പിച്ചത്. വരും ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം പൊലീസ് ശക്തമായ റെയ്ഡുകളും പരിശോധനകളും തുടരുന്നതോടെ, ക്രിമിനൽ ലഹരി മാഫിയ സംഘങ്ങൾക്കെതിരെയുള്ള നടപടികൾ കൂടുതൽ കർശനമാകുമെന്നാണ് വ്യക്തമാകുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News