Enter your Email Address to subscribe to our newsletters

Trissur , 09 ഓഗസ്റ്റ് (H.S.)
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ‘ഹർ ഘർ തിരംഗ’ കാമ്പയിൻ ഓഗസ്റ്റ് 10 മുതൽ 15 വരെ ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശ്ശൂരിൽ വിപുലമായി സംഘടിപ്പിക്കുമെന്ന് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അറിയിച്ചു.
രാജ്യസ്നേഹവും ദേശീയപതാകയോടുള്ള ആദരവും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2022-ൽ രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യവാർഷികത്തോടനുബന്ധിച്ച് ആരംഭിച്ച കാമ്പയിൻ ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ജനങ്ങൾ പങ്കെടുക്കുന്ന ജനകീയ ദേശീയാഘോഷങ്ങളിലൊന്നായി മാറിയതായി ജസ്റ്റിൻ ജേക്കബ് പറഞ്ഞു.
മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ബൂത്ത് കമ്മിറ്റികൾ, മഹിളാ മോർച്ച, യുവമോർച്ച, വിവിധ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. സമൂഹ വന്ദേമാതരം ആലാപനം, കലാ-സാംസ്കാരിക പരിപാടികൾ, തിരംഗ റാലികൾ, ബൈക്ക് റാലികൾ, പ്രദർശനങ്ങൾ എന്നിവയ്ക്കൊപ്പം സ്വാതന്ത്ര്യസമര സേനാനികളെയും വിമുക്തഭടന്മാരെയും ആദരിക്കുന്ന പരിപാടികളും സംഘടിപ്പിക്കും.
ഓഗസ്റ്റ് 10, 11, 12 തീയതികളിൽ മണ്ഡലം പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ വിവിധ മണ്ഡലകേന്ദ്രങ്ങളിൽ തിരംഗ റാലികൾ സംഘടിപ്പിക്കും. യുവമോർച്ചയുടെയും മഹിളാ മോർച്ചയുടെയും നേതൃത്വത്തിൽ പ്രത്യേക ബൈക്ക് റാലികളും നടക്കും.
ഓഗസ്റ്റ് 13ന് ‘സ്വാഭിമാനയാത്ര’
ഓഗസ്റ്റ് 13ന് വൈകീട്ട് അഞ്ചിന് കേന്ദ്രമന്ത്രിയും തൃശ്ശൂർ എംപിയുമായ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ‘സ്വാഭിമാനയാത്ര’ സംഘടിപ്പിക്കും. ആയിരക്കണക്കിന് ബൈക്കുകളുടെ അകമ്പടിയോടെ അമർജവാൻ ജ്യോതിയിൽനിന്ന് ആരംഭിക്കുന്ന യാത്ര കോർപ്പറേഷൻ ഓഫീസിന് മുന്നിൽ സമാപിക്കും.
തുടർന്ന് വിവിധ കലാ-സാംസ്കാരിക പരിപാടികളും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുന്ന ആഘോഷ പരിപാടികളും സംഘടിപ്പിക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും.
ഓഗസ്റ്റ് 13, 14, 15 തീയതികളിൽ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയപതാക ഉയർത്തും. ഓഗസ്റ്റ് 14ന് അഖണ്ഡ ഭാരത സ്മൃതി ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ഭാരത് മാതാ പൂജയും സംഘടിപ്പിക്കും.
ഓഗസ്റ്റ് 15ന് രാവിലെ എല്ലാ ബിജെപി ബൂത്ത് കമ്മിറ്റികളുടെയും നേതൃത്വത്തിൽ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിനം ആഘോഷിക്കും.
ആഘോഷ സമിതി ഭാരവാഹികൾ
ഹർ ഘർ തിരംഗ ആഘോഷ സമിതി കൺവീനറായി അഡ്വ. കെ. ആർ. ഹരിയെയും കോ-കൺവീനറായി സബിഷ് മരതയൂരിനെയും തിരഞ്ഞെടുത്തു.
രവികുമാർ ഉപ്പത്ത്, സേവ്യൻ പള്ളത്ത്, സുജയ് സേനൻ, ഡോ. വി. ആതിര, ജാൻസി പി., സുധീഷ് മേനോത്ത് പറമ്പിൽ, പൂർണിമ സുരേഷ്, ദിനേഷ്കുമാർ കരിപ്പേരിൽ, വിജയൻ മേപ്രത്ത്, ബിജോയ് തോമസ്, മനു പള്ളത്ത്, പ്രവീൺ പി., ഫെബിൻ ഫ്രാൻസിസ് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ജസ്റ്റിൻ ജേക്കബ് അറിയിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR