മനുഷ്യ മസ്തിഷ്കത്തിലെ സങ്കീർണമായ രക്തക്കുഴലുകളുടെ ശാഖകളും ഘടനയും വിശകലനം ചെയ്യാൻ പ്രത്യേകം രൂപകൽപ്പന ചെയ്ത എഐ സാങ്കേതികവിദ്യയുമായി കുസാറ്റ് ഗവേഷകർ
Ernakulam , 01 സെപ്റ്റംബര് (H.S.) മസ്തിഷ്കത്തിലുണ്ടാകുന്ന രക്തക്കുഴൽ വീക്കം അഥവാ ''സെറിബ്രൽ അന്യൂറിസം'' അതീവ കൃത്യതയോടെ മുൻകൂട്ടി തിരിച്ചറിയാൻ അനാട്ടമിക്കൽ മാതൃകയിലുള്ള പുതിയ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) സാങ്കേതികവിദ്യ വികസിപ്പിച്ച് കൊച്ചി ശാസ്ത
CUSAT RESEARCHERS AI TECHNOLOGY


Ernakulam , 01 സെപ്റ്റംബര് (H.S.)

മസ്തിഷ്കത്തിലുണ്ടാകുന്ന രക്തക്കുഴൽ വീക്കം അഥവാ 'സെറിബ്രൽ അന്യൂറിസം' അതീവ കൃത്യതയോടെ മുൻകൂട്ടി തിരിച്ചറിയാൻ അനാട്ടമിക്കൽ മാതൃകയിലുള്ള പുതിയ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) സാങ്കേതികവിദ്യ വികസിപ്പിച്ച് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഗവേഷകർ. മെഡിക്കൽ ഡയഗ്നോസ്റ്റിക് രംഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങൾക്ക് വഴിവെക്കുന്നതാണ് ഈ പുതിയ നേട്ടം.

കുസാറ്റ് കമ്പ്യൂട്ടർ സയൻസ് വകുപ്പിലെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആൻഡ് കമ്പ്യൂട്ടർ വിഷൻ ലാബിലെ വിദഗ്ധ സംഘമാണ് ഈ നിർണായക പഠനത്തിന് പിന്നിൽ പ്രവർത്തിച്ചത്. പ്രൊഫ. ഡോ. മധു എസ്. നായരുടെ മേൽനോട്ടത്തിൽ ഗവേഷകരായ കീർത്തി എ എസ് പിള്ള, പ്രീന കെ പി എന്നിവർ ചേർന്നാണ് നിർദിഷ്ട അൽഗോരിതം തയ്യാറാക്കിയത്.

നിലവിലുള്ള പരമ്പരാഗത പരിശോധനാ രീതികൾ വഴി മസ്തിഷ്ക ധമനികളിലെ പ്രാരംഭ ഘട്ടത്തിലുള്ള ചെറിയ വീക്കങ്ങൾ കണ്ടെത്താൻ റേഡിയോളജിസ്റ്റുകൾക്കോ ഡോക്ടർമാർക്കോ എളുപ്പത്തിൽ സാധിക്കാറില്ല. എന്നാൽ തങ്ങൾ വികസിപ്പിച്ചെടുത്ത എഐ അധിഷ്ഠിതമായ പുതിയ സാങ്കേതിക വിദ്യയിലൂടെ അതിസൂക്ഷ്മമായ ധമനി വീക്കങ്ങൾ പോലും വളരെ എളുപ്പത്തിൽ കണ്ടെത്താൻ കഴിയുമെന്ന് പ്രൊഫ. ഡോ. മധു എസ് നായർ പറഞ്ഞു. മാഗ്നറ്റിക് റെസൊണൻസ് ആഞ്ചിയോഗ്രഫി (എംആർഎ) പരിശോധനയിലൂടെ ലഭിക്കുന്ന വിവരങ്ങളാണ് ഈ വിശകലനത്തിനായി ഉപയോഗിക്കുന്നത്. മനുഷ്യ മസ്തിഷ്കത്തിലെ സങ്കീർണമായ രക്തക്കുഴലുകളുടെ ശാഖകളും ഘടനയും വിശകലനം ചെയ്യാൻ പ്രത്യേകം രൂപകൽപ്പന ചെയ്ത എഐ സാങ്കേതികവിദ്യയാണിത്.

ഗ്രാഫ് ന്യൂറൽ നെറ്റ്വർക്ക് (ജിഎൻഎൻ) എന്ന നൂതന ഡീപ് ലേണിങ് സാങ്കേതികവിദ്യയാണ് ഈ അൽഗോരിതത്തിൻ്റെ അടിസ്ഥാനം. സങ്കീർണമായ ഡാറ്റാ ഘടനകളെയും അവ തമ്മിലുള്ള പരസ്പ്പരബന്ധങ്ങളെയും കൃത്യമായി അപഗ്രഥിക്കാൻ ഇതിന് പ്രത്യേക ശേഷിയുണ്ട്. മസ്തിഷ്കത്തിലെ രക്തക്കുഴലുകളുടെ സ്വാഭാവിക ശരീരഘടനാപരമായ സവിശേഷതകൾ നേരിട്ട് എഐ മോഡലിൻ്റെ ഭാഗമാക്കി മാറ്റിയാണ് ഗവേഷണം നടത്തിയത്. ഇതിലൂടെ സെറിബ്രൽ അന്യൂറിസവുമായി ബന്ധപ്പെട്ട സങ്കീർണമായ രക്തക്കുഴൽ വ്യതിയാനങ്ങളും വലിപ്പവ്യത്യാസങ്ങളും അതിവേഗം വേർതിരിച്ചറിയാൻ സാധിക്കും.

രോഗനിർണയ രംഗത്ത് അന്താരാഷ്ട്രതലത്തിൽ പ്രശസ്തമായ മെഡിക്കൽ ഇമേജ് കമ്പ്യൂട്ടിങ് ആൻഡ് കമ്പ്യൂട്ടർ അസിസ്റ്റഡ് ഇൻ്റർവെൻഷൻ (എംഐസിസിഎഐ) സമ്മേളനത്തിൽ നിന്നുള്ള ഡാറ്റാസെറ്റുകളാണ് ഈ ഗവേഷണത്തിനായി പ്രയോജനപ്പെടുത്തിയത്.

അന്താരാഷ്ട്ര തലത്തിൽ ശാസ്ത്രീയ അംഗീകാരം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയേഴ്സ് പ്രസിദ്ധീകരിക്കുന്ന 'ട്രാൻസാക്ഷൻ ഓൺ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്' എന്ന പ്രമുഖ അന്താരാഷ്ട്ര സയൻ്റിഫിക് ജേണലിൽ പ്രബന്ധം പ്രസിദ്ധീകരിച്ചതോടെ ഈ കണ്ടെത്തലിന് അന്താരാഷ്ട്ര തലത്തിൽ ശാസ്ത്രീയ അംഗീകാരം ലഭിച്ചു.

സ്ട്രോക്ക് വരുന്നത് തടയാൻ കൃത്യസമയത്ത് ചികിത്സകൾ ആരംഭിക്കാനും മസ്തിഷ്ക ധമനി വീക്കം നേരത്തെ നിർണയിക്കുന്നതിലൂടെ സാധിക്കുമെന്ന് ഡോ. മധു എസ് നായർ കൂട്ടിച്ചേർത്തു. ഭാവിയിൽ രോഗനിർണയം കൂടുതൽ വേഗത്തിലാക്കാനും ലളിതമായ രീതിയിൽ ചികിത്സ ആസൂത്രണം നടത്താനും ഈ നൂതന സാങ്കേതികവിദ്യ മെഡിക്കൽ മേഖലയെ സഹായിക്കും. അതേസമയം, തുടർന്നും നിരവധി പഠനങ്ങളും ക്ലിനിക്കൽ പരിശോധനകളും പൂർത്തിയാക്കിയാൽ മാത്രമേ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെയുള്ള ഈ സാങ്കേതിക വിദ്യ നമ്മുടെ ചികിത്സ സംവിധാനങ്ങളുടെ ഭാഗമാക്കാൻ കഴിയുകയുള്ളൂ.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News