Enter your Email Address to subscribe to our newsletters

Thiruvananthapuram, 09 ഓഗസ്റ്റ് (H.S.)
കാസർകോട്, കുമ്പള, മഞ്ചേശ്വരം ഉപ ജില്ലകളിലെ സ്കൂളുകളിൽ നടത്തിയ ക്വിസ് മത്സരത്തിലെ വിവാദവുമായി ബന്ധപ്പെട്ട് ചോദ്യാവലി തയാറാക്കിയ അധ്യാപകനെ സസ്പെൻഡ് ചെയ്തു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് സസ്പെന്ഡ് ചെയ്തത്. കുമ്പള ഉപജില്ലയിലെ എ യുപിഎസ് പള്ളത്തടുക്കയിലെ അധ്യാപകനായ ഗുരു പ്രസാദിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
ഓഗസ്റ്റ് 6 ന് കാസർകോട്, കുമ്പള, മഞ്ചേശ്വരം ഉപ ജില്ലകളിലെ സ്കൂളുകളിൽ ഫ്രീഡം ക്വിസ് എന്ന പേരിൽ സംഘടിപ്പിച്ച ക്വിസ് മത്സരത്തിലാണ് ചരിത്രത്തിൻ്റെ പിൻബലമില്ലാത്ത തെറ്റിദ്ധാരണ പരത്തുന്ന രീതിയുള്ള ചോദ്യം ഉൾപ്പെടുത്തിയത്. സ്കൂൾ ക്വിസിൽ വി ഡി സവർക്കറെ പുകഴ്ത്തി ചോദ്യം തയാറാക്കിയതാണ് വിവാദത്തിന് വഴി തെളിച്ചത്.
എൽപി വിദ്യാർഥികൾക്കായി തയാറാക്കിയ ക്വിസിൻ്റെ ചോദ്യാവലിയിലാണ് വിവാദമായ ചോദ്യോത്തരം ഉൾപ്പെട്ടത്. ബ്രിട്ടീഷുകാരുടെ കൈയിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി ആരെന്ന ചോദ്യത്തിന് വി ഡി സവർക്കർ എന്നാണ് ചോദ്യാവലിയിൽ ഉത്തരം നൽകിയിരിക്കുന്നത്. ഇത്തരത്തിൽ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള ചോദ്യപ്പേപ്പർ തയാറാക്കിയത് വളരെ ഗൗരവമുള്ളതാണെന്ന അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
മഞ്ചേശ്വരം, കുമ്പള, കാസർകോട് എന്നീ മൂന്ന് ഉപജില്ലകളിലെയും സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷൻ ചുമതലയുള്ള അധ്യാപകർ ചേർന്നാണ് ചോദ്യാവലി തയാറാക്കിയത്. സംഭവം വിവാദമായതോടെ പരിശോധിക്കുമെന്ന് ഡിഡിഇ അറിയിച്ചിരുന്നു. ചോദ്യാവലി തയാറാക്കിയതുമായി ബന്ധപ്പെട്ട വിഷയവും അതിലെ ഉള്ളടക്കവും പരിശോധിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിരുന്നത്.
ഓഗസ്റ്റ് 6ന് ഉപ ജില്ലകളിലെ സ്കൂളുകളിൽ ഫ്രീഡം ക്വിസ് എന്ന പേരിൽ സംഘടിപ്പിച്ച ക്വിസ് മത്സരം സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെയോ വിദ്യാഭ്യാസ വകുപ്പിൻ്റെയോ പ്രവർത്തന കലണ്ടറിൽ തീരുമാനിക്കാത്ത പരിപാടിയാണ്. ഇതുപോലെ പ്രദേശികമായി അനൗദ്യോഗികമായി ചോദ്യങ്ങൾ നിർമിച്ച് മത്സരം നടത്താൻ വിദ്യാഭ്യാസ വകുപ്പും സാമൂഹ്യ ശാസ്ത്ര ക്ലബ്ബും ആരെയും ചുമതലപ്പെട്ടുത്തിയിട്ടുമില്ല.
ഈ പശ്ചാത്തലത്തിൽ ചരിത്രത്തിൻ്റെ പിൻബലമില്ലാത്ത തെറ്റായ ചോദ്യങ്ങൾ ഉൾപ്പെടുത്തിയത് ദോഷൈകദൃഷ്ടിയുള്ളവരാണ്. ഇത്തരത്തിൽ തെറ്റായ ചോദ്യം തയാറാക്കി മത്സരം നടത്തിയത് ആരെന്ന് അന്വേഷണം നടത്തി കണ്ടു പിടിച്ച്, അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രിയുടെ ഓഫീസിൽനിന്ന് അറിയിച്ചിരുന്നു.
സംഭവത്തിൽ പ്രതിഷേധവുമായി എസ്എഫ്ഐ രംഗത്തെത്തിയിരുന്നു. സംഘപരിവാറിന് സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിത്തമുണ്ടാക്കാൻ യുഡിഎഫ് സർക്കാർ ശ്രമിക്കുകയാണെന്ന് എസ്എഫ്ഐ ആരോപിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR