സംസ്ഥാനത്തെ പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്കായി പ്രത്യേക ഭവന പദ്ധതി നടപ്പിലാക്കുന്നത് സർക്കാരിൻ്റെ ആലോചനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.
Ernakulam , 09 ഓഗസ്റ്റ് (H.S.) സംസ്ഥാനത്തെ പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്കായി പ്രത്യേക ഭവന പദ്ധതി നടപ്പിലാക്കുന്നത് സർക്കാരിൻ്റെ ആലോചനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ലൈഫ് ഭവന പദ്ധതിയിലൂടെ നിലവിൽ വീട് ലഭിക്കാത്തവരുടെ പരാതികൾ പൂർണമായും പര
VD SATHEESAN SC ST HOUSING SCHEME


Ernakulam , 09 ഓഗസ്റ്റ് (H.S.)

സംസ്ഥാനത്തെ പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്കായി പ്രത്യേക ഭവന പദ്ധതി നടപ്പിലാക്കുന്നത് സർക്കാരിൻ്റെ ആലോചനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ലൈഫ് ഭവന പദ്ധതിയിലൂടെ നിലവിൽ വീട് ലഭിക്കാത്തവരുടെ പരാതികൾ പൂർണമായും പരിഹരിക്കുമെന്നും ഭൂരഹിതരെയും ഭവനരഹിതരെയും ചേർത്തുപിടിക്കുന്ന സമീപനമായിരിക്കും ഈ സർക്കാർ സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

പട്ടികവർഗ വികസന വകുപ്പിൻ്റെ നേതൃത്വത്തിൽ കൊച്ചിയിൽ സംഘടിപ്പിച്ച തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഈ സർക്കാരിൻ്റെ കാലയളവിൽ പട്ടിക വിഭാഗ വിദ്യാർഥികളുടെ ഇ-ഗ്രാൻ്റുകൾ ഒരു കാരണവശാലും മുടങ്ങിപ്പോകരുതെന്ന് ധനകാര്യ വകുപ്പിന് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ബജറ്റിൽ ഈ വിഭാഗങ്ങളുടെ ക്ഷേമത്തിനായി നീക്കിവെക്കുന്ന തുകയിലെ ഒരു രൂപ പോലും മറ്റ് ആവശ്യങ്ങൾക്കായി വകമാറ്റി വിനിയോഗിക്കില്ല. പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങളുടെ സമഗ്രമായ ഉന്നമനത്തിന് കേരള സർക്കാർ വലിയ മുൻഗണനയാണ് നൽകുന്നത്.

ലോകത്താകമാനം 46 കോടിയിലധികം തദ്ദേശ ജനവിഭാഗങ്ങളുണ്ടെന്നും ഇത് ലോക ജനസംഖ്യയുടെ ആറ് ശതമാനത്തോളം വരുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തദ്ദേശീയ ജനതയ്ക്ക് അവരുടേതായ സവിശേഷ സംസ്കാരവും ജീവിതരീതികളും കലകളും പരമ്പരാഗത ആരോഗ്യസംവിധാനങ്ങളുമുണ്ട്. അവരുടെ പ്രാചീനമായ അറിവുകൾ ക്രോഡീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് ആഗോളതലത്തിൽ തന്നെ പ്രധാന ചർച്ചാവിഷയമാണ്.

പ്രത്യേകിച്ച്, പാരമ്പര്യ മരുന്നുകളെക്കുറിച്ചുള്ള തദ്ദേശീയ ജനതയുടെ പരമ്പരാഗത അറിവുകളും ജൈവവൈവിധ്യവും സംരക്ഷിക്കാൻ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. പുതിയ വികസന പ്രവർത്തനങ്ങളിലും ആശയങ്ങളിലും ഈ പ്രാചീന അറിവുകൾ കൂട്ടിയിണക്കാൻ സാധിക്കണം.

ഗോത്രവർഗ മേഖലകളിലെ ആരോഗ്യസംരക്ഷണത്തിൽ സർക്കാർ പ്രത്യേക ശ്രദ്ധ പതിപ്പിക്കും. ഇതിനായി പട്ടികവർഗ വികസന വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി പ്രത്യേക പദ്ധതികൾക്ക് രൂപം നൽകും. കൂടാതെ, പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥികൾക്ക് പഠനകാര്യങ്ങളിൽ മികച്ച പിന്തുണ ഉറപ്പാക്കുമെന്നും കൂടുതൽ ധനസഹായങ്ങൾ അനുവദിക്കുന്നത് പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പട്ടികവർഗ വികസന വകുപ്പ് നൽകുന്ന വിവിധ സേവനങ്ങൾ പൊതുജനങ്ങൾക്ക് കൂടുതൽ സുതാര്യവും സമയബന്ധിതവുമാക്കുന്നതിനായി തയ്യാറാക്കിയ പുതിയ 'സർവീസ് പോർട്ടലിൻ്റെ' ഉദ്ഘാടനവും ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിച്ചു. ചടങ്ങിൽ അധ്യക്ഷത വഹിച്ച പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി ഗോത്ര മേഖലകളിൽ സുരക്ഷിത ജനനവും അതിജീവനവും ഉറപ്പാക്കി എല്ലാവർക്കും താങ്ങും തണലുമാകുന്ന കർമപരിപാടികളുമായാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് പറഞ്ഞു.

മുൻകാലങ്ങളിലെ കുടിശികകൾ ഈ സർക്കാർ വിതരണം ചെയ്തുവരികയാണെന്നും മന്ത്രി അറിയിച്ചു. സർക്കാരിൻ്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി തയ്യാറാക്കിയ സർവീസ് പോർട്ടൽ ഗോത്രവർഗക്കാർക്ക് സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ സഹായിക്കും. ചടങ്ങിൻ്റെ ഭാഗമായി ഊരുമൂപ്പന്മാരെയും വംശീയ വൈദ്യന്മാരെയും വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെയും ആദരിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News